Connect with us

National

ബിൽക്കീസ് ബാനു കേസ്: പ്രതികളെ വിട്ടയച്ചത് കേന്ദ്രത്തിന്റെ അനുമതിയോടെയെന്ന് ഗുജറാത്ത് സർക്കാർ സുപ്രീം കോടതിയിൽ

പ്രതികളുടെ 'നല്ല പെരുമാറ്റ'ത്തിന്റെ പേരിൽ അവരെ മോചിപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയതായി ഗുജറാത്ത് സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

Published

|

Last Updated

ന്യൂഡൽഹി | ബിൽക്കിസ് ബാനു കൂട്ട ബലാത്സംഗ കേസിലെ ജീവപര്യന്തം തടവുകാരായ 11 പ്രതികളെ വിട്ടയച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെയെന്ന് ഗുജറാത്ത് സർക്കാർ സുപ്രീം കോടതിയിൽ. പ്രതികളുടെ ‘നല്ല പെരുമാറ്റ’ത്തിന്റെ പേരിൽ അവരെ മോചിപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയതായി ഗുജറാത്ത് സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

11 പ്രതികൾ ശിക്ഷാ കാലാവധിയുടെ 14 വർഷം പൂർത്തിയാക്കിയെന്നും അവരുടെ പെരുമാറ്റം നല്ലതാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിട്ടയച്ചതെന്നും സത്യവാങ്മൂലത്തിലുണ്ട്. എന്നാൽ, പ്രതികളുടെ മോചനത്തെ മുംബൈ സിബിഐ പോലീസ് സൂപ്രണ്ടും സിബിഐ പ്രത്യേക ജഡ്ജിയും എതിർത്തതായും സത്യവാങ്മൂലത്തിൽ പറയുന്നു.

ഗുജറാത്ത് സർക്കാർ ജീവപര്യന്തം ശിക്ഷയിൽ നിന്ന് ഇളവ് അനുവദിച്ചതിനെത്തുടർന്ന് ഓഗസ്റ്റ് 15നാണ് 11 പ്രതികളും ജയിൽ മോചിതരായത്. ഗോധ്ര സബ് ജയിലിലായിരുന്നു ഇവർ തടവിൽ കഴിഞ്ഞിരുന്നത്.

ഗുജറാത്ത് വംശഹത്യക്കിടെ ദാഹോദ് ജില്ലയിലെ ലിംഖേഡ താലൂക്കിൽ 2002 മാർച്ച് 3-നാണ് ബിൽക്കിസ് ബാനു കൂട്ടബലാത്സംഗത്തിനിരയാക്കപ്പെട്ടത്. ഗർഭിണിയായ അവരുടെ മൂന്ന് വയസ്സുകാരി മകൾ സലേഹ ഉൾപ്പെടെ 14 പേരെ ആൾക്കൂട്ടം കൊലപ്പെടുത്തുകയും ചെയ്തു. ഇത്രയും ക്രൂരമായ കേസിലെ പ്രതികളെയാണ് ‘നല്ല പെരുമാറ്റ’ത്തിന്റെ പേരിൽ വിട്ടയക്കാൻ കേന്ദ്രം അനുമതി നൽകിയത്.