Connect with us

Ongoing News

പക്ഷിപ്പനി; ആശങ്ക വേണ്ട, മുന്‍കരുതലുകള്‍ സ്വീകരിക്കണം

ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്, ശരീരവേദന, തലവേദന, ക്ഷീണം, ശ്വാസതടസ്സം എന്നിവയാണ് പക്ഷിപ്പനിയുടെ ലക്ഷണങ്ങള്‍.  

Published

|

Last Updated

പത്തനംതിട്ട | ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി അറിയിച്ചു. പക്ഷികളെ കൂടുതലായി ബാധിക്കുന്ന വൈറസാണ് എച്ച് 5 എന്‍1′. എന്നാല്‍ ഇത് മനുഷ്യരെയും ബാധിക്കാം. രോഗം ബാധിച്ച പക്ഷികളുമായോ അവയുടെ വിസര്‍ജ്യവുമായോ മലിനമായ പ്രതലങ്ങളുമായോ നേരിട്ടുള്ള സമ്പര്‍ക്കം മൂലം വൈറസ് മനുഷ്യരിലേക്ക് പടരാം.

ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്, ശരീരവേദന, തലവേദന, ക്ഷീണം, ശ്വാസതടസ്സം എന്നിവയാണ് പക്ഷിപ്പനിയുടെ ലക്ഷണങ്ങള്‍.  കോഴി, താറാവ്, കാട തുടങ്ങിയ വളര്‍ത്തു പക്ഷികളുമായി അകലം പാലിക്കണം. വളര്‍ത്തു പക്ഷികളെ എടുക്കാനും താലോലിക്കാനും കുട്ടികളെ അനുവദിക്കരുത്. പക്ഷികളെ വളര്‍ത്തുന്ന സ്ഥലം/കൂടിന്റെ പരിസരത്ത് പോകരുത്. മുട്ട, മാംസം എന്നിവ നന്നായി വേവിച്ചതിനു ശേഷം മാത്രം കഴിക്കുക.

ചത്ത പക്ഷികള്‍, കാഷ്ഠം മുതലായ വസ്തുക്കളുമായി സമ്പര്‍ക്കത്തിലായാലുടന്‍ തന്നെ കൈകള്‍ സോപ്പുപയോഗിച്ച് കഴുകണം. രോഗബാധിത പ്രദേശങ്ങളില്‍ ഉള്ളവര്‍ മാസ്‌ക് ഉപയോഗിക്കണം. പനി, ശരീരവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉണ്ടോ എന്ന് സ്വയം ശ്രദ്ധിക്കണം. ലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കുക.

പക്ഷിപ്പനി: ഫാമിലെ താറാവുകള്‍ക്ക് ദയാവധം
പത്തനംതിട്ട നിരണം ഡക്ക് ഫാമില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവിടെയുള്ള എല്ലാ താറാവുകള്‍ക്കും ദയാവധം നല്‍കി ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ തീരുമാനം. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ വിളിച്ചുചേര്‍ത്ത ബന്ധപ്പെട്ടവരുടെ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.

നാളെ രാവിലെ എട്ട് മുതല്‍ നടപടികള്‍ സ്വീകരിക്കാനാണ് ധാരണ. പക്ഷിപ്പനി സ്ഥിരീകരിച്ച ഒരു കിലോമീറ്റര്‍ ചുറ്റളവ് ഇന്‍ഫെക്ടഡ് സോണായും പത്തു കിലോമീറ്റര്‍ ചുറ്റളവ് സര്‍വൈവല്‍ സോണായും പ്രഖ്യാപിക്കും. ഇന്‍ഫെക്ടഡ് സോണില്‍ ഉള്‍പ്പെടുന്ന എല്ലാ പക്ഷികളെയും ഇല്ലായ്മ ചെയ്യാനും തീരുമാനമായി. ഇതിന് ആവശ്യമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി.

 

---- facebook comment plugin here -----

Latest