Kerala
പക്ഷിപ്പനി: കേരളത്തില്‍ ഭോപ്പാലിലേതിന് സമാനമായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കണമെന്ന് ജെബി മേത്തര്‍ എം പി
പക്ഷിപ്പനി താറാവു കര്‍ഷകര്‍ക്കിടയില്‍ സൃഷ്ടിച്ചിട്ടുള്ള പ്രതിസന്ധിയെക്കുറിച്ച് രാജ്യസഭയില്‍ സ്‌പെഷ്യല്‍ മെന്‍ഷന്‍ അവതരിപ്പിക്കുകയായിരുന്നു ജെബി മേത്തര്‍.
ന്യൂഡല്‍ഹി | പക്ഷിപ്പനി വൈറസ് ബാധ സ്ഥിരീകരിക്കുന്നതിന് കേരളത്തില്‍, ഭോപ്പാലിലേതിന് സമാനമായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസ് സ്ഥാപിക്കണമെന്ന് അഡ്വ. ജെബി മേത്തര്‍ എം പി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേരളത്തില്‍ തുടര്‍ച്ചയായി പടര്‍ന്നുപിടിക്കുന്ന പക്ഷിപ്പനി താറാവു കര്‍ഷകര്‍ക്കിടയില്‍ സൃഷ്ടിച്ചിട്ടുള്ള പ്രതിസന്ധിയെക്കുറിച്ച് രാജ്യസഭയില്‍ സ്‌പെഷ്യല്‍ മെന്‍ഷന്‍ അവതരിപ്പിക്കുകയായിരുന്നു അവര്‍.
ആയിരക്കണക്കിന് പക്ഷികളാണ് പക്ഷിപ്പനി മൂലം സമീപകാലത്ത് ചത്തൊടുങ്ങിയത്. പ്രധാനമായും താറാവുകളിലാണ് പക്ഷിപ്പനി ഏറ്റവുമധികം കണ്ടുവരുന്നതെങ്കിലും കോഴി, കാട മറ്റ് അലങ്കാരയിനം പക്ഷികള്‍ എന്നിവയിലും വൈറസ് ബാധ വ്യാപകമാണ്. വൈറസ് ബാധ നേരത്തെ കണ്ടെത്തുന്നതിലൂടെ കള്ളിംഗിന്റെ തോത് കുറയ്ക്കാനും കര്‍ഷകര്‍ക്കുണ്ടാകുന്ന വന്‍ സാമ്പത്തിക നഷ്ടം ഒഴിവാക്കാനും സാധിക്കും.
പക്ഷിപ്പനി നിയന്ത്രണവിധേയമാക്കുന്നതിന് നിശ്ചിതകാലത്തേക്ക് താറാവുകൃഷി നിരോധിക്കുക എന്ന കേരള സര്‍ക്കാരിന്റെ നിര്‍ദേശം തികച്ചും അപ്രായോഗികമാണ്. പകരം ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതിന് കര്‍ഷകരെ പ്രാപ്തരാക്കുകയാണ് വേണ്ടത്. പക്ഷിപ്പനിബാധ മൂലം ഉപജീവനമാര്‍ഗം നഷ്ടപ്പെടുന്ന കര്‍ഷകരെ സഹായിക്കുന്നതിന് പ്രത്യേക സാമ്പത്തിക സഹായ പാക്കേജ് അനുവദിക്കണമെന്നും ജെബി മേത്തര്‍ ആവശ്യപ്പെട്ടു.