Connect with us

Travelogue

കൈപ്പുള്ള ചായ മധുരമുള്ള കറി

സിംഗപ്പൂരിനെ പോലെ സിംഹങ്ങളുടെ നാടാണ് സോംഗ്ക്ലയും. ആദ്യം സിംഹപുര ആയിരുന്നു. പിന്നീടതിന് പരിണാമം സംഭവിച്ചു. സിംഹരൂപത്തിലുള്ള പർവത സാന്നിധ്യമാണ് പേരിന് പിന്നിൽ. ബുദ്ധ മത വിശ്വാസികൾക്കാണിവിടെ ഭൂരിപക്ഷം. മുസ്‌ലിം അംഗസംഖ്യയും കുറവല്ല. യാവിയാണ് പ്രാദേശിക മുസ്‌ലിംകളുടെ സംസാരഭാഷ. സുൽത്വാൻ ഭരണത്തിന് കീഴിലായിരുന്നു ഒരുകാലത്ത് ഇവിടം. അതിന്റെ ശേഷിപ്പുകൾ ഇപ്പോഴും സംരക്ഷിക്കപ്പെടുന്നു.

Published

|

Last Updated

ധും എന്നാണ് ഞങ്ങളുടെ കാർ ഡ്രൈവറുടെ പേര്. ബുദ്ധനാണ്. സൗമ്യൻ. സംസാര പ്രിയനല്ല. മാക്സിം ആപ്പിൽ സെർച്ച് ചെയ്തപ്പോൾ ലഭിച്ച ടാക്സിക്കാരനാണ്. ഊബർ മാതൃകയിൽ ടാക്സി വിളിക്കാൻ തായ്്ലാൻഡുകാർ ഉപയോഗിക്കുന്ന ആപ്പാണ് മാക്സിം. ധുമ്മിന് തായ് ഭാഷ മാത്രമേ അറിയൂ. ഇംഗ്ലീഷ് പദങ്ങൾ അപൂർവമായി മാത്രം മനസ്സിലാകും. അതും നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന് അറിയാവുന്ന അത്ര മാത്രം. കൂടുതൽ ചോദിച്ചപ്പോൾ ഗൂഗ്ൾ ട്രാൻസ്‌ലേറ്റർ കാണിച്ചു തന്നു. അതുവഴി സംസാരിക്കാമെന്നായി.

എനിക്കത് വലിയ സൗകര്യമായി. അറിയാവുന്ന ഇംഗ്ലീഷിലും ബാക്കി ആംഗ്യങ്ങൾ കാണിച്ചും കാര്യങ്ങൾ പങ്കുവെച്ചു. ധുമ്മും അതിനോട് പെട്ടെന്ന് പൊരുത്തപ്പെട്ടു. ആംഗ്യ ഭാഷയേക്കാൾ വലിയ ആഗോള ഭാഷ വേറെയില്ലല്ലോ. ഇംഗ്ലീഷ് അറിഞ്ഞാൽ എവിടെയും സഞ്ചരിക്കാമെന്ന ധാരണയും അതോടെ മാറിക്കിട്ടി.

ഇലക്ട്രിക് കാറാണ്. നമ്പർ പ്ലെയ്റ്റിന് ചുവപ്പു നിറം. പ്രവിശ്യകൾ കടന്ന് യാത്ര ചെയ്യാൻ പെർമിറ്റുള്ള വാഹനങ്ങൾക്കാണ് തായ്്ലാൻഡിൽ ചുവന്ന നമ്പർ ലഭിക്കുക. കാറിന്റെ ചില്ലിൽ കൂളിംഗ് ഒട്ടിച്ചിട്ടുണ്ട്. പുറം കാഴ്ചകൾക്ക് വേണ്ടത്ര വ്യക്തതയില്ല. ചില്ലുകൾ താഴ്ത്തി നോക്കി. പക്ഷേ, അൽപ്പം കഴിഞ്ഞപ്പോഴേക്കും ഉയർത്തേണ്ടി വന്നു. താപനില കൂടുതലില്ലെങ്കിലും വരണ്ട കാറ്റ്. ഇന്ത്യൻ റസ്റ്റോറന്റ് ലക്ഷ്യമാക്കിയാണ് ധും പോകുന്നത്. സ്വാദിഷ്ഠമായ ഭക്ഷണം ലഭിക്കുന്ന സ്ഥലമാണത്രെ. സിംഗപ്പൂർ എയർപോർട്ടിൽ വെച്ച് പത്തിരിയും ബീഫ് വരട്ടിയതും കഴിച്ചതാണ്. നാട്ടിൽ നിന്ന് കേടുവരാത്ത വിധം പാകം ചെയ്ത് കവറിലാക്കി കൈയിൽ കരുതിയതായിരുന്നു. എങ്കിലും വിശപ്പ് തോന്നുന്നുണ്ട്.

റസ്റ്റോറന്റിലെത്തി. വൃത്തിയും വെടിപ്പുമുള്ള കട. തെരുവുകളിൽ പോലും മാലിന്യങ്ങളില്ലാത്ത രാജ്യത്തെ ഭക്ഷണ ശാലയാണല്ലോ. നടത്തിപ്പുകാർ സ്ത്രീകളാണ്. ഹിജാബണിഞ്ഞിട്ടുണ്ട്. ചുമരിൽ ഹലാൽ സ്റ്റിക്കറുമുണ്ട്. പക്ഷേ, തീൻ മേശയിലെ തടസ്സം ഭാഷ തന്നെ. ഒന്നും പറഞ്ഞിട്ട് മനസ്സിലാകുന്നില്ല. ഒടുവിൽ കാറ്റലോഗിലെ ഇനങ്ങൾ കാണിച്ച് കൊടുത്ത് ചായയും റൊട്ടിയും കബാബും പരിപ്പിൻ കറിയും ഓർഡർ ചെയ്തു. അൽപ്പം കാത്തിരുന്നപ്പോൾ ചായ വന്നു. ജ്യൂസ് ഗ്ലാസിൽ ചെറിയ ചെറിയ ഐസ് കഷ്ണങ്ങൾ ചേർത്ത ഒന്നാന്തരം ചായ. രുചിയാണെങ്കിലോ നല്ല കയ്പ്പും. പരിചയപ്പെടും തോറും അപരിചിതത്തങ്ങൾ സമ്മാനിക്കുകയാണ് തായ്്ലാൻഡ്. ഭക്ഷ്യ എണ്ണകൾ മാറുന്നതിനനുസരിച്ച് പല നാടുകളിലെയും രുചികൾ വ്യത്യാസപ്പെടാറുണ്ട്. എന്നാലിവിടുത്തെ പാചകക്കൂട്ടുകൾ വിചിത്രമാണ്. ഒറിജിനൽ തായ് റെസ്റ്റോറന്റാണെങ്കിൽ പറയുകയും വേണ്ട. അത്രയും വൈവിധ്യമാർന്നതാകും അവയിലെ രുചിഭേദങ്ങൾ. ഒടുവിൽ ഇന്ത്യൻ റസ്റ്റോറന്റിൽ ഞങ്ങൾക്കൊരു പരിചയക്കാരനെ കിട്ടി. ഒരു ഉറുദുവാല. പാക്കിസ്ഥാനി. റസ്റ്റോറന്റിലെ റൊട്ടി പാചകക്കാരനാണ്. അയാളോട് കുറച്ച് സമയം സംസാരിച്ച് താമസത്തിന് ബുക്ക് ചെയ്ത സിഗ്നേച്ചർ ഹോട്ടലിലേക്ക് യാത്ര തുടർന്നു.

സെൻട്രൽ ഹാത്യായിലൂടെയാണ് പോകുന്നത്. റോഡരികിൽ വലിയ ഒരു ഹോട്ടലുണ്ട്, ഫുൻദുഖ് അൽ ഫഹദ് എന്നാണ് പേര്. അൽപ്പമകലെ നഗരത്തിന് അലങ്കാരമായി കൂറ്റൻ മാൾ. വഴിയിൽ ദുരിയാൻ വിൽക്കുന്നു. ചക്ക പോലുണ്ട്. അത്ര വലിപ്പമില്ല. നല്ല മധുരമുള്ള ഫലവർഗമാണ്. മാംസളമായ ചുളകൾ. ഇതിനുമുമ്പ് പലയിടത്തുവെച്ചും കണ്ടിട്ടുണ്ട്. തെക്കു കിഴക്ക് ഏഷ്യയിൽ പഴങ്ങളുടെ രാജാവായാണ് ദുരിയാൻ അറിയപ്പെടുന്നത്. പ്രത്യേകതരം വാസനയാണ്. അതുകാരണം സിംഗപ്പൂരിലും തായ്്ലാൻഡിലുമൊന്നും പൊതു സ്ഥലങ്ങളിൽ ദുരിയാൻ കഴിക്കാനോ കൊണ്ടുപോകാനോ പാടില്ല. എയർപോർട്ടുകളിലൊക്കെ അക്കാര്യം പ്രത്യേകം പരാമർശിക്കുന്ന അറിയിപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്.

സോംഗ്ക്ല പ്രവിശ്യാ തലസ്ഥാനമാണ് ഹാത്യായ്. സിംഗപ്പൂരിനെ പോലെ സിംഹങ്ങളുടെ നാടാണ് സോംഗ്ക്ലയും. ആദ്യം സിംഹപുര ആയിരുന്നു. പിന്നീടതിന് പരിണാമം സംഭവിച്ചു. സിംഹരൂപത്തിലുള്ള പർവത സാന്നിധ്യമാണ് പേരിന് പിന്നിൽ. ബുദ്ധ മത വിശ്വാസികൾക്കാണിവിടെ ഭൂരിപക്ഷം. മുസ്‌ലിം അംഗസംഖ്യയും കുറവല്ല. യാവിയാണ് പ്രാദേശിക മുസ്‌ലിംകളുടെ സംസാരഭാഷ. സുൽത്വാൻ ഭരണത്തിന് കീഴിലായിരുന്നു ഒരുകാലത്ത് ഇവിടം. അതിന്റെ ശേഷിപ്പുകൾ ഇപ്പോഴും സംരക്ഷിക്കപ്പെടുന്നു.