Kerala
ബയോ മെഡിക്കല്‍ സംസ്‌കരണ പ്ലാന്റ്; ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് ഐ എം എ
20 ടണ്‍ മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ കഴിയുന്ന പ്ലാന്റ് യാതൊരുവിധ പരിസ്ഥിതി പ്രശ്നങ്ങളും ഉയര്‍ത്തില്ല.
![](https://assets.sirajlive.com/2024/09/press-897x538.jpg)
പത്തനംതിട്ട | ഏനാദിമംഗലം കിന്‍ഫ്ര പാര്‍ക്കിനോടു ചേര്‍ന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഇമേജ് പ്രോജക്ടിലൂടെ സ്ഥാപിക്കാനുദ്ദേശിക്കുന്ന ബയോ മെഡിക്കല്‍ സംസ്‌കരണ പ്ലാന്റുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുള്ള ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് ഐ എം എ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നുള്ള ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനു വേണ്ടി ഏനാദിമംഗലത്ത് മൂന്ന് ഏക്കര്‍ സ്ഥലമാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. 20 വര്‍ഷമായി പാലക്കാട് കഞ്ചിക്കോട്ട് പ്രവര്‍ത്തിച്ചുവരുന്ന ഇമേജ് പ്ലാന്റിന്റെ അതേ ഘടനയിലാണ് ഏനാദിമംഗലത്തെ പ്ലാന്റും വിഭാവനം ചെയ്തിരിക്കുന്നത്. 20 ടണ്‍ മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ കഴിയുന്ന പ്ലാന്റ് യാതൊരുവിധ പരിസ്ഥിതി പ്രശ്നങ്ങളും ഉയര്‍ത്തില്ലെന്നത് വ്യക്തമാണ്.
ആധികാരികമായ പഠനങ്ങളുടെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും അനുമതിയോടെയാണ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ നിലവില്‍ കഞ്ചിക്കോട്ട് മാത്രമാണ് ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമപ്രകാരം ആശുപത്രികളില്‍ നിന്നുള്ള ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ ഉറവിടത്തില്‍ നിന്നും 75 കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ 24 മണിക്കൂറിനുള്ളില്‍ നിര്‍മാര്‍ജനം ചെയ്യണമെന്നതാണ്. തെക്കന്‍ ജില്ലകളില്‍ നിന്നും ഈ സമയപരിധിക്കുള്ളില്‍ മാലിന്യങ്ങള്‍ കഞ്ചിക്കോട് വരെ എത്തിക്കാന്‍ കഴിയില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് കേരള സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുത്ത് പുതിയ പ്ലാന്റിന് ഏനാദിമംഗലത്ത് സ്ഥലം അനുവദിച്ചത്. പുതിയ പ്ലാന്റ് സ്ഥാപിക്കാനാകുന്നില്ലെങ്കില്‍ തെക്കന്‍ കേരളത്തിലെ ആശുപത്രികളിലെ ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യാനാകാത്ത സാഹചര്യമുണ്ടാകുമെന്ന് ഐ എം എ ഭാരവാഹികള്‍ പറഞ്ഞു.
പൊതുജനാരോഗ്യത്തെ ബാധിക്കില്ല
ആശുപത്രികളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ ചികിത്സയെ തുടര്‍ന്നുണ്ടാകുന്നതാണ്. ഇത് പ്ലാന്റില്‍ എത്തിക്കുന്നത് തീര്‍ത്തും സുരക്ഷിതമായ സംവിധാനത്തിലാണ്. ഇവയുടെ ശാസ്ത്രീയമായ നിര്‍മാര്‍ജനം മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ 24 മണിക്കൂര്‍ നിരീക്ഷണത്തില്‍ നടത്തുന്നതാണെന്നും ഐ എം എ ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് രോഗവ്യാപനമോ പൊതുജനാരോഗ്യ പ്രശ്നങ്ങളോ ഉണ്ടാകില്ല. പ്ലാന്റില്‍ നിന്നുള്ള യാതൊരു വിഷവസ്തുക്കളും വായുവില്‍ കലരില്ല.
ആധുനികമായ ഡ്രൈ പ്ലാന്റുകളില്‍ ഒന്നായിട്ടാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. ജലത്തിന്റെ ഉപയോഗം പരിമിതമാണ്. ഉപയോഗിക്കുന്ന വെള്ളം വീണ്ടും ശുദ്ധീകരിച്ച് പുനര്‍ ഉപയോഗത്തിനായി എടുക്കും. പ്ലാന്റില്‍ നിന്നും ജലം പുറത്തേക്ക് ഒഴുക്കുകയോ സമീപ പ്രദേശങ്ങളെ മലിനപ്പെടുത്തുകയോ ചെയ്യുന്നില്ല. ചുറ്റമുള്ള കിണര്‍, കുളം, മറ്റ് ശുദ്ധജല സ്രോതസ്സുകള്‍ എന്നിവയെ പ്ലാന്റ് ഒരുവിധത്തിലും മലിനപ്പെടുത്തില്ല. പ്ലാന്റിലെത്തുന്ന എല്ലാ ആശുപത്രി മാലിന്യങ്ങളും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിയന്ത്രണങ്ങള്‍ക്കു വിധേയമായി സുരക്ഷിതമായി സംസ്‌കരിച്ച് 24 മണിക്കൂറിനുള്ളില്‍ ശാസ്ത്രീയമായി നിര്‍മാര്‍ജനം ചെയ്യും.
ജനങ്ങള്‍ക്ക് യാതൊരു ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാതെ പ്ലാന്റ് നടത്താനുള്ള ധാര്‍മിക ഉത്തരവാദിത്വം ഐ എം എയ്ക്കുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ബെനവന്‍ പറഞ്ഞു. ഇമേജ് ചെയര്‍മാന്‍ ഡോ. എബ്രഹാം വര്‍ഗീസ്, സെക്രട്ടറി ഡോ. കെ പി ഷറഫുദ്ദീന്‍, കണ്‍വീനര്‍ ഡോ. സുരേഷ്, ഡോ. മണിമാരന്‍, ജില്ലാ പ്രസിഡന്റ് ഡോ. ജോസ് ഏബ്രഹാം എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പൊതുജന സംവാദം നാളെ
ഏനാദിമംഗലത്തെ ബയോ മെഡിക്കല്‍ മാലിന്യ സംസ്‌കരണ പ്ലാന്റിനെ സംബന്ധിച്ച് പൊതുജനങ്ങളുമായി നാളെ ആശയവിനിമയം നടത്തും. മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് യോഗം വിളിച്ചിരിക്കുന്നത്. രാവിലെ പത്തിന് ഇളമണ്ണൂര്‍ മോര്‍ണിംഗ് സ്റ്റാര്‍ ഹാളിലാണ് യോഗം. ഐ എം എ പ്രതിനിധികളും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരും പങ്കെടുക്കും. പൊതുജനങ്ങളുടെ ആശങ്കകള്‍ സംബന്ധിച്ച സംശയങ്ങള്‍ക്ക് മറുപടി നല്‍കും. പ്ലാന്റിനെ ഗ്രാമപഞ്ചായത്തും പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങളും എതിര്‍ത്ത സാഹചര്യത്തില്‍ പബ്ലിക് ഹിയറിംഗ് ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. പൊതുജന താത്പര്യം കൂടി പരിഗണിച്ചുള്ള റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ പ്ലാന്റിന് അന്തിമാനുമതി നല്‍കുകയുള്ളൂ.
ഇതിനിടെ, പദ്ധതിയുമായി ബന്ധപ്പെട്ട സി എസ് ആര്‍ ഫണ്ട് ചെലവഴിക്കുന്നതു സംബന്ധിച്ച് ആദ്യം പദ്ധതി തേടിയത് ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ നിന്നാണെന്ന് ഐ എം എ ഭാരവാഹികള്‍ പറഞ്ഞു. ഗ്രാമപഞ്ചായത്ത് പദ്ധതി വെക്കാതെ വന്നതോടെ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് നല്‍കിയ ശിപാര്‍ശ അംഗീകരിക്കുകയായിരുന്നു. ഇതനുസരിച്ചുള്ള പദ്ധതിയാണ് വിശദമായ പ്രോജക്ട് റിപോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയതെന്നും ഭാരവാഹികള്‍ പറഞ്ഞു.