National
ബയോമെട്രിക് പൊരുത്തക്കേട്; തിഹാർ ജയിലിൽ 50 ജീവനക്കാരെ പിരിച്ചുവിട്ടു
പിരിച്ചുവിടപ്പെട്ട ജീവനക്കാരിൽ 39 പേർ വാർഡർമാരും 9 പേർ അസിസ്റ്റന്റ് സൂപ്രണ്ടും 2 പേർ മേട്രന്മാരുമാണ്.
ന്യൂഡൽഹി | ബയോമെട്രിക് രേഖകളിൽ പൊരുത്തക്കേട് കണ്ടെത്തിയതിനെ തുടർന്ന് തിഹാർ ജയിലിൽ 50 ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകി. ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡിന്റെ (ഡിഎസ്എസ്ബി) നിർദേശപ്രകാരമാണ് നടപടി. പിരിച്ചുവിടപ്പെട്ട ജീവനക്കാരിൽ 39 പേർ വാർഡർമാരും 9 പേർ അസിസ്റ്റന്റ് സൂപ്രണ്ടും 2 പേർ മേട്രന്മാരുമാണ്.
ഡിഎസ്എസ്ബി നടത്തിയ പരീക്ഷയിൽ മൂന്ന് തസ്തകകളിലേക്കുമായി 450ഓളം അപേക്ഷകരെ റിക്രൂട്ട് ചെയ്തിരുന്നു. ഈ 450 ജീവനക്കാരിൽ 50 പേരുടെ ബയോമെട്രിക് തിരിച്ചറിയൽ രേഖകളിലാണ് പൊരുത്തക്കേട് കണ്ടെത്തിയത്. അതേസമയം പിരിച്ചുവിടൽ നോട്ടീസ് നൽകിയവരുടെ പരീക്ഷ മറ്റൊരാൾ എഴുതികൊടുത്തതാണോയെന്ന് സംശയിക്കുന്നുണ്ടെന്നും അധികൃതർ വെളിപ്പെടുത്തി .
നോട്ടീസ് നൽകിയ ജീവനക്കാരെല്ലാം രണ്ടുവർഷമായി പ്രൊബേഷൻ കാലഘട്ടത്തിലായിരുന്നു. നോട്ടീസ് ലഭിക്കുന്ന മുറക്ക് ഈ 50 ജീവനക്കാരും മറുപടി നൽകണമെന്നും അധികൃതർ അറിയിച്ചു.