Connect with us

Kuwait

കുവൈത്തിലെ ബയോ മെട്രിക് നടപടികള്‍; ഇനിയും പൂര്‍ത്തിയാക്കാനുള്ളത് രണ്ടര ലക്ഷം പ്രവാസികള്‍

രാജ്യത്ത് ഇനിയും 90,000 സ്വദേശികളും രണ്ടര ലക്ഷം പ്രവാസികളും 16,000 ബിദൂനികളും ബയോ മെട്രിക് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ബാക്കിയുണ്ട്.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ ബയോ മെട്രിക് പരിശോധനകള്‍ക്ക് അനുവദിച്ച സമയം അവസാനിക്കാന്‍ ഒരു ദിവസം മാത്രം അവശേഷിക്കെ, ഇനിയും നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ളത് രണ്ടര ലക്ഷം പ്രവാസികളെന്ന് റിപോര്‍ട്ട്. ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ എവിഡന്‍സിന്റെ സ്ഥിതി വിവര കണക്ക് പ്രകാരം രാജ്യത്ത് ഇനിയും 90,000 സ്വദേശികളും രണ്ടര ലക്ഷം പ്രവാസികളും 16,000 ബിദൂനികളും ബയോ മെട്രിക് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ബാക്കിയുണ്ട്.

ഇനിയും നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടില്ലാത്ത പ്രവാസികളുടെ ബേങ്ക് അക്കൗണ്ടുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ഇടപാടുകളും ബുധനാഴ്ചയോടെ നിര്‍ത്തലാക്കുമെന്ന് ക്രിമിനല്‍ എവിഡന്‍സ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയരക്ടര്‍ മേജര്‍ ജനറല്‍ ഈദ് അല്‍ ഒവൈഹാന്‍ അറിയിച്ചു. ഭിന്നശേഷിക്കാര്‍, കിടപ്പു രോഗികള്‍ തുടങ്ങിയവരുള്‍പ്പെടെ 12 000 പേരുടെ വീടുകളില്‍ എത്തിയാണ് ബയോ മെട്രിക്ക് നടപടികള്‍ പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കുവൈത്തില്‍ താമസ നിയമലംഘകര്‍ക്കെതിരെ ഏര്‍പ്പെടുത്തിയ പുതുക്കിയ പിഴ ശിക്ഷ ജനുവരി അഞ്ചു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് വ്യക്തമാക്കിയും പുതിയ നിയമം നടപ്പിലാക്കുന്നത് വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ടും താമസകാര്യ വിഭാഗം ആക്ടിംഗ് ഡയരക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മസിയാദ് അല്‍ മുതൈരി വിവര സംവിധാന വിഭാഗത്തിന് കത്തയച്ചു.

വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് തങ്ങുന്നവര്‍ പുതിയ നിയമപ്രകാരം തൊഴില്‍ കുടുംബ വിസകളില്‍ ഉള്ളവരാണെങ്കില്‍ പ്രതിദിനം രണ്ട് ദിനാര്‍, രണ്ടാം മാസം മുതല്‍ നാല് ദിനാര്‍ എന്നിങ്ങനെ പിഴ ചുമത്തും. ഇത് പരമാവധി 1,200 ദിനാര്‍ ആയി നിജപ്പെടുത്തിയിട്ടുണ്ട്. വാണിജ്യ കുടുംബ സന്ദര്‍ശക വിസയില്‍ എത്തി കാലാവധി കഴിഞ്ഞും രാജ്യം വിട്ടില്ലെങ്കില്‍ അവര്‍ക്കെതിരെ പ്രതിദിനം 10 ദിനാര്‍ പിഴ ഈടാക്കും. ഇത് പരമാവധി 2,000 ദിനാര്‍ ആയി നിജപ്പെടുത്തി.

അതോടൊപ്പം നവജാത ശിശുക്കളുടെ ജനനം നാല് മാസത്തിനകം രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ 2000 ദിനാര്‍ പിഴയൊടുക്കേണ്ടി വരും. ഗാര്‍ഹിക തൊഴിലാളി ജോലി ഉപേക്ഷിച്ചു രാജ്യം വിട്ടാല്‍ നിശ്ചിത സമയത്തിനകം ബന്ധപ്പെട്ട അതോറിറ്റിക്ക് വിവരം നല്‍കണം. അല്ലാത്ത പക്ഷം 600 ദിനാര്‍ പിഴ ചുമത്തുമെന്നും അറിയിപ്പില്‍ പറയുന്നു.

 

Latest