Connect with us

National

ബില്‍കീസ് ബാനു കേസ്:പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്ന് സുപ്രീംകോടതി

പ്രതികളെ ജയില്‍ മോചിതരാക്കിയതിനെതിരായ ഹരജി പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്ന് സുപ്രീംകോടതി.

Published

|

Last Updated

ന്യൂഡല്‍ഹി| ബില്‍കീസ് ബാനു കേസിലെ പ്രതികളെ ജയില്‍ മോചിതരാക്കിയതിനെതിരായ ഹരജി പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ടി.വൈ ചന്ദ്രചൂഢ് ആണ് പ്രത്യേക ബെഞ്ച് രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കിയത്. കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് ബേല എം. ത്രിവേദി പിന്മാറിയ സാഹചര്യത്തിലാണ് പുതിയ ബെഞ്ച് രൂപീകരിക്കാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശം നല്‍കിയത്.

കുറ്റവാളികളെ വിട്ടയച്ചതിനെതിരെ ടി.എം.സി എം.പി മൊഹുവ മൊയ്ത്ര അടക്കമുള്ളവര്‍ കോടതിയെ സമീപിച്ചിരുന്നു. 2002ലെ ഗുജറാത്ത് വംശഹത്യക്കിടെ കൂട്ട ബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 11 കുറ്റവാളികളെയാണ് കഴിഞ്ഞ ആഗസ്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ചത്. കുറ്റവാളികള്‍ 15 വര്‍ഷത്തിലധികം ജയിലില്‍ കഴിഞ്ഞെന്നും നല്ലനടപ്പായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു മോചനം. ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന പ്രതികളുടെ അഭ്യര്‍ത്ഥന മാനിച്ച് ഒരു കമ്മറ്റി രൂപീകരിക്കുകയും 11 പ്രതികളെയും വിട്ടയക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

ഈ വിധിക്കെതിരെ നല്‍കിയ പുന:പരിശോധന ഹരജി കോടതി തള്ളിയിരുന്നു. ഗുജറാത്ത് കലാപത്തിനിടെ 2002 മാര്‍ച്ച് മൂന്നിനായിരുന്നു ബില്‍ക്കീസ് ബാനുവിനെതിരെ കലാപകാരികളുടെ ആക്രമണമുണ്ടായത്. അഞ്ച് മാസം ഗര്‍ഭിണിയായിരുന്ന ബില്‍ക്കീസിനെ അക്രമികള്‍ ക്രൂരമായി ബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ ഏഴ് സ്ത്രീകളെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുകയും ചെയ്തു.

 

 

 

Latest