Kerala
ഗവർണർമാരെ ഉപയോഗിച്ച് ബിജെപിയുടെ രാഷ്ട്രീയ നീക്കം; പ്രതിരോധമുയർത്തി കേരളവും തമിഴ്നാടും
ദക്ഷിണേന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ ഭരണം പിടിക്കുമെന്ന് ഹൈദരാബാദില്‍ ചേര്‍ന്ന ബി ജെ പി ദേശീയ നിര്‍വാഹക സമിതി നടത്തിയ പ്രഖ്യാപനം യാഥാര്‍ഥ്യമാക്കാൻ ഗവർണർമാരെ ഉപയോഗിക്കുന്നത് തടയുകയാണ് ലക്ഷ്യം
കോഴിക്കോട് | ഗവർണർമാരെ മുൻനിർത്തിയുള്ള ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിരോധമുയർത്തി കേരളവും തമിഴ്നാടും. ദക്ഷിണേന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ ഭരണം പിടിക്കുമെന്ന് ഹൈദരാബാദില്‍ ചേര്‍ന്ന ബി ജെ പി ദേശീയ നിര്‍വാഹക സമിതി നടത്തിയ പ്രഖ്യാപനം യാഥാര്‍ഥ്യമാക്കാൻ ഗവർണർമാരെ ഉപയോഗിക്കുന്നത് തടയുകയാണ് ലക്ഷ്യം. ബി ജെ പിയെ അകറ്റിനിര്‍ത്തുന്ന തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാര്‍ നടത്തുന്ന ഇടപെടലുകള്‍ രൂക്ഷമായ സാചര്യത്തില്‍ ഇരുസർക്കാറുകളും നടപടികൾ കടുപ്പിച്ചുകഴിഞ്ഞു.
ഹൈദരാബാദില്‍ നടന്ന ബി ജെ പി നിര്‍വാഹക സമിതിയോഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ച പ്രമേയത്തില്‍ കേരളം, തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്നാട്, പശ്ചിമ ബംഗാള്‍, ഒഡീഷ, സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ രൂപീകരിക്കലാണ് ലക്ഷ്യമെന്നു പ്രഖ്യാപിച്ചിരുന്നു. അടുത്ത നാല്‍പത് വര്‍ഷം ബി ജെ പിയുടെ കാലമാണെന്നു പ്രഖ്യാപിച്ച സമ്മേളനം ബി ജെ പി ഇതര സര്‍ക്കാറുകളെ വീഴ്ത്താനുള്ള നടപടികളും ആസൂത്രണം ചെയ്തിരുന്നു.
സംസ്ഥാനങ്ങളില്‍ ഭരണഘടനാ പ്രതിസന്ധിയും ക്രമസമാധാന പ്രശ്‌നവും ഉണ്ടായാല്‍ കേന്ദ്രസര്‍ക്കാറിനെ ഇടപെടുവിച്ചു സര്‍ക്കാറിനെ പിരിച്ചു വിടീക്കാനുള്ള സാധ്യത ഗവര്‍ണര്‍മാര്‍ക്കു മുമ്പിലുണ്ട്. ആദ്യത്തെ ഇ എം എസ് സസര്‍ക്കാറിനെ പ്രധാനമന്ത്രി നെഹ്റു പിരിച്ചുവിട്ട പാതയിലൂടെ വീണ്ടും കരുക്കള്‍ നീക്കുകയാണോ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്ന സംശയം ബലപ്പെട്ടതോടെയാണ് കേരളം പ്രതിരോധം ശക്തമാക്കിയത്. നേരത്തെ സ്വമേധയാ ചാന്‍സലര്‍ സ്ഥാനം ഒഴിയാന്‍ നോക്കിയ ഗവര്‍ണറെ പിടിച്ചു നിര്‍ത്തിയ സര്‍ക്കാര്‍ ഇപ്പോള്‍ അദ്ദേഹത്തെ നീക്കം ചെയ്യാന്‍ ബില്‍ കൊണ്ടുവരുന്നത് ഈ സാഹചര്യത്തിലാണ്.
സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ, കേരളത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമിഴ്‌നാട്ടില്‍ ഗവര്‍ണര്‍ ആര്‍ എന്‍ രവിയും സമാനമായ രീതിയിലാണ് കരുക്കള്‍ നീക്കിക്കൊണ്ടിരിക്കുന്നത്. ബി ജെ പി അധികാരത്തില്‍ വന്ന ശേഷം ഏറ്റവും കൂടുതല്‍ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചത് ഉന്നത വിദ്യാഭ്യാസ മേഖലയെ ആയിരുന്നു. കേന്ദ്ര സര്‍വകലാശാലകളില്‍ മുഴുവന്‍ സംഘപരിവാര്‍ ആഭിമുഖ്യമുള്ളവരെ വൈസ് ചാന്‍സലര്‍മാരാക്കി. ഈ നീക്കം സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനും സംസ്ഥാന അന്തരീക്ഷം കലുഷിതമാക്കാനുമാണു നീക്കമെന്നാണു വിലയിരുത്തപ്പെടുന്നത്.
തമിഴ്‌നാട്ടിലെ 13 സര്‍വകലാശാലയിലെ വി സി നിയമനവുമായി ബന്ധപ്പെട്ടാണു മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഗവര്‍ണര്‍ ആര്‍ എന്‍ രവിയും തമ്മിലുള്ള പോര് രൂക്ഷമായത്. വി സി നിയമനാധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കാനുള്ള ബില്‍ കഴിഞ്ഞ ഏപ്രിലില്‍ നിയമസഭാ പാസാക്കി ഗവര്‍ണര്‍ക്ക് അയച്ചെങ്കിലും ആറുമാസമായിട്ടും ഗവര്‍ണര്‍ ബില്ലില്‍ ഒപ്പുവച്ചില്ല. ഈ സാഹചര്യത്തില്‍ അളഗപ്പ സര്‍വകലാശാലാ, മനോന്‍മന്യം സുന്ദരനാര്‍ സര്‍വകലാശാലാ, തിരുവള്ളൂര്‍ സര്‍വകലാശാലാ എന്നിവിടങ്ങളില്‍ കൂടി ഗവര്‍ണര്‍ വൈസ് ചാന്‍സലറെ നിയമിച്ച് സര്‍ക്കാര്‍ നടപടികളെ വെല്ലുവിളിച്ചു.
ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനു വൈസ് ചാന്‍സലറെ നിയമിക്കാനുള്ള അധികാരമില്ലാത്തത് ജനാധിപത്യ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നായിരുന്നു സ്റ്റാലിന്റെ പക്ഷം. തര്‍ക്കം രൂക്ഷമായതോടെ ഗവര്‍ണറുമായുള്ള പരിപാടി മന്ത്രിമാര്‍ ബഹിഷ്‌കരിക്കുകയും ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടികളില്‍ പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തു.
പഞ്ചാബിലും സമാനമായ സാഹചര്യം ഗവര്‍ണര്‍ സൃഷ്ടിച്ചു. പഞ്ചാബിലെ കാര്‍ഷിക സര്‍വകലാശാലാ വൈസ് ചാന്‍സലറായി ഡോ.സത്ബീര്‍ സിങ്ങിനെ നിയമിച്ചതോടെ ഭഗവന്ത് സിങ് മനും ഗവര്‍ണര്‍ ബല്‍വാരിലാല്‍ പുരോഹിതും തമ്മില്‍ ഏറ്റുമുട്ടി. ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ഗവര്‍ണര്‍ ഇടപെടേണ്ടതില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നേരത്തെ നിയമസഭാസമ്മേളനം വിളിക്കാന്‍ അനുമതി നിഷേധിച്ചും ബാബ ഫരീദ് സര്‍വകലാശാലാ വിസി നിയമനം റദാക്കിയും ഗവര്‍ണര്‍ സര്‍ക്കാരുമായി കലഹിച്ചിരുന്നു. കാര്‍ഷിക സര്‍വകലാശാലയില്‍ കൂടി ഗവര്‍ണര്‍ ഇടപെട്ടതോടെ രംഗം വഷളായി.
ജഗ്ദീപ് ധന്‍കര്‍ ബംഗാള്‍ ഗവര്‍ണറായിരിക്കെ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി നിരന്തരം ഏറ്റുമുട്ടി. 32 സര്‍ക്കാര്‍ സര്‍വകലാശാലകള്‍ ഉള്ള സംസ്ഥാനത്ത് വിസി നിയമനാധികാരം സര്‍ക്കാരില്‍ കൊണ്ടുവരാന്‍ ബംഗാള്‍ സര്‍വകലാശാല ഭേദഗതി ബില്ല് പാസാക്കി ഗവര്‍ണര്‍ക്ക് അയച്ചതോടെ ഏറ്റുമുട്ടല്‍ രൂക്ഷമായി.
കേരളത്തില്‍ ചാന്‍സലര്‍ പദവിയില്‍ നിന്നു ഗവര്‍ണറെ നീക്കാന്‍ ബില്‍ കൊണ്ടുവരുന്ന കാര്യം മന്ത്രിസഭായോഗം ചര്‍ച്ച ചെയ്ത ഇന്നു തന്നെയാണ് തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിയെ പുറത്താക്കണമെന്നാവശ്യപ്പെട്ടു ഭരണകക്ഷിയായ ഡി എം കെ രാഷ്ട്രപതിക്ക് കത്തയച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഗവര്‍ണര്‍ സമാധാനത്തിന് ഭീഷണിയാണെന്നും പദവിയില്‍നിന്ന് അദ്ദേഹത്തെ ഉടന്‍ പുറത്താക്കണമെന്നും ആവശ്യപ്പെട്ടാണു ഡി എം കെ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കത്തെഴുതിയത്. ജനങ്ങളെ സേവിക്കുന്നതില്‍നിന്ന് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ ഗവര്‍ണര്‍ തടസ്സപ്പെടുത്തുകയാണെന്നും വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുകയാണെന്നും കത്തില്‍ കുറ്റപ്പെടുത്തി.
ഗവര്‍ണറെ തിരിച്ചുവിളിക്കാനുള്ള നിവേദനത്തിന് സമാനമനസ്‌കരായ എം പിമാരുടെ പിന്തുണ തേടി ഡി എം കെ നേരത്തെ രംഗത്തുവന്നിരുന്നു. നിയമസഭ പാസ്സാക്കിയ 20ഓളം ബില്ലുകളാണ് തമിഴ്‌നാട്ടില്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ വൈകുന്നത്. ഇതിനിടെ മുഖ്യമന്ത്രി ചാന്‍സലറായി സിദ്ധ സര്‍വകലാശാല സ്ഥാപിക്കാനുള്ള ബില്‍ തമിഴ്‌നാട് നിയമസഭ പാസാക്കുകയും ചെയ്തു. ആരോഗ്യമന്ത്രി പ്രോ ചാന്‍സലര്‍ പദവിയും വഹിക്കും. വിദഗ്ധസമിതി ശുപാര്‍ശ ചെയ്യുന്ന പാനലില്‍ നിന്ന് ചാന്‍സലറാണു വൈസ് ചാന്‍സലറെ നിയമിക്കുക. ഇന്ത്യന്‍ മെഡിസിന്‍, ഹോമിയോപ്പതി എന്നിവയില്‍ ഗവേഷണത്തിന് ഉതകുന്ന കോഴ്‌സുകളാണ് ഇവിടെ ഒരുക്കുക.
കേരളത്തില്‍ സര്‍വകലാശാല ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ എതിര്‍ക്കുമെന്നാണു പ്രതിപക്ഷനേതാവ് വിഡി സതീശന്‍ പറയുന്നത്. സര്‍വ്വകലാശാലകളെ രാഷ്ട്രീയ വല്‍കരിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഗവര്‍ണറെ ചാന്‍സിലര്‍ പദവിയില്‍ നിന്ന് മാറ്റിയാല്‍ സര്‍വകലാശാലകളില്‍ സി പി എം നിയമനങ്ങള്‍ നടക്കും. സര്‍വകലാശാല കമ്മ്യൂണിസ്റ്റ് വല്‍കരിക്കപ്പെടുമെന്നും അദ്ദേഹം പറയുന്നു.