Editorial
ജനന സര്‍ട്ടിഫിക്കറ്റ് നിഷേധവും വിവാദങ്ങളും
ഗാര്‍ഹിക പ്രസവങ്ങളെ അടച്ചാക്ഷേപിക്കുന്നതോ ആശുപത്രി പ്രസവങ്ങളെ പാടേ നിരുത്സാഹപ്പെടുത്തുന്നതോ ശരിയല്ല. രണ്ട് രീതികള്‍ക്കുമുണ്ട് ചില ഗുണങ്ങളും ദോഷങ്ങളും.

പ്രസവം വീട്ടിലായതിനെ തുടര്‍ന്ന് ജനന സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുന്ന അധികൃതരുടെ നടപടിക്കെതിരെ കോഴിക്കോട് കോട്ടൂളി സ്വദേശികളായ ദമ്പതികള്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചതോടെ ഗാര്‍ഹിക പ്രസവത്തിന്റെ ഗുണദോഷങ്ങള്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. ഗാര്‍ഹിക പ്രസവങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തു വന്നുകൊണ്ടിരിക്കുന്നു. ആശുപത്രികളെ ആശ്രയിക്കാതെ വീട്ടില്‍ പ്രസവിക്കുന്നത് സുരക്ഷിതമല്ല, കുഞ്ഞിന്റെയും മാതാവിന്റെയും ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്ന് ഡോക്ടര്‍മാരുടെ സംഘടനയും ആരോഗ്യ വിദഗ്ധരും മുന്നറിയിപ്പ് നല്‍കുമ്പോള്‍, മാതാവിനും ഗര്‍ഭസ്ഥ ശിശുവിനും കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെങ്കില്‍ പ്രസവം ആശുപത്രിയില്‍ തന്നെ വേണമെന്ന് എന്തിന് നിര്‍ബന്ധിക്കുന്നുവെന്നാണ് മറുവിഭാഗം ചോദിക്കുന്നത്.
“ഗര്‍ഭധാരണവും പ്രസവവും രോഗമല്ല. എല്ലാ ജീവജാലങ്ങളിലും നടക്കുന്ന പ്രകൃതിദത്ത പ്രക്രിയയാണ്. ഗര്‍ഭകാലത്ത് ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധിക്കുകയും ആവശ്യമായ വ്യായാമം ലഭിക്കുകയും ചെയ്താല്‍, ഗര്‍ഭസ്ഥ ശിശുവിന് പൂര്‍ണ വളര്‍ച്ചയെത്തുന്നതോടെ സ്വാഭാവികമായി പ്രസവം നടക്കും. അതിന് ആശുപത്രികളെ ആശ്രയിക്കേണ്ട ആവശ്യമില്ലെ’ന്നാണ് ഗാര്‍ഹിക പ്രസവങ്ങളെ അനുകൂലിക്കുന്നവരുടെ വാദമുഖങ്ങള്‍. പല വികസിത രാജ്യങ്ങളിലും വ്യാപകമായി ഗാര്‍ഹിക പ്രസവങ്ങള്‍ നടക്കുന്നതും ഭരണകൂടങ്ങള്‍ അതിനെ പ്രോത്സാഹിപ്പിക്കുന്ന കാര്യവും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വീട്ടില്‍ കുടുംബക്കാരുടെ സാമീപ്യത്തില്‍ നടക്കുന്ന പ്രസവം മാതാവിന് കൂടുതല്‍ സുരക്ഷിത ബോധം നല്‍കുമെന്നും വിലയിരുത്തപ്പെടുന്നു. സമീപ കാലം വരെയും വ്യാപകമായി വീടുകളിലായിരുന്നു പ്രസവമെന്നതും നാട്ടില്‍ മുഴത്തിനുമുഴം ആശുപത്രികള്‍ സ്ഥാപിതമായതോടെയാണ് പ്രസവത്തിന് ആശുപത്രികള്‍ തന്നെ വേണമെന്ന പൊതുബോധം സൃഷ്ടിക്കപ്പെട്ടതെന്നും ഇതോട് ചേര്‍ത്തു വായിക്കേണ്ടതുണ്ട്.
ആശുപത്രികളില്‍ പോയാല്‍ ആവശ്യമില്ലാതെ സിസേറിയന്‍ ചെയ്യുമെന്ന ധാരണയും സമൂഹത്തില്‍ വ്യാപകം. ദേശീയ ആരോഗ്യ മിഷന്‍ 2024 ഡിസംബറില്‍ പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് കേരളത്തില്‍ സിസേറിയന്‍ പ്രസവങ്ങളുടെ കണക്ക് വന്‍തോതില്‍ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ചില തെക്കന്‍ ജില്ലകളില്‍ അമ്പത് ശതമാനത്തിനു മുകളിലാണ് സിസേറിയന്‍ നിരക്ക്. അതേസമയം നൂറ് പ്രസവം നടക്കുമ്പോള്‍ 85ഉം സാധാരണ പ്രസവമായിരിക്കണമെന്നും സിസേറിയന്‍ 15 ശതമാനത്തില്‍ കൂടരുതെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം. സ്വാഭാവിക പ്രസവം പ്രോത്സാഹിപ്പിക്കുന്നതില്‍ ഡോക്ടര്‍മാര്‍ക്കുള്ള വിമുഖതയാണ് സിസേറിയനുകളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. സിസേറിയനുകളെയാണ് ഡോക്ടര്‍മാരില്‍ നല്ലൊരു പങ്കും പ്രോത്സാഹിപ്പിക്കുന്നത്. മാതാവിന്റെയും കുഞ്ഞിന്റെയും ജീവന്‍ അപകടത്തിലാകാന്‍ സാധ്യതയുള്ളപ്പോള്‍ മാത്രം ആശ്രയിക്കേണ്ട അവസാന ആശ്രയമാണ് സിസേറിയന്‍.
മാതാവിന് അമിതമായ രക്തസ്രാവം, കുഞ്ഞിന്റെ ഹൃദയമിടിപ്പിലെ വ്യതിയാനം, അവധിയെത്തിയിട്ടും പ്രസവിക്കായ്മ തുടങ്ങി പ്രസവവുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ കണ്ടുപിടിക്കാനുള്ള ഉപകരണങ്ങളും സംവിധാനങ്ങളും, ഇത്തരത്തിലുള്ള സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ നൈപുണ്യം നേടിയവരും അനിവാര്യമാണ് സുരക്ഷിത പ്രസവത്തിനെന്നതാണ് ആശുപത്രി പ്രസവത്തെ അനുകൂലിക്കുന്നവരുടെ ന്യായീകരണം. പ്രസവവുമായി ബന്ധപ്പെട്ട ശിശു-മാതൃ മരണ നിരക്ക് കുറക്കുന്നതിനും ആശുപത്രികളാണ് ഗുണകരമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം സംസ്ഥാനത്ത് മാതൃമരണ നിരക്ക് ഇപ്പോഴും ഉയര്‍ന്ന തോതില്‍ തന്നെയാണെന്ന് ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു. 2015-16 മുതല്‍ 2020-21 വരെയുള്ള അഞ്ച് വര്‍ഷങ്ങളില്‍ 741 സ്ത്രീകള്‍ ആശുപത്രികളിലെ പ്രസവക്കേസുകളില്‍ മരണപ്പെടുകയുണ്ടായി.
ഗാര്‍ഹിക പ്രസവങ്ങളെ അടച്ചാക്ഷേപിക്കുന്നതോ, ആശുപത്രി പ്രസവങ്ങളെ പാടേ നിരുത്സാഹപ്പെടുത്തുന്നതോ ശരിയല്ല. രണ്ട് രീതികള്‍ക്കുമുണ്ട് ചില ഗുണങ്ങളും ദോഷങ്ങളും. പ്രസവം വീട്ടിലാകുമ്പോള്‍ ആശുപത്രികളിലെ സങ്കീര്‍ണതകള്‍ ഒഴിവാക്കാനും സ്വകാര്യത ലഭിക്കാനും ആശുപത്രി ചെലവുകള്‍ ഒഴിവാക്കാനും രാസവസ്തുക്കളടങ്ങിയ മരുന്നുകളുടെ ഉപയോഗം ഒഴിവാക്കാനും സഹായകമാകും. മികച്ച പരിശീലനം നേടിയ വയറ്റാട്ടികളുടെ സഹായത്തോടെ വീടുകളിലാണ് മുന്‍കാലങ്ങളില്‍ പ്രസവങ്ങള്‍ നടന്നിരുന്നത്. ഇന്ന് ജീവിച്ചിരിപ്പുള്ള 30ഉം 40ഉം വയസ്സുള്ള തലമുറകള്‍ മിക്കവാറും വീട്ടില്‍ പ്രസവിച്ചവരാണ്. ഇന്നത്തെപ്പോലെ രണ്ടോ മൂന്നോ അല്ല, കൂടുതൽ കുഞ്ഞുങ്ങള്‍ക്കാണ് സ്ത്രീകള്‍ അന്ന് ജന്മം നല്‍കിയിരുന്നത്.
വീട്ടിലെ പ്രസവത്തിനിടെ എവിടെയോ കുഞ്ഞോ മാതാവോ മരണപ്പെട്ടതിന്റെ പേരില്‍ ഗാര്‍ഹിക പ്രസവങ്ങളെല്ലാം അപകടകരമാണെന്ന് വിലയിരുത്താവുന്നതല്ല. ആശുപത്രികളിലും സംഭവിക്കാറുണ്ട് പ്രസവത്തിനിടെ മരണങ്ങള്‍. മൂന്നാഴ്ച മുമ്പാണ് പ്രസവക്കേസില്‍ കാഞ്ഞങ്ങാട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ ബക്കല്‍ ചെറ്റക്കുണ്ട് സ്വദേശിനിയായ മാതാവും നവജാത ശിശുവും മരിച്ചത്. ചികിത്സാ പിഴവ് ആരോപിച്ച് ആരോഗ്യ മന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനുമുള്‍പ്പെടെ പരാതി നല്‍കിയിരിക്കുകയാണ് യുവതിയുടെ കുടുംബം. പ്രസവത്തില്‍ കുഞ്ഞിന്റെ കൈയുടെ ചലന ശേഷി നഷ്ടപ്പെട്ട സംഭവത്തില്‍ ആലപ്പുഴ വനിതാ ശിശു ആശുപത്രിക്കെതിരെ പരാതിയുമായി കുഞ്ഞിന്റെ മാതാവും കുടുംബവും രംഗത്തുവന്നത് അടുത്തിടെയാണ്. സംസ്ഥാനത്ത് ഗാര്‍ഹിക പ്രസവത്തോട് കൂടുതല്‍ പേര്‍ താത്പര്യം പ്രകടിപ്പിച്ചു വരുന്നതായാണ് റിപോര്‍ട്ട്. ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് 2022-23ല്‍ സംസ്ഥാനത്ത് എഴുനൂറിലേറെ പ്രസവങ്ങള്‍ നടന്നത് വീടുകളിലാണ്.
അതേസമയം, സുരക്ഷിതമായ പ്രസവത്തിനുള്ള സാധ്യതയില്ലെങ്കില്‍ പ്രോത്സാഹിപ്പിക്കേണ്ടതല്ല വീടുകളിലെ പ്രസവം. വിദഗ്ധരായ മിഡ് വൈഫുമാരുടെയോ ആരോഗ്യപ്രവര്‍ത്തകരുടെയോ സഹായമില്ലാതെ ഈ രംഗത്ത് വൈദഗ്ധ്യമില്ലാത്ത ഭര്‍ത്താവിന്റെയോ വീട്ടുകാരുടെയോ മാത്രം സാന്നിധ്യത്തില്‍ പ്രസവം നടക്കുന്നത് ദുരന്തത്തിന് വഴിവെച്ചേക്കും. പ്രസവം വീട്ടിലായി എന്ന കാരണത്താല്‍ ജനന സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനം തന്നെയാണ്. മനുഷ്യാവകാശ കമ്മീഷന്‍ നീതിയുക്തമായ തീരുമാനമെടുക്കുമെന്ന് പ്രത്യാശിക്കാം.