National
ബിപ്ലബ് കുമാർ ദേബ് രാജിവച്ചു; ഡോ. മാണിക് സാഹ ത്രിപുര മുഖ്യമന്ത്രി
ബിജെപിയിലെ ആഭ്യന്തര പ്രശ്നങ്ങളാണ് രാജിക്ക് കാരണമെന്നാണ് സൂചന.
അഗർത്തല | ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് രാജിവച്ചു. ബിജെപിയിലെ ആഭ്യന്തര പ്രശ്നങ്ങളാണ് രാജിക്ക് കാരണമെന്നാണ് സൂചന. ക്രമസമാധാന തകർച്ചയെ തുടർന്ന് പ്രതിപക്ഷം അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടിരുന്നു. രാജിക്ക് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷനും രാജ്യസഭാ എംപിയുമായ ഡോ. മാണിക് സാഹയെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. ബിജെപി നിയമസഭാ കക്ഷി യോഗത്തിന് ശേഷം ദേബ് തന്നെയാണ് സാഹയുടെ പേര് പ്രഖ്യാപിച്ചത്. സാഹക്ക് എല്ലാ പിന്തുണയും നൽകുമെന്ന് ദേബ് പറഞ്ഞു.
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കിനിൽക്കെയാണ് ബിജെപി മുഖ്യമന്ത്രിയെ മാറ്റിയത്. രാജ്ഭവനിൽ ഗവർണറുമായി കൂടിക്കാഴ്ച നടത്തിയ ദേബ് രാജിക്കത്ത് നൽകുകയായിരുന്നു. ഇതിന് പിന്നാലെ തന്നെ ബിജെപി നിയമസഭാ കക്ഷി യോഗം ചേരുകയും ചെയ്തു. ഈ യോഗത്തിലാണ് മാണിക് സാഹയെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. ദന്തഡോക്ടറായ സാഹ കഴിഞ്ഞ മാസമാണ് രാജ്യസഭാ എംപിയായി തിരഞ്ഞെടുക്കപ്പെട്ടത്.
പാർട്ടിയാണ് എല്ലാറ്റിനും ഉപരിയെന്നും താൻ ബി.ജെ.പിയുടെ വിശ്വസ്ത പ്രവർത്തകനാണെന്നും രാജിക്കത്ത് നൽകിയ ശേഷം ദേബ് മാധ്യമങ്ങളോട് പറഞ്ഞു. ബി ജെ പി സംസ്ഥാന പ്രസിഡന്റായാലും ത്രിപുര മുഖ്യമന്ത്രിയായാലും തന്നെ ഏൽപിച്ച ഉത്തരവാദിത്തങ്ങളോട് നീതി പുലര്ത്തിയിട്ടുണ്ടെന്നാണ് പ്രതീക്ഷ. ത്രിപുരയുടെ സമഗ്രവികസനത്തിനും സംസ്ഥാനത്തെ ജനങ്ങൾക്ക് സമാധാനം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് താൻ പ്രവര്ത്തിച്ചത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും ബി.ജെ.പി സർക്കാർ രൂപീകരിക്കാൻ മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്നതിനേക്കാൾ ഒരു പൊതു പ്രവർത്തകനായി കർമനിരതാനാകാനാണ് ആഗ്രഹിക്കുന്നതെന്നും ദേബ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.