Connect with us

bilkis banu case

ബില്‍ക്കീസ് ബാനു കേസ്: ഗുജറാത്ത് സര്‍ക്കാറിന് സുപ്രീം കോടതി നോട്ടീസ്

വിട്ടയച്ച 11 പ്രതികളെ കേസില്‍ കക്ഷിചേര്‍ക്കാന്‍ കോടതി നിര്‍ദേശം

Published

|

Last Updated

ന്യൂഡല്‍ഹി | ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗ കേസില്‍ ഗുജറാത്ത് സര്‍ക്കാറിന് സുപ്രീം കോടതി നോട്ടീസ്. വിട്ടയച്ച 11 പ്രതികളെ കേസില്‍ കക്ഷിചേര്‍ക്കാനും കോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കുറ്റവാളികളെ വിട്ടയക്കാനുള്ള നിയമപരമായ അധികാരം ഗുജറാത്ത് സര്‍ക്കാറിനുണ്ടോയെന്ന് പരിശോധിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. ഇത് സംബന്ധിച്ച മറുപടി നല്‍കാനാണ് ഗുജറാത്ത് സര്‍ക്കാറിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.

പ്രതികളെ ജയില്‍ മോചിതരാക്കിയ ഗുജറാത്ത് സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് സി പി എം നേതാവ് സുഭാഷിണി അലിയുടെ നേതൃത്വത്തില്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നിര്‍ദേശം.

കഴിഞ്ഞ ആഴ്ചയാണ് ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗവും കൊലപാതകവും നടത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട 11 പേരെ ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിച്ചത്. 2008ല്‍ മുംബൈ സി ബി ഐ കോടതിയാണ് കേസിലെ പ്രതികളായ 11 പേര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ജയിലില്‍ 15 വര്‍ഷം പൂര്‍ത്തിയായെന്നും വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് പ്രതികളിലൊരാള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സുപ്രീം കോടതി ഗുജറാത്ത് സര്‍ക്കാരിന് നിര്‍ദേശം നല്‍കി. തുടര്‍ന്നാണ് ഇവരെ വിട്ടയയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

2002ലെ ഗുജറാത്ത് വംശഹത്യക്കിടെയാണ് അഞ്ച് മാസം ഗര്‍ഭിണിയായിരുന്ന ബില്‍ക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ ഏഴ് പേരെ കൊലപ്പെടുത്തുകയും ചെയ്തത്. കുടുംബത്തിലെ ആറു പേര്‍ ഓടി രക്ഷപ്പെട്ടു. 2004ലാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. അഹമ്മദാബാദിലാണ് വിചാരണ ആരംഭിച്ചത്. 2008 ജനുവരി 21-ന് പ്രത്യേക സി ബി ഐ കോടതി പതിനൊന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് വിധിച്ചു.ഗര്‍ഭിണിയായ സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ ഗൂഢാലോചന, കൊലപാതകം, നിയമവിരുദ്ധമായി സംഘം ചേരല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ഇവരെ ശിക്ഷിച്ചത്.

 

 

Latest