National
ബില്‍കിസ് ബാനു കേസ്:ഹരജി പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ചു
ഹരജി തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും.
ന്യൂഡല്‍ഹി| ബില്‍കിസ് ബാനു കേസിലെ പ്രതികളെ ജയില്‍ മോചിതരാക്കിയതിനെതിരായ ഹരജികള്‍ പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ചു. ജസ്റ്റിസ് കെഎം ജോസഫ്, ജസ്റ്റിസ് ബിവി നഗരത്ന എന്നിവരടങ്ങുന്നതാണ് ബെഞ്ച്. ഹരജി തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും.
ജഡ്ജി നിയമനം ഉള്‍പ്പെടെ പല ഘട്ടങ്ങളിലും കേന്ദ്രസര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച ജസ്റ്റിസ് കെഎം ജോസഫ്, ജസ്റ്റിസ് ബിവി നഗരത്ന എന്നിവര്‍ അടങ്ങുന്ന ബെഞ്ചാണ് ബില്‍ക്കിസ് ബാനുവിന്റെ ഹരജികള്‍ പരിഗണിക്കുക.
2002ലെ ഗുജറാത്ത് വംശഹത്യക്കിടെ കൂട്ട ബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 11 കുറ്റവാളികളെയാണ് കഴിഞ്ഞ ആഗസ്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ചത്. കുറ്റവാളികള്‍ 15 വര്‍ഷത്തിലധികം ജയിലില്‍ കഴിഞ്ഞെന്നും നല്ലനടപ്പായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു മോചനം. ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന പ്രതികളുടെ അഭ്യര്‍ത്ഥന മാനിച്ച് ഒരു കമ്മറ്റി രൂപീകരിക്കുകയും 11 പ്രതികളെയും വിട്ടയക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.
നടപടിക്കെതിരായി സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കണമെന്ന ബില്‍കിസ് ബാനുവിന്റെ അഭിഭാഷക ശോഭ ഗുപ്തയുടെ ആവശ്യം പലതവണ മാറ്റിവെച്ച ശേഷം ബുധനാഴ്ചയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അംഗീകരിച്ചത്. കുറ്റവാളികളുടെ മോചനം ചോദ്യം ചെയ്തുള്ള ഹരജിക്ക് പുറമേ, 2002 മെയ് 13ലെ സുപ്രീംകോടതി ഉത്തരവ് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടും പ്രത്യേക ഹരജി സമര്‍പ്പിച്ചിരുന്നു.
കഴിഞ്ഞ ജനുവരി 4ന് പ്രതികളെ വിട്ടയച്ചതിനെതിരായ ഹരജി പരിഗണിക്കുന്ന ബെഞ്ചില്‍ നിന്നും ജസ്റ്റിസ് ബെല എം ത്രിവേദി പിന്മാറിയിരുന്നു. 2004-2006 വരെ ഗുജറാത്ത് സര്‍ക്കാരിന്റെ നിയമ സെക്രട്ടറി ആയിരുന്നു ബെല എം ത്രിവേദി, ഈ സാഹചര്യത്തിലാണ് പിന്മാറ്റം.