west bengal
ബംഗാള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസില്‍ ബി ജെ പിയുടെ കുത്തിയിരിപ്പ് സമരം
ഞായറാഴ്ച നടന്ന കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് സമരം
കൊല്‍ക്കത്ത | പശ്ചിമബംഗാള്‍ സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്റെ ഓഫീസില്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ ബി ജെ പി നേതാക്കളുടെ കുത്തയിരിപ്പ് സമരം. ഞായറാഴ്ച നടന്ന കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് സമരം. തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ബി ജെ പി തിരഞ്ഞെടുപ്പ് റദ്ദാക്കാന്‍ ആവശ്യം ഉന്നയിച്ചത്.
തിരഞ്ഞെടുപ്പ് റദ്ദാക്കണം. തിരഞ്ഞെടുപ്പ് അട്ടിമറിയുമായി ബന്ധപ്പെട്ട് ഡിസംബര്‍ 23 ന് കോടതിയില്‍ നടക്കുന്ന വാദത്തില്‍ വീഡിയോ തെളിവുകള്‍ ഹാജരാക്കാന്‍ തങ്ങള്‍ തയ്യാറാണ്. മമത ബാനര്‍ജിക്ക കീഴിലുള്ള പോലീസ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഗുണ്ടായിസത്തിന് മൗനാനുവാദം നല്‍കി. പോലീസിനെ നിരായുധരായാണ് വിന്യസിച്ചത്. തൃണമൂല്‍ ഗുണ്ടകളെ സംരക്ഷിക്കാന്‍ ഇവരോട് മമത ആവശ്യപ്പെട്ടു. തങ്ങളുടെ 50% പോളിംഗ് ഏജന്റുമാരെയും തടഞ്ഞുവെച്ചു. 20% മാത്രമാണ് ശരിയായ വോട്ടിംഗ് നടന്നത്. തൃണമൂല്‍ പ്രവര്‍ത്തകര്‍ എട്ടും പത്തും തവണ കള്ളവോട്ടുകള്‍ ചെയ്തുവെന്നും സുവേന്ദു അധികാരി ആരോപിച്ചു.
തിരഞ്ഞെടുപ്പ് റദ്ദാക്കണം എന്ന ആവശ്യവുമായി ബി ജെ പി നേതാക്കള്‍ ഗവര്‍ണറെ സമീപിച്ചു. സംസ്ഥാനത്തെ നിലവിലെ സാഹചര്യങ്ങളെ ഗൗരവമായി കാണുന്നുവെന്നും തന്നെക്കൊണ്ട് കഴിയുന്ന എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഗവര്‍ണര്‍ തന്ന സന്ദര്‍ശിച്ച ബി ജെ പി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി.