Connect with us

From the print

ദഫ്മുട്ടാചാര്യൻ ഉസ്താദ് കാപ്പാട് അഹ്‌മദ് കുട്ടി മുസ്‌ലിയാരുടെ ജീവചരിത്രം ഇനി പാഠ്യവിഷയം

മുസ്‌ലിം വീടുകളിലും പള്ളികളിലും മാത്രം ഒതുങ്ങിനിന്ന ദഫ്മുട്ട് എന്ന അനുഷ്ഠാന കലയെ 1977ൽ പൊതുവേദികളിലേക്ക് എത്തിച്ചതും 1992ൽ സംസ്ഥാന സ്‌കൂൾ കലോത്സവ മാനുവലിൽ എത്തിച്ചതും അഹ്‌മദ് കുട്ടി മുസ്‌ലിയാരുടെ പ്രയത്‌നഫലമായിരുന്നു.

Published

|

Last Updated

കോഴിക്കോട് | ദഫ്മുട്ടിനുള്ള അംഗീകാരമായി ദഫ്മുട്ടാചാര്യൻ ഉസ്താദ് കാപ്പാട് അഹ്‌മദ് കുട്ടി മുസ്‌ലിയാരുടെ ജീവചരിത്രം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ്. ഏഴാം ക്ലാസ്സിലെ കലാവിദ്യാഭ്യാസം ആക്ടിവിറ്റി പുസ്തകത്തിലാണ് പുതുതലമുറയെ ഉത്തേജിപ്പിക്കുന്ന അദ്ദേഹത്തിന്റെ ജീവചരിത്രമുള്ളത്.

വിഷ ചികിത്സകനും പണ്ഡിതനും രിഫാഈ സൂഫീസരണിയുടെ പ്രചാരകനുമായിരുന്ന യമനീ പരമ്പരയിൽപ്പെട്ട ദഫ്മുട്ട് കുലപതി ഇമ്പിച്ചി അഹമ്മദ് മുസ്‌ലിയാരുടെയും ആലസ്സം വീട്ടിൽ ഹലീമയുടെയും മകനായ ഉസ്താദ് കാപ്പാട് അഹ്‌മദ് കുട്ടി മുസ്‌ലിയാർ 1921 ഒക്‌ടോബർ 26നാണ് ജനിച്ചത്. കേരളത്തിലെ ദഫ്മുട്ട് കലയുടെ പോറ്റില്ലമായി അറിയപ്പെടുന്ന തറവാടാണ് കാപ്പാട് ആലസ്സം വീട്. ഈ വീടുമായി ബന്ധപ്പെട്ട് കിടക്കുന്ന ദഫിന്റെ താളത്തിന് 143 വർഷത്തെ കണ്ണിമുറിയാത്ത പാരമ്പര്യമുണ്ട്. തന്റെ പത്താം വയസ്സിൽ പിതാവിൽ നിന്ന് തന്നെയാണ് ഉസ്താദ് ദഫിന്റെ ബാലപാഠം മനസ്സിലാക്കുന്നതും പരിശീലിക്കുന്നതും. മുസ്‌ലിം വീടുകളിലും പള്ളികളിലും മാത്രം ഒതുങ്ങിനിന്ന ദഫ്മുട്ട് എന്ന അനുഷ്ഠാന കലയെ 1977ൽ പൊതുവേദികളിലേക്ക് എത്തിച്ചതും 1992ൽ സംസ്ഥാന സ്‌കൂൾ കലോത്സവ മാനുവലിൽ എത്തിച്ചതും അഹ്‌മദ് കുട്ടി മുസ്‌ലിയാരുടെ പ്രയത്‌നഫലമായിരുന്നു. 1978ലെ കേരള സംഗീത നാടക അക്കാദമി അവാർഡ്, 1983ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയിൽ നിന്ന് പ്രത്യേക പുരസ്‌കാരം, 2002ലെ കേരള ഫോക്‌ലോർ അക്കാദമി അവാർഡ്, 2006ലെ കേരള ഫോക്‌ലോർ അക്കാദമി ഫെല്ലോഷിപ്പ് തുടങ്ങി നിരവധി അംഗീകാരങ്ങൾ ഉസ്താദിനെ തേടിയെത്തിയിട്ടുണ്ട്. 2014 മാർച്ച് 14 വെള്ളിയാഴ്ച 93ാം വയസ്സിൽ ഈ ലോകത്തോട് വിട പറഞ്ഞു. കാപ്പാട് മഖാം പള്ളിയുടെ മുൻഭാഗത്ത് ഉസ്താദിന്റെ ഖബർ സ്ഥിതി ചെയ്യുന്നു.

ജീവിതം മുഴുവൻ ദഫ്മുട്ടെന്ന കലാരൂപത്തിന് വേണ്ടി സമർപ്പിച്ച ഉസ്താദിന്റെ ജീവചരിത്രം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയത് ദഫ്മുട്ടിനും ആലസ്സം വീടിനും കിട്ടിയ വലിയ അംഗീകാരമാണെന്ന് മകനും കേരള ഫോക്‌ലോർ അക്കാദമി വൈസ് ചെയർമാനും നോളജ് സിറ്റി മലബാർ സെന്റർ ഫോർ ഫോക്‌ലോർ സ്റ്റഡീസ് ഡയറക്ടറുമായ ഡോ. കോയ കാപ്പാട് പറഞ്ഞു. അഹ്‌മദ് കുട്ടി മുസ്‌ലിയാരുടെ ജീവിതം പുതുതലമുറക്ക് പാഠമാണെന്നും അദ്ദേഹം പറഞ്ഞു.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

Latest