Kuwait
ബയോ മെട്രിക്ക് പരിശോധന; മൂന്നു മാസ സമയ പരിധിക്ക് ഇന്ന് തുടക്കം
ഇനി 6,70,000 പേര്‍ ഈ നടപടി പൂര്‍ത്തീകരിക്കേണ്ടതുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാകുന്നത്.
കുവൈത്ത് സിറ്റി | കുവൈത്തില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ബയോമെട്രിക് പൂര്‍ത്തിയാക്കാന്‍ അധികൃതര്‍ നിശ്ചയിച്ച മൂന്നു മാസ സമയ പരിധി ഇന്ന് ആരംഭിക്കും. ഇനി 6,70,000 പേര്‍ ഈ നടപടി പൂര്‍ത്തീകരിക്കേണ്ടതുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാകുന്നത്. അധികൃതരുടെ കണക്കുകള്‍ പ്രകാരം വിദേശികളാണ് ബയോമെട്രിക് വിരലടയാളം നല്‍കാന്‍ ബാക്കിയുള്ളവരില്‍ ഭൂരിഭാഗവും.
മാര്‍ച്ച് ഒന്ന് മുതല്‍ മെയ് 31 വരെയുള്ള മൂന്നു മാസത്തിനുള്ളില്‍ ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാത്തവരുടെ താമസരേഖ, ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്േ്രടഷന്‍ മുതലായവ പുതുക്കുന്നത് ഉള്‍പ്പെടെയുള്ള ഇടപാടുകളെല്ലാം നിര്‍ത്തിവെക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പദ്ധതി കര്‍ശനമായി നടപ്പിലാക്കാന്‍ തുടങ്ങിയത് മുതല്‍ ഇതുവരെ സ്വദേശികളും വിദേശികളുമുള്‍പ്പെടെ 17, 80,000 പേര്‍ നടപടി പൂര്‍ത്തീകരിച്ചതായി ക്രിമിനല്‍ എവിഡന്‍സ് ജനറല്‍ ഡിപാര്‍ട്ട്‌മെന്റ് അറിയിച്ചു.
ഇതുവരെ ബയോമെട്രിക് പരിശോധനക്ക് വിധേയരായവരില്‍ കൂടുതലും സ്വദേശികളാണ്. 900,000 സ്വദേശികളാണ് നടപടി പൂര്‍ത്തീകരിച്ചത്. ഏകദേശം 880,000 വിദേശികളും ഇത് വരെയായി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി. അതേസമയം, 18 വയസ്സിന് താഴെ പ്രായമുള്ള 1,10000 കുട്ടികളെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതിര്‍ത്തി കവാടങ്ങളിലെ സൗകര്യം ഉപയോഗപ്പെടുത്താന്‍ സാധിക്കാത്തവര്‍ക്ക് രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലും സ്ഥിതി ചെയ്യുന്ന സെക്യൂരിറ്റി ഡയറക്ടറേറ്റുകളിലും, വ്യക്തിഗത തിരിച്ചറിയല്‍ വകുപ്പ്, അലി സബാഹ് അല്‍ സാലിം ഏരിയയിലെ കോര്‍പ്പറേറ്റ് ഫിംഗര്‍പ്രിന്റ് സെന്റര്‍, ജഹ്റ ഏരിയയിലെ കോര്‍പ്പറേറ്റ് വിരലടയാള സെന്റര്‍ (വിദേശികള്‍ക്ക് മാത്രം ), അവന്യൂസ് മാള്‍, 360 മാള്‍, അല്‍ കൂത്ത് മാള്‍, ക്യാപിറ്റല്‍ മാള്‍, മിനിസ്ട്രി കോംപ്ലക്‌സ് എന്നിവിടങ്ങളിലുമുള്ള സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. വിരലടയാളം എടുക്കാതെ യാത്രക്കാരെ നാടുവിടാന്‍ അനുവദിക്കുമെങ്കിലും തിരിച്ചെത്തിയ ഉടന്‍ അവര്‍ അത് പൂര്‍ത്തിയാക്കണമെന്നും മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.