Kerala
ബിനീഷ് കോടിയേരി തിരുവനന്തപുരത്തെത്തി; ഇ ഡിക്കെതിരെ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയേക്കും
തിരുവനന്തപുരം | ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ജയില്‍ മോചിതനായ ബിനീഷ് കോടിയേരി തിരുവനന്തപുരത്ത് എത്തി. രാവിലെ പത്തരയോടെ ബെംഗളൂരുവില്‍ നിന്നുള്ള വിമാനത്തിലാണ് ബിനീഷ് എത്തിയത്. ആദ്യം അച്ഛനെയും അമ്മയെയും ഒന്നു കാണട്ടെ, ബാക്കി എന്നിട്ട് പറയാമെന്നായിരുന്നു വിമാനത്താവളത്തില്‍ ഇറങ്ങിയ ബിനീഷിന്റെ ആദ്യ പ്രതികരണം. ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടെന്നും എല്ലാം പറയാമെന്നും ബിനീഷ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. വൈകിയാണെങ്കിലും നീതി ലഭിച്ചു. അതിന് കോടതിയോട് നന്ദിയുണ്ട്. ഇത്രയും കാലം ജയിലില്‍ കിടക്കേണ്ടി വന്നത് ഭീഷണിക്ക് വഴങ്ങാത്തതിനാലാണെന്നും സത്യം എല്ലാ കാലത്തും മറച്ചുവക്കാനാകില്ലെന്നും ബിനീഷ് പറഞ്ഞു.
ഒരു വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷമാണ് ബിനീഷ് പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ജാമ്യക്കാരെ ഹാജരാക്കാന്‍ വൈകിയതിനാലാണ് ബിനീഷിന് വെള്ളിയാഴ്ച പുറത്തിറങ്ങാന്‍ കഴിയാതിരുന്നത്. അഞ്ച് ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യം ഉള്‍പ്പെടെ കര്‍ശന ഉപാധികളോടെയാണ് ബിനീഷിന് ജാമ്യം ലഭിച്ചത്. നിബന്ധനകള്‍ കര്‍ശനമാണെന്നതിനാല്‍ ജാമ്യം നില്‍ക്കാന്‍ ഏറ്റിരുന്നവര്‍ പിന്മാറുകയായിരുന്നു. തുടര്‍ന്ന് പുതിയ ജാമ്യക്കാരെ ഹാജരാക്കാന്‍ എത്തിച്ചപ്പോഴേക്കും അന്ന് കോടതി സമയം കഴിയുകയും ചെയ്തു.
ബി ജെ പിയാണ് തനിക്കെതിരായ കേസിന് പിന്നിലെന്നും രാഷ്ട്രീയ വേട്ടയാടലാണ് ഇ ഡി തനിക്കെതിരെ നടത്തിയതെന്നും ബിനീഷ് ആരോപിച്ചിരുന്നു. സത്യം ജയിക്കുമെന്നും കേരളത്തില്‍ എത്തിയ ശേഷം കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും ബിനീഷ് പറഞ്ഞിരുന്നു. തന്നെ കൊണ്ട് പലരുടെയും പേര് പറയിപ്പിക്കാന്‍ ശ്രമിച്ചു. പിടിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട കാര്യങ്ങളല്ല ചോദിച്ചതെന്നും ഭരണകൂടത്തിന് അനഭിമതനായതു കൊണ്ടാണ് വേട്ടയാടപ്പെടുന്നതെന്നും ബിനീഷ് പറഞ്ഞു.