Connect with us

bird flu

കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു; എച്ച് 5 എൻ 1 വകഭേദം

5,000 കോഴികളിൽ 1,800 എണ്ണം ചത്തു.

Published

|

Last Updated

കോഴിക്കോട് | ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. അധിക വ്യാപന ശേഷിയുള്ള എച്ച് 5 എൻ 1 വകഭേദമാണ് സ്ഥിരീകരിച്ചത്. ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ചാത്തമംഗലം പ്രാദേശിക കോഴിവളർത്തു കേന്ദ്രത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ഇതേ തുടർന്ന് അടിയന്തര നടപടികൾക്ക് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി നിർദേശം നൽകി. ഇവിടെയുള്ള 5,000 കോഴികളിൽ 1,800 എണ്ണം ചത്തു.

ജനുവരി ആറ് മുതൽ പാരന്റ് സ്‌റ്റോക്ക് കോഴികളിൽ ചെറിയ രീതിയിൽ മരണ നിരക്ക് കാണുകയും തുടർന്ന് അപ്പോൾ തന്നെ ചത്ത കോഴികളെ വയനാട് പൂക്കോട് വെറ്ററിനറി കോളജിലും കോഴിക്കോട് ക്ലിനിക്കൽ ലാബിലും പരിശോധനക്ക് അയക്കുകയും ന്യൂമോണിയയുടെ ലക്ഷണം കണ്ടതിനെ തുടർന്ന് അന്ന് തന്നെ മരുന്നുകൾ നൽകുകയും ചെയ്തു. എന്നാൽ പിറ്റേ ദിവസവും മരണ നിരക്ക് വർധിക്കുന്നതായി കണ്ടതിനാൽ കണ്ണൂർ ആർ ഡി ഡി എൽ, തിരുവല്ല എ ഡി ഡി എൽ എന്നീ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് അധിക പരിശോധനകൾ നടത്തി.

പ്രാഥമിക ടെസ്റ്റുകളിൽ പക്ഷിപ്പനിയുടെ സംശയം തോന്നിയതിനാൽ കൃത്യമായ രോഗനിർണയം നടത്തുന്നതിന് സാമ്പിളുകൾ ഭോപാലിലെ ഹൈ സെക്യൂരിറ്റി ലാബിലേക്ക് അയക്കുകയായിരുന്നു. ഇന്നലെയാണ് പക്ഷിപ്പനിയാണെന്ന സ്ഥിരീകരണമുണ്ടായത്. ഇതിനകം തന്നെ കോഴിക്കോട് ജില്ലാപഞ്ചായത്ത്, ചാത്തമംഗലം ഗ്രാമ പഞ്ചായത്ത്, കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ ഓഫീസ്, എ ഡി ജി പി വിഭാഗം, ജില്ലാ ആരോഗ്യ വിഭാഗം എന്നിവ വേണ്ട മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. തുടർ നടപടികൾ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് ഉൾപ്പെടെയുള്ള ഇതര വകുപ്പുകളുടെ സഹകരണത്തോടെ പ്രോട്ടോകോൾ അനുസരിച്ചു ചെയ്യും.

---- facebook comment plugin here -----

Latest