National
ബില്‍ക്കിസ് ബാനു കേസ്: പ്രതികളെ മോചിപ്പിച്ചതിനെതിരായ പുനപ്പരിശോധനാ ഹരജി സുപ്രീം കോടതി തള്ളി
പഴയ വിധി പുനപ്പരിശോധിക്കാന്‍ കാരണമില്ലെന്ന് പറഞ്ഞാണ് ഹരജി സുപ്രീം കോടതി തള്ളിയത്.
ന്യൂഡല്‍ഹി | കൂട്ടബലാത്സംഗ കേസില്‍ ബില്‍ക്കിസ് ബാനുവിന്റെ പുനപ്പരിശോധനാ ഹരജി തള്ളിയ ഉത്തരവിലെ വിശദാംശങ്ങള്‍ പുറത്ത്. പഴയ വിധി പുനപ്പരിശോധിക്കാന്‍ കാരണമില്ലെന്ന് പറഞ്ഞാണ് ഹരജി സുപ്രീം കോടതി തള്ളിയത്. നേരത്തെയുള്ള വിധിയില്‍ പിഴവുണ്ടായിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. കേസിലെ പ്രതികളെ മോചിപ്പിച്ചതിന് എതിരെയായിരുന്നു ഹരജി. ജസ്റ്റിസുമാരായ അജയ് രസ്തോഗി, വിക്രം നാഥ് എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് ഹരജി തള്ളിയത്.
മോചനം ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ അപേക്ഷ പരിഗണിക്കാന്‍ മെയ് 13 ന് ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ബില്‍ക്കിസ് ബാനു നല്‍കിയ പുനപ്പരിശോധനാ ഹരജിയാണ് തള്ളിയത്.
2002ല്‍ ഗുജറാത്ത് കലാപത്തിനിടെ ബില്‍ക്കിസ് ബാനുവിനെ പീഡിപ്പിക്കുകയും കുടുംബാംഗങ്ങളെ കൂട്ടക്കൊല നടത്തുകയും ചെയ്ത കേസിലെ 11 പ്രതികളെ ഈ വര്‍ഷം ആഗസ്റ്റ് 15നാണ് ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ചത്.