Kerala
ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ പക്ഷിപ്പനി; കാല്‍ലക്ഷം പക്ഷികളെ കൊന്നൊടുക്കാന്‍ നടപടി
ആലപ്പുഴ ജില്ലയില്‍ 12,678 വളര്‍ത്തുപക്ഷികളെ ശനിയാഴ്ച കള്ളിംഗിന് വിധേയമാക്കും.

ആലപ്പുഴ| ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. രോഗവ്യാപനം തടയാന്‍ പക്ഷികളെ കൊന്നൊടുക്കാന്‍ നടപടി ആരംഭിച്ചു. ഇരു ജില്ലകളിലുമായി കാല്‍ലക്ഷത്തോളം പക്ഷികളെയാണ് കൊന്നൊടുക്കുക. 13 ആര്‍.ആര്‍.ടി സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. ഇവിടേക്ക് ആവശ്യമായ തൊഴിലാളികളെയും നിയോഗിക്കും.
ആലപ്പുഴ ജില്ലയില്‍ 12,678 വളര്‍ത്തുപക്ഷികളെ ശനിയാഴ്ച കൊന്നൊടുക്കും. തലവടി, തഴക്കര, ചമ്പക്കുളം വാര്‍ഡുകളിലാണ് പക്ഷികളെ കൊന്നൊടുക്കുന്നത്. പക്ഷിപ്പനിയുടെ പ്രഭവ കേന്ദ്രത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തുപക്ഷികളെയാണ് കൊല്ലുന്നത്. തലവടിയില്‍ 4074ഉം തഴക്കരയില്‍ 8304ളും ചമ്പക്കുളത്ത് 300ഉം പക്ഷികളെ കൊല്ലും.
ആലപ്പുഴയില്‍ ഈ വര്‍ഷം ആറ് ഇടങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. ആറ് രോഗവ്യാപന കേന്ദ്രങ്ങളിലായി 57,870 പക്ഷികളെ കൊന്നിരുന്നു.
പത്തനംതിട്ട നിരണത്ത് 12,000 താറാവുകളെയും കൊല്ലുും. പത്തനംതിട്ട തിരുവല്ല നിരണത്തെ സര്‍ക്കാര്‍ താറാവ് വളര്‍ത്തല്‍ കേന്ദ്രത്തില്‍ നേരത്തെ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ആഴ്ച ഇവിടെ താറാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നു. ഇതിന് പിന്നാലെയാണ് നിരണത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചത്. പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ ഉള്‍പ്പെട്ട ഇരതോട് പ്രദേശത്താണ് കഴിഞ്ഞ ദിവസം പക്ഷിപ്പനി സ്ഥിരീകരിച്ചത്.
താറാവ് കര്‍ഷകനായ കണ്ണമാലില്‍ കുര്യന്‍ മത്തായിയുടെ താറാവുകള്‍ പക്ഷിപ്പനി ലക്ഷണങ്ങളോടെ നാല് ദിവസം മുമ്പ് ചത്തിരുന്നു. തുടര്‍ന്ന് രക്ത സാമ്പിളുകള്‍ ഭോപാലിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഫലം കഴിഞ്ഞ ദിവസം വന്നപ്പോഴാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.