Editors Pick
പക്ഷിപ്പനി ഭീഷണി! എങ്ങനെ സ്വയം സംരക്ഷിക്കാം?
രോഗബാധിത കാലയളവിൽ കോഴിയിറച്ചി കഴിക്കുന്നത് കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. ഇനി അഥവാ കഴിക്കുന്നെങ്കിൽ വൈറസിനെ നശിപ്പിക്കാൻ അവ കുറഞ്ഞത് 165⁰ F വരെ ആന്തരിക താപനിലയിൽ പാകം ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. കുക്കർ ഉപയോഗിച്ച് നന്നായി വേവിച്ച മാംസം ഉപയോഗിക്കുന്നതാണ് നല്ലത്.
സംസ്ഥാനത്ത് ചിലയിടങ്ങളിൽ പക്ഷിപ്പനി പടർന്നുകൊണ്ടിരിക്കുകയാണ്. ആലപ്പുഴയിലും നിരണത്തും ഒക്കെ വളർത്തു പക്ഷികൾക്ക് രോഗം പിടിപെട്ട വാർത്ത നമ്മൾ കേട്ടു. കഴിഞ്ഞ ദിവസമാണ് മണർകാട്ട് സർക്കാർ ഉടമസ്ഥതയിലുള്ള കോഴി ഫാമിൽ പക്ഷിപ്പനി പടരുന്നതായി വാർത്തകൾ പുറത്തുവന്നത്.
കോഴിഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ വളർത്തു പക്ഷികളെ ദയാവധം ചെയ്യാനും സംസ്കരിക്കാനും ജില്ലാ ഭരണകൂടം തീരുമാനിക്കുകയും ചെയ്തു. രോഗബാധിത പ്രദേശത്ത് അണുനശീകരണ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കോഴിഫാമിന്റെ ഒന്നു മുതൽ 10 കിലോമീറ്റർ ചുറ്റളവിൽ നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട് ജില്ലാ ഭരണകൂടം. തുടർന്ന് ഫാം സ്ഥിതി ചെയ്യുന്ന കോട്ടയം ജില്ലയിൽ കോഴി, താറാവ് മറ്റു പക്ഷികൾ എന്നിവയുടെ വിൽപ്പനയ്ക്കും ഇറക്കുമതിക്കും നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ പക്ഷിപ്പനി പടരുന്ന സാഹചര്യത്തിൽ നമ്മുടെ ആരോഗ്യം, അതായത് പക്ഷിപ്പനി ബാധിത മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ ആരോഗ്യം എങ്ങനെ സംരക്ഷിക്കാം എന്ന് നോക്കാം.
ഒന്നാമതായി ചെയ്യേണ്ടത് പക്ഷികളുമായി, പ്രത്യേകിച്ച് അസുഖമുള്ളതോ ചത്തതോ ആയ പക്ഷികളുമായി അടുത്ത് പെരുമാറുന്നത് ഒഴിവാക്കുക എന്നതാണ്. ഇവയുടെ വിസർജ്യം മൂലം മലിനമാവുന്ന പ്രതലങ്ങളിൽ സ്പർശിക്കുന്നതും ഇടപഴകുന്നതും നിർത്തണം. ഇത്തരം അടുത്തിടപഴകൽ നിങ്ങൾക്ക് രോഗസാധ്യത സൃഷ്ടിച്ചേക്കാം എന്ന് വിദഗ്ധർ പറയുന്നു.
രോഗബാധിത കാലയളവിൽ കോഴിയിറച്ചി കഴിക്കുന്നത് കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. ഇനി അഥവാ കഴിക്കുന്നെങ്കിൽ വൈറസിനെ നശിപ്പിക്കാൻ അവ കുറഞ്ഞത് 165⁰ F വരെ ആന്തരിക താപനിലയിൽ പാകം ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. കുക്കർ ഉപയോഗിച്ച് നന്നായി വേവിച്ച മാംസം ഉപയോഗിക്കുന്നതാണ് നല്ലത്.
വീട്ടിൽ ആർക്കെങ്കിലും അസുഖ ലക്ഷണങ്ങളായ പനിയോ മറ്റോ അനുഭവപ്പെടുന്നുണ്ടെങ്കിൽ അവരുമായി അടുത്ത് ഇടപഴകുന്നത് ഒഴിവാക്കുക. വൈറസ് അവരിൽ നിന്ന് നിങ്ങളിലേക്ക് പകരാതിരിക്കാൻ ഇത് നിങ്ങളെ സഹായിക്കും. കൂടാതെ കുറഞ്ഞത് 20 സെക്കൻഡ് എങ്കിലും സോപ്പ് ഉപയോഗിച്ച് നിങ്ങളുടെ കൈകൾ ഇടയ്ക്കിടെ കഴുകുക. പ്രത്യേകിച്ച് ചുമക്കും തുമ്മലിനും ശേഷം കൈ കഴുകുന്നത് നിർബന്ധമാണ്.
രോഗവുമായി ബന്ധപ്പെട്ട് അധികൃതർ നൽകുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക എന്നതാണ് മറ്റൊരു കാര്യം. രോഗത്തെക്കുറിച്ച് വരുന്ന പുതിയ വിവരങ്ങൾ സമയത്ത് മനസ്സിലാക്കി പ്രതിരോധ നടപടികൾ സ്വീകരിക്കാനും ശ്രമിക്കണം.
മത്സ്യവും മാംസവും എല്ലാം കേരളീയരുടെ ഭക്ഷണരീതികളിൽ നിന്ന് ഒഴിവാക്കാനാവാത്ത വിഭവങ്ങളാണ്. എന്നാൽ സാഹചര്യം മനസ്സിലാക്കി അതിനോട് ഇണങ്ങി ജീവിക്കുക എന്നതും പ്രധാനമാണ്. പക്ഷിപ്പനി പടരുന്ന സാഹചര്യത്തിൽ ഇത്തരം സാധ്യതകൾ മനസ്സിലാക്കി ജാഗ്രത പുലർത്തേണ്ടതും പ്രധാനമാണ്.