Connect with us

National

ബില്‍ക്കീസ് ബാനു കേസ്: പ്രതികളെ വിട്ടയച്ചതിനെതിരെ സുപ്രീം കോടതിയില്‍ ഹരജി

സി പി എം നേതാവ് സുഭാഷിണി അലിയും മറ്റു രണ്ടു പേരുമാണ് ഹരജിയുമായി കോടതിയെ സമീപിച്ചത്

Published

|

Last Updated

ന്യൂഡല്‍ഹി |  ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗവും കൊലപാതകവും നടത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട 11 പേരെ ജയില്‍ മോചിതരാക്കിയ ഗുജറാത്ത് സര്‍ക്കാര്‍ നടപടിക്ക് എതിരെ സുപ്രീം കോടതിയില്‍ ഹരജി. സി പി എം നേതാവ് സുഭാഷിണി അലിയും മറ്റു രണ്ടു പേരുമാണ് ഹരജിയുമായി കോടതിയെ സമീപിച്ചത്. ഹരജി അടിയന്തിരമായി കേള്‍ക്കണമെന്ന് അഭിഭാഷകന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനോട് ആവശ്യപ്പെട്ടു. പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് മറുപടി നല്‍കി.

കഴിഞ്ഞ ആഴ്ചയാണ് ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗവും കൊലപാതകവും നടത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട 11 പേരെ ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിച്ചത്. 2008ല്‍ മുംബൈ സിബിഐ കോടതിയാണ് കേസിലെ പ്രതികളായ 11 പേര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ജയിലില്‍ 15 വര്‍ഷം പൂര്‍ത്തിയായെന്നും വിട്ടയയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതികളിലൊരാള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സുപ്രീം കോടതി ഗുജറാത്ത് സര്‍ക്കാരിന് നിര്‍ദേശം നല്‍കി. തുടര്‍ന്നാണ് ഇവരെ വിട്ടയയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

2002 മാര്‍ച്ചില്‍ ഗോധ്ര സംഭവത്തിന് ശേഷമുണ്ടായ കലാപത്തിനിടെയാണ് അഞ്ച് മാസം ഗര്‍ഭിണിയായിരുന്ന ബില്‍ക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ 7 പേരെ കൊലപ്പെടുത്തുകയും ചെയ്തത്. കുടുംബത്തിലെ ആറു പേര്‍ ഓടി രക്ഷപ്പെട്ടു. 2004ലാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. അഹമ്മദാബാദിലാണ് വിചാരണ ആരംഭിച്ചത്. 2008 ജനുവരി 21-ന് പ്രത്യേക സിബിഐ കോടതി പതിനൊന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് വിധിച്ചു.ഗര്‍ഭിണിയായ സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ ഗൂഢാലോചന, കൊലപാതകം, നിയമവിരുദ്ധമായി സംഘം ചേരല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ഇവരെ ശിക്ഷിച്ചത്.