Kerala
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതകഥ; സിനിമ ഉപേക്ഷിച്ചതായി ആഷിക് അബുവും സംഘവും
കൊച്ചി | വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പ്രമേയമാക്കി പ്രഖ്യാപിച്ച സിനിമ ഉപേക്ഷിച്ചതായി അണിയറ പ്രവര്‍ത്തകര്‍. മലബാര്‍ സമരത്തിന്റെ നൂറാം വാര്‍ഷികത്തില്‍ ചിത്രീകരണം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച സിനിമയില്‍ നിന്ന് സംവിധായകന്‍ ആഷിക് അബുവും നടന്‍ പൃഥ്വിരാജും പിന്‍മാറി. 2020 ജൂണിലായിരുന്നു സിനിമയുടെ പ്രഖ്യാപനം.
നിര്‍മ്മാതാവുമായുള്ള തര്‍ക്കമാണ് പിന്മാറ്റത്തിനു കാരണമെന്ന് ആഷിക് അബു മാധ്യമങ്ങളോട് പറഞ്ഞു. കോംപസ് മൂവീസ് ലിമിറ്റഡിന്റെ ബാനറില്‍ സിക്കന്തര്‍, മൊയ്തീന്‍ എന്നിവര്‍ നിര്‍മ്മിക്കുന്നുവെന്നാണ് പ്രഖ്യാപിച്ചിരുന്നത്. ആഷിക് അബുവിനും നിര്‍മ്മാണ പങ്കാളിത്തമുണ്ടായിരുന്നു.
സിനിമ പ്രഖ്യാപനത്തിന് പിന്നാലെ ആഷിക് അബുവിനും പൃഥ്വിരാജിനുമെതിരെ വ്യാപകമായ രീതിയില്‍ സൈബര്‍ ആക്രമണം നടന്നിരുന്നു. സംഘ്പരിവാര്‍ കേന്ദ്രങ്ങളാണ് സിനിമയെ എതിര്‍ത്തിത്ത് രംഗത്ത് വന്നത്. ഇതിന് പിന്നാലെ സംഘ് കേന്ദ്രങ്ങളുടെത് ഉള്‍പ്പെടെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കേന്ദ്ര കഥാപാത്രമാവുന്ന മൂന്ന് സിനിമകള്‍ കൂടി പ്രഖ്യാപിക്കപ്പെടുകയും ചെയ്തിരുന്നു.