Connect with us

National

ഡല്‍ഹിയില്‍ ന്യൂനപക്ഷങ്ങളുടെ കെട്ടിടങ്ങൾ തകർത്ത് ബിജെപിയുടെ 'ബുൾഡോസർ രാജ്'; തടയിട്ട് സുപ്രീം കോടതി

ബുധനാഴ്ച രാവിലെയാണ് ജഹാംഗീര്‍പുരി മേഖലയില്‍ അനധീകൃത കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നുവെന്ന വ്യാജേന മുസ്ലിം പള്ളി ഉള്‍പ്പെടെ കെട്ടിടങ്ങള്‍ക്ക് എതിരെ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ നടപടി തുടങ്ങിയത്.

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി ജഹാംഗീര്‍പുരിയില്‍ പള്ളി ഉൾപ്പെടെ ന്യൂനപക്ഷ വിഭാഗത്തില്‍പെട്ടവരുടെ കെട്ടിടങ്ങള്‍ ലക്ഷ്യമിട്ട് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ നടത്തിയ ‘ബുള്‍ഡോസർ രാജ്’ തടഞ്ഞ് സുപ്രീം കോടതി. കെട്ടിടങ്ങള്‍ പൊളിക്കുന്നത് അടിയന്തരമായി നിര്‍ത്തിവെക്കാന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കി. കെട്ടിടം പൊളിക്കുന്നതിനെതിരെ ജംഇയ്യത്തുൽ ഉലമായെ ഹിന്ദിന്‍റെ ഹര്‍ജി പരിഗണിച്ച കോടതി തത്സ്ഥിതി തുടരാന്‍ നിര്‍ദേശിക്കുകയായിരുന്നു. ബംഗാളി മുസ്ലിംകൾ താമസിക്കുന്ന കോളനികൾ പൊളിച്ചു മാറ്റാനുള്ള നടപടി നിർത്തിവെക്കാൻ ബി.ജെ.പി ഭരിക്കുന്ന മുനിസിപ്പൽ കൗൺസിലിന് കോടതി നിർദേശം നൽകി. ദുഷ്യന്ത് ദവെ, കപിൽ സിബൽ, സഞ്ജയ് ഹെഗ്ഡെ എന്നിവർ ഹരജിക്കാർക്കായി ഹാജരായി.

എന്നാല്‍ കോടതി ഉത്തരവ് വന്നതിന് ശേഷവും മേഖലയില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് കെട്ടിടങ്ങള്‍ പൊളിക്കുന്നത് കോര്‍പറേഷന്‍ അധികൃതര്‍ തുടര്‍ന്നു. കോടതി ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് പറഞ്ഞായിരുന്നു നടപടി. ഇതോടെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് കോടതി ഉത്തരവുമായി നേരിട്ട് ജഹാംഗീര്‍പുരിയിലെത്തി കെട്ടിടം പൊളി നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ കെട്ടിടം പൊളി നിര്‍ത്തിവെച്ച് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍ തത്കാലം തടിയൂരി.

ബുധനാഴ്ച രാവിലെയാണ് ജഹാംഗീര്‍പുരി മേഖലയില്‍ അനധീകൃത കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നുവെന്ന വ്യാജേന മുസ്ലിം പള്ളി ഉള്‍പ്പെടെ കെട്ടിടങ്ങള്‍ക്ക് എതിരെ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ നടപടി തുടങ്ങിയത്. കുശാല്‍ചൗക്കിലെ തെരുവുകച്ചവടക്കാരെയാണ് ആദ്യം ഒഴിപ്പിച്ചത്. പിന്നീട് ജഹാംഗീര്‍പുരിയിലെ പള്ളിക്ക് സമീപമുള്ള 12ഓളം കെട്ടിടങ്ങളും തകര്‍ത്തു. പള്ളിയുടെ മതില്‍ തകര്‍ക്കുന്നതിനിടയിലാണ് വൃന്ദകാരാട്ട് ഉത്തരവുമായി എത്തി ഇടപെട്ടത്. കോടതിവിധിയുടെ നഗ്നമായ ലംഘനമാണ് നടത്തുന്നതെന്ന് പറഞ്ഞാണ് ബൃന്ദ കാരാട്ട് പൊലീസ് ഉദ്യോഗസ്ഥരോടും മുനിസിപ്പല്‍ അധികൃതരോടും പൊളിക്കല്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടത്.

ഹനുമാന്‍ ജയന്തി ദിനത്തില്‍ ജഹാംഗീര്‍പുരിയില്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ സംഘം നടത്തിയ ഘോഷയാത്രയ്ക്ക് നേരെ കല്ലേറുണ്ടായെന്ന് ആരോപിച്ചാണ് കോര്‍പറേടഷന്‍ ന്യൂനപക്ഷ വേട്ടക്ക് തുടക്കമിട്ടത്. സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കുക എന്ന പേരില്‍ ബിജെപി ഭരിക്കുന്ന നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ രണ്ട് ദിവസത്തെ പൊളിക്കല്‍ നടപടി തുടങ്ങുകയായിരന്നു. വര്‍ഗീയ സംഘര്‍ഷം ഉണ്ടായിട്ടില്ലാത്ത ജഹാംഗിര്‍പുരിയില്‍ ന്യൂനപക്ഷ വിഭാഗത്തെ അക്രമത്തിലേക്ക് തള്ളിവിടാനുള്ള ആസൂത്രിത നീക്കമായിരുന്നു ഇത്. എന്നാല്‍ കോടതി കൃത്യസമയത്ത് ഇടെപട്ടതോടെ ഇത് തത്കാലം പാളിയിരിക്കുകയാണ്.