Connect with us

bipin rawat

ന്യൂഡൽഹി മുനിസിപ്പൽ കൗൺസിലിന് ബി ജെ പിയുടെ കത്ത്; അക്ബർ റോഡിന് ബിപിൻ റാവത്തിന്റെ പേര് നൽകണം

അക്ബർ അതിക്രമിയാണെന്നും കത്തിൽ

Published

|

Last Updated

ന്യൂഡൽഹി | ഡൽഹിയിലെ അക്ബർ റോഡിന് കുന്നൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ പേര് നൽകണമെന്ന ആവശ്യവുമായി ബി ജെ പി. ബിപിൻ റാവത്തിന് നൽകാവുന്ന ഏറ്റവും വലിയ ആദരവായിരിക്കുമിതെന്ന് ന്യൂഡൽഹി മുൻസിപ്പൽ കൗൺസിലിന് നൽകിയ കത്തിൽ ബി ജെ പി മീഡിയാ വിഭാഗം മേധാവി നിവീൻ കുമാർ ജിൻഡാൽ പറഞ്ഞു.

രാജ്യത്തെ ആദ്യ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ പേര് അക്ബർ റോഡിന് നൽകണം. ഇത് അദ്ദേഹത്തിന് നൽകുന്ന യഥാർഥ ആദരവായിരിക്കുമെന്ന് വിശ്വസിക്കുന്നു. അക്ബർ ഒരു അതിക്രമിയാണ്. ഇതൊരു പ്രധാന റോഡാണ്. അതുകൊണ്ട് എന്നത്തേക്കുമായി ഈ റോഡ് റാവത്തിന്റെ പേരിലേക്ക് മാറ്റണമെന്നും കത്തിൽ പറയുന്നു.

അതേസമയം, നിരവധി പേർ സമൂഹ മാധ്യമങ്ങളിലൂടെ ഇതേ ആവശ്യം ഉന്നയിക്കുന്നുണ്ടെന്നും ചർച്ച ചെയ്യുമെന്നും ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ പറഞ്ഞു. അക്ബർ റോഡിന്റെ പേര് മാറ്റാനുള്ള ആവശ്യം നേരത്തേയും ബി ജെ പി ഉയർത്തിയിരുന്നു. കേന്ദ്ര മന്ത്രി വി കെ സിംഗാണ് ഈ ആവശ്യം ഉന്നയിച്ചിരുന്നത്. മഹാറാണ പ്രതാപ് റോഡ് എന്നാക്കണമെന്നായിരുന്നു ആവശ്യം.

കഴിഞ്ഞ ഒക്ടോബറിൽ അക്ബർ റോഡിലെ ദിശാ ബോർഡുകൾ ഒരു സംഘം നശിപ്പിച്ചിരുന്നു. സാമ്രാട്ട് ഹെമു വിക്രമാദിത്യ മാർഗ് എന്ന് എഴുതിയ പോസ്റ്ററുകളും പതിച്ചിരുന്നു. ഹിന്ദു സേനയാണ് ഇതിന് പിന്നിലെന്ന ആരോപണവും ഉയർന്നിരുന്നു. ഡൽഹിയിലെ വി വി ഐ പി മേഖലയാണ് അക്ബർ റോഡ്. കോൺഗ്രസ്സ് ഓഫീസും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ വസതിയും അക്ബർ റോഡിലാണ്. നേരത്തെ ഔറംഗസീബിന്റെ പേരിലുള്ള റോഡ് ബി ജെ പി മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൽ കലാമിന്റെ പേരിലേക്ക് മാറ്റിയിരുന്നു.

Latest