Kerala
പക്ഷിപ്പനി; പതിനായിരത്തിലേറെ വളര്‍ത്തുപക്ഷികളെ നാളെ കൊല്ലും
സര്‍ക്കാര്‍ കോഴി വളര്‍ത്തല്‍ കേന്ദ്രമായ ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഹാച്ചറിയിലെ വളര്‍ത്ത് പക്ഷികളെ കൊന്ന് മറവ് ചെയ്യുന്നതിനുള്ള (കള്ളിംഗ്) നടപടികള്‍ ആരംഭിച്ചു
ചെങ്ങന്നൂര്‍ (ആലപ്പുഴ) | സര്‍ക്കാര്‍ കോഴി വളര്‍ത്തല്‍ കേന്ദ്രമായ ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഹാച്ചറിയിലെ വളര്‍ത്ത് പക്ഷികളെ കൊന്ന് മറവ് ചെയ്യുന്നതിനുള്ള (കള്ളിംഗ്) നടപടികള്‍ ആരംഭിച്ചു. നാളെ രാവിലെ എട്ട് മുതല്‍ ഹാച്ചറിയിലെ രണ്ട് ക്യാമ്പസുകളിലുള്ള കോഴി, കാട എന്നീ പതിനായിരത്തിലേറെ വളര്‍ത്ത് പക്ഷികളെ കൊന്ന് മറവ് ചെയ്യും. ഇതിനായി തൊഴിലാളികളുടെ നേതൃത്വത്തിലുള്ള ഒമ്പത് ടീമുകളെ നിയോഗിച്ചു.
ഇവര്‍ക്ക് കള്ളിംഗിന്റെ ഭാഗമായുള്ള പരിശീലനം നല്‍കി. 500ഓളം പി പി ഇ കിറ്റുകളും സജ്ജമാക്കി. ചത്ത പക്ഷികളെ മറവ് ചെയ്യാനുള്ള കുഴികള്‍ ജെ സി ബി ഉപയോഗിച്ചെടുക്കുന്ന ജോലികള്‍ രണ്ട് ദിവസമായി നടക്കുകയാണ്. എന്നാല്‍ ഇടക്കിടക്ക് പെയ്യുന്ന ശക്തമായ മഴ ജോലിക്ക് തടസ്സം സൃഷ്ടിക്കുന്നതായി അധികൃതര്‍ പറഞ്ഞു. ഇന്നും കുഴിയെടുപ്പ് ജോലികള്‍ നടന്നു. പുലിയൂര്‍ ക്യാമ്പസിന്റെയും പ്രധാന ഓഫീസ് സമുച്ചയം സ്ഥിതി ചെയ്യുന്ന ചെങ്ങന്നൂര്‍ നഗരസഭാ പ്രദേശത്തെയും വിശാലമായ ഹാച്ചറി പരിസരത്താണ് കോഴികളെ സംസ്‌കരിക്കാന്‍ കുഴികള്‍ എടുത്തത്. വളര്‍ത്തുപക്ഷികളെ കൊന്ന് മറവ് ചെയ്ത ശേഷം കോഴിത്തീറ്റക്കുള്ള അസംസ്‌കൃത സാധനങ്ങളും അവശേഷിക്കുന്ന കോഴിവളം, കോടിമുട്ടകള്‍ എന്നിവയും കുഴിച്ചിടും.
ഇന്നലെ മാത്രം 61 പക്ഷികള്‍ പക്ഷിപ്പനി മൂലം ചത്തു. ഇതുവരെ ഈ ഹാച്ചറിയില്‍ ചത്തത് 800 ലധികം പക്ഷികളാണ്. പക്ഷിപ്പനി സ്ഥിരികരിച്ചതിനെ തുടര്‍ന്ന് പുലിയൂര്‍ പഞ്ചായത്തടക്കമുള്ള തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വിവിധ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഹാച്ചറിക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്വകാര്യ കോഴിഫാം അടക്കമുള്ളവയെ നാളെ കൊല്ലുമെന്ന് അധികൃതര്‍.