From the print
പക്ഷിപ്പനി: കായല്‍ ടൂറിസത്തിന് തിരക്കേറി; സഞ്ചാരികള്‍ക്ക് നിരാശ
പക്ഷിപ്പനി മൂലമുള്ള നിയന്ത്രണങ്ങള്‍ അവധി ആഘോഷിക്കാനെത്തുന്നവര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.
ആലപ്പുഴ | ചുട്ടുപൊള്ളുന്ന വേനലില്‍ അവധി ആഘോഷിക്കാന്‍ വിനോദസഞ്ചാരികള്‍ കൂട്ടത്തോടെ കുട്ടനാട്ടിലേക്ക്. കായല്‍ ടൂറിസത്തിന് തിരക്കേറിയതോടെ ഹൗസ്‌ബോട്ട് മേഖലക്ക് കൊയ്ത്തായി. ആഭ്യന്തര വിനോദസഞ്ചാരികളുടെ വന്‍ തിരക്കാണ് കുട്ടനാട്ടില്‍. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കുട്ടികളുടെ അവധിക്കാല യാത്രകളില്‍ ഹൗസ്‌ബോട്ട് ഇടംപിടിച്ചതോടെ കായല്‍ ടൂറിസം മേഖലയില്‍ വന്‍ ഉണര്‍വാണുണ്ടായിരിക്കുന്നത്. എന്നാല്‍ പക്ഷിപ്പനി മൂലമുള്ള നിയന്ത്രണങ്ങള്‍ അവധി ആഘോഷിക്കാനെത്തുന്നവര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.
കുട്ടനാട്ടില്‍ പക്ഷിപ്പനി റിപോര്‍ട്ട് ചെയ്യുകയും ആയിരക്കണക്കിന് പക്ഷികളെ കൊന്നൊടുക്കുകയും ചെയ്തതോടെ, ആലപ്പുഴ നഗരം ഉള്‍പ്പെടെ 28 തദ്ദേശ സ്ഥാപനങ്ങളില്‍ താറാവ്, കോഴി ഉള്‍പ്പെടെ പക്ഷി ഇറച്ചിക്ക് നിരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതോടെ കുട്ടനാടന്‍ താറാവും നാടന്‍ കോഴിക്കറിയും രുചിക്കാനെത്തുന്നവര്‍ നിരാശയിലാണ്.
കുട്ടനാട്, അമ്പലപ്പുഴ തഹസില്‍ദാര്‍മാര്‍ പ്രത്യേക പരിശോധനാ സ്‌ക്വാഡുകള്‍ രൂപവത്കരിച്ച് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ കര്‍ശന പരിശോധനയും മേല്‍നോട്ടവും നടത്തുന്നതിനാല്‍ ഹൗസ് ബോട്ടുകളിലും ഹോംസ്റ്റേകളിലും ഹോട്ടലുകളിലും മറ്റും താറാവ്, കോഴി ഇറച്ചികള്‍ ലഭിക്കാത്ത സ്ഥിതിയാണ്. ആകെ ആശ്വാസം കരിമീനും ബീഫുമാണ്. കുട്ടനാടന്‍ കരിമീനിന്റെ ലഭ്യതക്കുറവ് മൂലം ആന്ധ്രയുള്‍പ്പെടെയുള്ള ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിക്കുന്ന വളര്‍ത്തു കരിമീനുകളാണ് ഊണിനൊപ്പം ലഭിക്കുന്നതെന്ന പരാതിയുണ്ട്. ആയിരക്കണക്കിന് സഞ്ചാരികളാണ് പുന്നമടയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ എത്തിയത്. കടുത്ത ചൂടായതിനാല്‍ കായലിന്റെ തണുപ്പും കാറ്റും കാഴ്ചകളുമെല്ലാം സഞ്ചാരികള്‍ക്ക് പ്രിയമാണ്.
ഹൗസ്‌ബോട്ടുകള്‍ക്ക് വന്‍തോതിലുള്ള ബുക്കിംഗ് ആണ് ഇപ്പോള്‍ നടക്കുന്നത്. സഞ്ചാരികളുടെ എണ്ണത്തിനനുസരിച്ച് ബോട്ടുകളുടെ ചാര്‍ജ് കൂടും. സഞ്ചാരികള്‍ ഏറെയുള്ള സീസണ്‍ ആയതിനാല്‍ റേറ്റ് കൂടുതലാണ്. ശിക്കാര വള്ളങ്ങള്‍ക്കും മണിക്കൂറിടവിട്ട് സര്‍വീസുണ്ട്. മൂന്ന് മണിക്കൂര്‍ യാത്രക്ക് 500 രൂപയാണ് സാധാരണ വാങ്ങിയിരുന്നതെങ്കില്‍ ഇപ്പോള്‍ കൂടിയിട്ടുണ്ട്.