editorial
മണിപ്പൂരിലേത് ബി ജെ പിയുടെ രാഷ്്ട്രീയ പരാജയം
നാട് പുകഞ്ഞു കൊണ്ടിരിക്കുമ്പോള്‍ പകരമൊരാളെ ചുമതല ഏല്‍പ്പിക്കാന്‍ സാധിക്കാതെ രാഷ്്ട്രപതി ഭരണം അടിച്ചേ ൽപ്പിച്ചിരിക്കുകയാണ്. ബിരേന്‍ സിംഗിനെ തന്നെ വീണ്ടും കൊണ്ടുവന്നാല്‍ അത്ഭുതപ്പെടേണ്ടതില്ല. മണിപ്പൂരില്‍ അത്രവലിയ ഊരാക്കുടുക്കിലാണ് ബി ജെ പി.

മണിപ്പൂരില്‍ ബി ജെ പി അനുഭവിക്കുന്ന പ്രതിസന്ധി ചെറുതല്ല. നിയമസഭയില്‍ ഒറ്റക്ക് ഭൂരിപക്ഷമുണ്ട് പാര്‍ട്ടിക്ക്. പക്ഷേ ബിരേന്‍ സിംഗ് രാജിവെച്ചൊഴിഞ്ഞ മുഖ്യമന്ത്രി പദവിയിലേക്ക് ഒരാളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അങ്ങനെയാണ് സംസ്ഥാനം രാഷ്്ട്രപതി ഭരണത്തിലേക്ക് നീങ്ങിയത്. സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് പരിചയമുള്ള പാര്‍ട്ടി മണിപ്പൂരില്‍ മുഖ്യമന്ത്രി രാജിവെച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും പദവിയിലേക്ക് പറ്റിയ ആളെ നിയോഗിക്കാനാകാതെ സ്്തംഭിച്ചുനില്‍ക്കുകയാണ്. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു? എന്തുകൊണ്ട് ഇപ്പോഴും ആ കസേര ഒഴിഞ്ഞുകിടക്കുന്നു? ബി ജെ പി ഒട്ടും ആഗ്രഹിക്കാതിരുന്നിട്ടും രാഷ്്ട്രപതി ഭരണം എന്ന തീരുമാനത്തിലേക്ക് ഒടുവില്‍ എത്തിച്ചേര്‍ന്നതെങ്ങനെ?
കഴിഞ്ഞ 21 മാസമായി മണിപ്പൂരില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം തുടരുകയാണ്. ഒരു ഭാഗത്ത് കുകികളും മറുഭാഗത്ത് മെയ്‌തേയ്കളും. കലാപം ആളിപ്പടര്‍ന്നപ്പോഴും ഗോത്രവിഭാഗങ്ങള്‍ തമ്മിലുള്ള ഉരസല്‍ മാത്രമെന്ന് വരുത്തിത്തീര്‍ക്കാനാണ് ബി ജെ പിയും സംസ്ഥാന സര്‍ക്കാറും ശ്രമിച്ചത്. പക്ഷേ തുടക്കം മുതല്‍ കലാപത്തിന് സാമുദായിക സ്വഭാവമുണ്ടായിരുന്നു. സാഹചര്യവശാല്‍ ഒരു വിഭാഗത്തെ ഏകപക്ഷീയമായി പിന്തുണക്കുന്ന നിലപാടാണ് ബിരേന്‍ സിംഗ് സ്വീകരിച്ചത്. സംഘര്‍ഷത്തില്‍ 250ലേറെ പേര്‍ കൊല്ലപ്പെട്ടു, സ്്ത്രീകള്‍ ബലാത്സംഗത്തിനിരയായി, യുവതികള്‍ നഗ്നരായി തെരുവിലൂടെ നടത്തപ്പെട്ടു, നിരവധി ക്രൈസ്്തവ ദേവാലയങ്ങള്‍ നശിപ്പിക്കപ്പെട്ടു, നൂറുകണക്കിന് വാഹനങ്ങളെ തീ വിഴുങ്ങി, 60,000 ത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു, ജനപ്രതിനിധികള്‍ പോലും കൈയേറ്റത്തിനിരയായി, പോലീസ് ക്യാമ്പുകള്‍ കൊള്ളയടിക്കപ്പെട്ടു, അവിടെ നിന്ന് ആയുധങ്ങള്‍ കവര്‍ന്നു, ആ ആയുധങ്ങളുമായി അക്രമികള്‍ റോന്ത് ചുറ്റി.
സംഘര്‍ഷം അവസാനിപ്പിക്കുന്നതിലും അക്രമം തടയുന്നതിലും അമ്പേ പരാജയമായിരുന്നു സംസ്ഥാന സര്‍ക്കാര്‍. പ്രശ്നം പരിഹരിക്കാന്‍ ധാരാളം അവസരങ്ങളുണ്ടായിരുന്നു. സംഘര്‍ഷം മൂര്‍ഛിക്കുന്ന ഘട്ടത്തില്‍ തന്നെ ഇരുവിഭാഗത്തെയും ഒരുമിച്ചിരുത്തി രഞ്ജിപ്പിന്റെ വഴി തേടാമായിരുന്നു. അതുണ്ടായില്ല. “ഒറ്റപ്പെട്ട അക്രമ സംഭവങ്ങള്‍’ നടക്കുന്നുണ്ടെന്നതൊഴിച്ചാല്‍ സ്ഥിതി ശാന്തമാണ് എന്ന് നടിക്കുകയായിരുന്നു മുഖ്യമന്ത്രി ഉള്‍പ്പെടെ ബി ജെ പി നേതാക്കള്‍. കുകി വിഭാഗത്തില്‍ നിന്നുള്ള പത്ത് എം എല്‍ എമാര്‍ നിയമസഭയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചപ്പോള്‍ പോലും വിഷയം ഗൗരവത്തിലെടുത്തില്ല സംസ്ഥാന ഭരണകൂടം. കേന്ദ്ര സര്‍ക്കാറാകട്ടെ മണിപ്പൂര്‍ മറ്റേതോ ഭൂഖണ്ഡത്തിലാണെന്ന മട്ടില്‍ ആ വഴിക്ക് എത്തിനോക്കിയില്ല. കലാപം ആരംഭിച്ചിട്ട് ഇന്നോളം മണിപ്പൂര്‍ സന്ദര്‍ശിച്ചിട്ടില്ല പ്രധാനമന്ത്രി. പാര്‍ലിമെന്റിലും പുറത്തും പ്രതിപക്ഷം ഉന്നയിച്ച വിമര്‍ശങ്ങള്‍ നേര്‍പ്പിക്കാന്‍ വേണ്ടി മാത്രം പ്രശ്നത്തിലിടപെട്ടു ആഭ്യന്തര മന്ത്രി അമിത്ഷാ. ചില മീറ്റിംഗുകള്‍ നടന്നു. സമാധാനം സ്ഥാപിക്കാനുള്ള കര്‍മ പദ്ധതി ഉണ്ടാക്കി. ആ പദ്ധതികള്‍ നടപ്പാക്കേണ്ട പ്രധാന ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാറിനായിരുന്നു. ഒട്ടും ആത്മാര്‍ഥമായിരുന്നില്ല അവരുടെ സമീപനം.
അപ്പോഴെല്ലാം ബിരേന്‍ സിംഗിനെ സംരക്ഷിക്കുന്ന നിലപാടാണ് ബി ജെ പി കേന്ദ്ര നേതൃത്വം സ്വീകരിച്ചത്. മുഖ്യമന്ത്രിയെ മാറ്റണം എന്ന് ഘടകകക്ഷികള്‍ ആവശ്യപ്പെട്ടിട്ടും ചെവിക്കൊണ്ടില്ല. മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷം പാര്‍ലിമെന്റ് സ്്തംഭിപ്പിച്ചിട്ടും ബി ജെ പിക്ക് കുലുക്കമുണ്ടായില്ല. നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍ പി പി) കഴിഞ്ഞ നവംബറില്‍ ബി ജെ പി സഹയാത്ര അവസാനിപ്പിച്ച് സ്വന്തം വഴിക്ക് പോയപ്പോഴും ബിരേന്‍ സിംഗിനെ രാജിവെപ്പിക്കണമെന്നു തോന്നിയില്ല മോദിക്കും അമിത്ഷാക്കും. തനിച്ചുഭരിക്കാന്‍ അംഗബലുമുള്ള പാര്‍ട്ടിയെ ഇണ്ടാസ് കാട്ടി പേടിപ്പിക്കേണ്ടെന്ന നിലപാടായിരുന്നു ബി ജെ പി പൊതുവില്‍ സ്വീകരിച്ചത്. ഒടുവില്‍ സ്വന്തം പക്ഷത്തുള്ളവര്‍ തന്നെ കോണ്‍ഗ്രസ്സിന്റെ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യുമെന്ന് ഉറപ്പായപ്പോഴാണ് ബിരേന്‍ സിംഗിനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് രാജിവെക്കാന്‍ നിര്‍ദേശിച്ചത്. ഇതില്‍ ധാര്‍മികതയുടെ ഒരംശവുമില്ല. തിരഞ്ഞെടുത്ത ജനങ്ങളോട് ഒരു ഉത്തരവാദിത്വവും കാണിച്ചിട്ടില്ല ബി ജെ പിയുടെ സംസ്ഥാന, ദേശീയ നേതാക്കള്‍. അക്രമികള്‍ തെരുവില്‍ അഴിഞ്ഞാടിയപ്പോഴും നാട്ടില്‍ നിയമവാഴ്ച തകര്‍ന്നപ്പോഴും സഭയിലെ ഭൂരിപക്ഷത്തിന്റെ ഹുങ്കില്‍ ബിരേന്‍ സിംഗിനെ തുടരാന്‍ അനുവദിക്കുകയായിരുന്നു ബി ജെ പിയുടെ കേന്ദ്ര നേതാക്കള്‍.
ഒടുവില്‍ ഗതികെട്ട് രാജിവെക്കേണ്ടി വന്നു. അപ്പോഴും മണിപ്പൂര്‍ ശാന്തമായിട്ടില്ല. ശാന്തമാക്കാനുള്ള ഒരു പ്രായോഗിക നീക്കവും ബിരേന്‍ സിംഗിന്റെ സംസ്ഥാന സര്‍ക്കാറോ നരേന്ദ്ര മോദിയുടെ കേന്ദ്ര സര്‍ക്കാറോ ചെയ്തിട്ടില്ല. നാട് പുകഞ്ഞുകൊണ്ടിരിക്കുമ്പോള്‍ പകരമൊരാളെ ചുമതല ഏല്‍പ്പിക്കാന്‍ സാധിക്കാതെ രാഷ്്ട്രപതി ഭരണം അടിച്ചേല്‍പ്പിച്ചിരിക്കുകയാണ്. ബിരേന്‍ സിംഗിനെ തന്നെ വീണ്ടും കൊണ്ടുവന്നാല്‍ അത്ഭുതപ്പെടേണ്ടതില്ല. മണിപ്പൂരില്‍ അത്രവലിയ ഊരാക്കുടുക്കിലാണ് ബി ജെ പി. അവിടെ നിയമം കൈയിലെടുത്ത് സമാന്തര ഭരണകൂടത്തെ പോലെ പ്രവര്‍ത്തിക്കുന്ന അക്രമിക്കൂട്ടങ്ങളെ പിണക്കിക്കൊണ്ട് ഒരു തീരുമാനമെടുക്കാന്‍ പാര്‍ട്ടിക്ക് കഴിയില്ലെന്ന നിലയാണ്. അവരുടെ പിന്തുണ ആര്‍ക്കാണെന്ന് പ്രത്യേകം പറയേണ്ടതില്ല. പോലീസ് അതിഭീകരമായ വിധത്തില്‍ പക്ഷം പിടിക്കുന്നു എന്ന ആക്ഷേപവും ശക്തമാണ്. ഒരുവശത്തേക്ക് മാത്രം ചായുന്ന നിയമപാലക സംവിധാനം ഒരു നാടിനും രക്ഷയാകില്ല, ശിക്ഷയേ ആകൂ. എത്രയോ ഉദാഹരണങ്ങള്‍ നമ്മുടെ രാജ്യത്ത് തന്നെയുണ്ടല്ലോ.
രാഷ്്ട്രപതി ഭരണത്തിന് കീഴില്‍ എങ്ങനെയാണ് സമാധാന ശ്രമങ്ങള്‍ സാധ്യമാവുക? രാഷ്്ട്രപതിയുടെ സംസ്ഥാനത്തെ പ്രതിപുരുഷന്‍ ഗവര്‍ണര്‍ ആണ്. അദ്ദേഹത്തിലേക്ക് അധികാരങ്ങള്‍ കേന്ദ്രീകരിക്കപ്പെടും. അതുവഴി ഉദ്യോഗസ്ഥരിലേക്കും. ജനങ്ങളുമായി ബന്ധമില്ലാത്ത ഉദ്യോഗസ്ഥവൃന്ദം, പ്രത്യേകിച്ച് പക്ഷം ചേരുന്നുവെന്ന് ആരോപിക്കപ്പെടുന്ന പോലീസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ നിയമത്തിന്റെ നടത്തിപ്പുകാരും രാഷ്്ട്രീയ പ്രശ്നത്തിന്റെ പരിഹാരകരും ആയിത്തീരുമ്പോള്‍ എന്തൊക്കെയാണ് സംഭവിച്ചുകൂടാത്തത്! സൈനികരെ ഇറക്കി നിയമവാഴ്ച ഉറപ്പാക്കുകയാണ് രാഷ്്ട്രപതി ഭരണത്തില്‍ പ്രതീക്ഷിക്കാവുന്ന മറ്റൊരു കാര്യം. കശ്മീരിലും നാഗാലാന്‍ഡിലും മണിപ്പൂരില്‍ തന്നെയും പട്ടാളമിറങ്ങിയതിന്റെ അനുഭവങ്ങള്‍ ചരിത്രത്തിലുണ്ട്. മണിപ്പൂരില്‍ കണ്ടത് ബി ജെ പിയുടെ രാഷ്്ട്രീയമായ പരാജയമാണ്. അതിന് ജനം പിഴയൊടുക്കേണ്ടി വരരുത്. അത്തരമൊരു വറചട്ടിയിലേക്കാണ് മണിപ്പൂരിലെ ജനങ്ങളെ ബി ജെ പി എടുത്തെറിയുന്നത്.