National
ഗുജറാത്തില്‍ ചരിത്ര വിജയത്തിനരികെ ബി ജെ പി; ഹിമാചലില്‍ കനത്ത പോരാട്ടം
ഗുജറാത്തില്‍ കേവല ഭൂരിപക്ഷവും കടന്ന് ബി ജെ പി കുതിക്കുകയാണ്. ഹിമാചല്‍ പ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ്.
ഗാന്ധിനഗര്‍/ധരംശാല | ഗുജറാത്തില്‍ ചരിത്ര വിജയമുറപ്പായ ബി ജെ പി ആഘോഷം തുടങ്ങി. പാര്‍ട്ടി ഏഴാം തവണയും അധികാരത്തിലേറാന്‍ ഒരുങ്ങുന്നതിന്റെ ആവേശത്തിലാണ് നേതാക്കളും പ്രവര്‍ത്തകരും. വോട്ടെണ്ണല്‍ മൂന്ന് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ബി ജെ പിയുടെ തേരോട്ടമാണ് കാണുന്നത്. ഹിമാചല്‍ പ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ്.
ഗുജറാത്തില്‍ കേവല ഭൂരിപക്ഷവും കടന്ന് ബി ജെ പി കുതിക്കുകയാണ്. ആകെ 182 സീറ്റുകളില്‍ 152 എണ്ണത്തിലും ബി ജെ പിയാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് 18 സീറ്റിലും എ എ പി 7 സീറ്റിലും ലീഡ് ചെയ്യുന്നു. അഞ്ച് സീറ്റില്‍ മറ്റു കക്ഷികള്‍ക്കാണ് മുന്നേറ്റം.
മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, ബി ജെ പിയുടെ അല്‍പേഷ് താക്കൂര്‍, ഹാര്‍ദിക് പട്ടേല്‍, റിവാബ ജഡേജ തുടങ്ങിയവര്‍ മുന്നിലാണ്. എ എ പിയുടെ ഇസുദ്ദീന്‍ ഗദ്‌വി, കോണ്‍ഗ്രസിന്റെ ജിഗ്‌നേഷ് മേവാനി എന്നിവര്‍ പിന്നിലാണ്.
ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷവുമായി തുടര്‍ച്ചയായ ഏഴാം തവണയും ബി ജെ പി അനായാസം അധികാരം പിടിക്കുമെന്ന് ഉറപ്പുള്ള കാഴ്ചയാണ് വോട്ടെണ്ണലില്‍ തെളിയുന്നത്. 27 വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി ഇത്തവണയും അത് അരക്കിട്ട് ഉറപ്പിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. കഴിഞ്ഞ തവണ മികച്ച പ്രകടനം കാഴ്ചവെച്ച കോണ്‍ഗ്രസ് താഴോട്ട് പോയതും എഎപിയുടെ ഉദയവുമാണ് ഗുജറാത്തില്‍ ശ്രദ്ധേയമാകുന്നത്.
ഹിമാചല്‍ പ്രദേശില്‍ കനത്ത പോരാട്ടമാണ് നടക്കുന്നത്. ആകെയുള്ള 68 സീറ്റില്‍ അവസാന ഫലങ്ങള്‍ ലഭിക്കുമ്പോള്‍ കോണ്‍ഗ്രസാണ് മുന്നില്‍-39. ബി ജെ പി 26 സീറ്റില്‍ മുന്നിലാണ്. മറ്റു കക്ഷികള്‍ രണ്ടിടത്ത് ലീഡ് ചെയ്യുന്നു. കേവല ഭൂരിപക്ഷത്തിന് ഇവിടെ 35 സീറ്റുകളാണ് ആവശ്യം.
മുഖ്യമന്ത്രി ജയ്‌റാം താക്കൂറും ബി ജെ പിയുടെ സുരേഷ് ഭരദ്വരാജും മുന്നിലാണ്. കോണ്‍ഗ്രസിന്റെ വിക്രമാദിത്യ സിംഗ്, സുഖ്‌വീന്ദര്‍ സിംഗ് സുഖു എന്നിവര്‍ പിന്നിലാണ്.
–
ഗുജറാത്തില്‍ ഒരു സംഘടനാ സംവിധാനവും ഇല്ലാതിരുന്ന എഎപി ഒന്‍പത് സീറ്റുകളില്‍ ലീഡ് ചെയ്യുന്നത് രാഷ്ട്രീയ നിരീക്ഷകര്‍ ഏറെ പ്രാധാന്യത്തോടെ തന്നെയാണ് കാണുന്നത്. സംസ്ഥാനത്തെ 182 അംഗ നിയമസഭയിലേക്ക് ഡിസംബര്‍ ഒന്നിനും അഞ്ചിനും രണ്ടു ഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. 19 ജില്ലകളിലെ 89 മണ്ഡലങ്ങളിലേക്ക് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 63.14 ശതമാനം പോളിങ് രേഖപ്പെടുത്തി. 14 ജില്ലകളിലെ 93 മണ്ഡലങ്ങളിലേക്ക് നടന്ന രണ്ടാംഘട്ട വോട്ടെടുപ്പില്‍ 60 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ, ഹാര്‍ദിക് പട്ടേല്‍, ജിഗ്‌നേഷ് മേവാനി എന്നീ പ്രമുഖരുള്‍പ്പെടെ ജനവിധി തേടുന്നു. 136 ജീവന്‍ പൊലിഞ്ഞ മോര്‍ബി തൂക്കുപാലം ദുരന്തം, വിലക്കയറ്റം, തൊഴിലില്ലായ്മ, അഴിമതി, ലഹരികടത്ത്, വിഷമദ്യദുരന്തം, കര്‍ഷക പ്രതിഷേധം തുടങ്ങിയ വിഷയങ്ങളായിരുന്നു പ്രചാരണത്തില്‍ ഉയര്‍ന്നുകേട്ടത്.
ഹിമാചല്‍ പ്രദേശില്‍ നവംബര്‍ 12ന് ഒറ്റ ഘട്ടമായി നടന്ന വോട്ടെടുപ്പില്‍ 74.05 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. ആകെ 55.74 ലക്ഷം വോട്ടര്‍മാരുള്ള ഹിമാചലില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പോളിങ് ശതമാനം കുറഞ്ഞത് ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും നെഞ്ചിടിപ്പേറ്റിയിരുന്നു. മുഖ്യമന്ത്രി ജയറാം ഠാക്കൂര്‍, കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റും പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ചെയര്‍മാനുമായ സുഖ്വീന്ദര്‍ സിങ് സുഖു, മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിങിന്റെ മകന്‍ വികാരാദിത്യ സിങ്, നാല് തവണ പ്രതിപക്ഷ നേതാവായ മുകേഷ് അഗ്നിഹോത്രി എന്നീ പ്രമുഖരുള്‍പ്പെടെ ജനവിധി തേടുന്നുണ്ട്. 19 ബി ജെ പി വിമതരും 8 കോണ്‍ഗ്രസ് വിമതരും മത്സര രംഗത്തുണ്ട്.