Connect with us

National

മണിപ്പൂരിൽ ബിരേൺ സിംഗ് തന്നെ മുഖ്യമന്ത്രി; ഉത്തരാഖണ്ഡിലും ഗോവയിലും ചർച്ചകൾ തകൃതി

സായുധ സേന (പ്രത്യേക അധികാരങ്ങള്‍) നിയമം അല്ലെങ്കില്‍ സിവിലിയന്‍മാരുടെ മേല്‍ സൈന്യത്തിന് വ്യാപകമായ അധികാരം നല്‍കുന്ന അഫ്‌സ്പ സംബന്ധിച്ച് എന്തെങ്കിലും ചെയ്യുമെന്ന വാഗ്ദാനത്തോടെയാണ് ബിരേന്‍ സിംഗ് മണിപ്പൂര്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. അഫസ്പ നീക്കം ചെയ്യാന്‍ താന്‍ പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം വാഗ്ദാനം നല്‍കിയിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി | മണിപ്പൂര്‍ മുഖ്യമന്ത്രിയായി എന്‍ ബിരേണ്‍ സിംഗ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പ് ഫലം വന്ന് 10 ദിവസത്തിന് ശേഷമാണ് ബിരേണ്‍ സിംഗിനെ തന്നെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുന്നത്. പാര്‍ട്ടി നേതൃത്വത്തെ കാണാന്‍ ശനിയാഴ്ച ബിരേന്‍ ഡല്‍ഹിയിലെത്തിയിരുന്നു. ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുമായും അമിത് ഷായുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇതിന് പിന്നാലെയാണ് ബിജെപിയുടെ കേന്ദ്ര നിരീക്ഷകരായ കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമനും കിരണ്‍ റിജിജുവും ഇംഫാലില്‍ എത്തി ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

ബിശ്വജിത് സിംഗ്, യുംനം ഖേംചന്ദ് എന്നിവരുടെ പേരുകളും പാര്‍ട്ടി നേതൃത്വം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നുവെങ്കിലും ഒടുവില്‍ നല്‍ക്ക് ബിരേണിന് തന്നെ വീഴുകയായിരുന്നു. നിര്‍മല സീതാരാമനും കിരണ്‍ റിജിജുവും ഇംഫാലില്‍ എത്തി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം എല്‍ എമാരുമായി കൂടിക്കാഴ്ച നടത്തി. കാവല്‍ മുഖ്യമന്ത്രിയായി തുടരുന്ന ബിരേണ്‍ സിംഗിന്റെ പേരിന് തന്നെയാണ് യോഗത്തില്‍ പ്രാമുഖ്യം കിട്ടിയത്.

മുന്‍ ഫുട്‌ബോള്‍ താരവും പത്രപ്രവര്‍ത്തകനുമായ ബിരേണ്‍ സിംഗാണ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിച്ചിരുന്നത്. എന്നാല്‍ മുഖ്യമന്ത്രിയായി അദ്ദേഹത്തെ ബിജെപി ഉയര്‍ത്തിക്കാട്ടിയിരുന്നില്ല. ശനിയാഴ്ച, മുഖ്യമന്ത്രിയാകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, മുഖ്യമന്ത്രിയാകാന്‍ താന്‍ ഒരിക്കലും തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ലെന്നായിരുന്നു ബിരേന്‍ സിംഗ് മറുപടി നല്‍കിയത്.

സായുധ സേന (പ്രത്യേക അധികാരങ്ങള്‍) നിയമം അല്ലെങ്കില്‍ സിവിലിയന്‍മാരുടെ മേല്‍ സൈന്യത്തിന് വ്യാപകമായ അധികാരം നല്‍കുന്ന അഫ്‌സ്പ സംബന്ധിച്ച് എന്തെങ്കിലും ചെയ്യുമെന്ന വാഗ്ദാനത്തോടെയാണ് ബിരേന്‍ സിംഗ് മണിപ്പൂര്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. അഫസ്പ നീക്കം ചെയ്യാന്‍ താന്‍ പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം വാഗ്ദാനം നല്‍കിയിരുന്നു.

ഒരു ഫുട്‌ബോള്‍ കളിക്കാരനായി തന്റെ കരിയര്‍ ആരംഭിച്ച ബിരേന്‍ സിംഗ് ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ അംഗമായിട്ടുണ്ട്. ബിഎസ്എഫിന് വേണ്ടി ആഭ്യന്തര ഫുട്‌ബോള്‍ മത്സരങ്ങളിലും പങ്കെടുത്തു. ബി.എസ്.എഫ് വിട്ടതിന് ശേഷമാണ് മാധ്യമപ്രവര്‍ത്തകനായത്. ഔപചാരികമായ പരിശീലനവും അനുഭവപരിചയവും ഇല്ലാതിരുന്നിട്ടും 1992-ല്‍ അദ്ദേഹം നഹറോള്‍ഗി തൗഡങ് എന്ന പ്രാദേശിക ഭാഷാ ദിനപത്രം ആരംഭിക്കുകയും 2001 വരെ അതിന്റെ എഡിറ്ററായി പ്രവര്‍ത്തിക്കുകയും ചെയ്തു.

2002-ല്‍ മണിപ്പൂരിലെ ഹിന്‍ഗാങ് നിയമസഭാ മണ്ഡലത്തില്‍ നിന്ന് തന്റെ ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ വിജയിച്ചതോടെ അദ്ദേഹം രാഷ്ട്രീയത്തില്‍ സജീവമായി. 2007-ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ സീറ്റ് നിലനിര്‍ത്തി. 2012 വരെ മന്ത്രിയായി സേവനമനുഷ്ഠിച്ച അദ്ദേഹം നാല് വര്‍ഷത്തിന് ശേഷം ബി.ജെ.പിയില്‍ ചേര്‍ന്നു. 2017-ല്‍ അദ്ദേഹം തന്റെ സീറ്റില്‍ നിന്ന് വീണ്ടും വിജയിച്ചു, അതിനുശേഷം മുഖ്യമന്ത്രി സ്ഥാനത്തത്തെി.

ഗോവയിലും ഉത്തരാഖണ്ഡിലും അടുത്ത മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ ഇപ്പോള്‍ സസ്പെന്‍സ് നിലനില്‍ക്കുന്നുണ്ടെങ്കിലും ബിജെപിക്ക് അത് ഉടന്‍ പ്രഖ്യാപിക്കാനാകുമെന്നാണ് കരുതുന്നത്. തിങ്കളാഴ്ച ഉത്തരാഖണ്ഡില്‍ ചേരുന്ന നിയമസഭാ കക്ഷി യോഗത്തില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും. അതേസമയം ഗോവയില്‍ പ്രമോദ് സാവന്തിന്റെ കിരീടധാരണം ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.