National
അരുണാചലില്‍ ബിജെപി വീണ്ടും അധികാരത്തിലേക്ക്; സിക്കിമില്‍ ക്രാന്തികാരി മോര്‍ച്ച
സിക്കിമില്‍ ഇത്തവണ ബിജെപിക്കും കോണ്‍ഗ്രസിനും ഒരു സീറ്റില്‍ പോലും വിജയിക്കാനായില്ല
ന്യൂഡല്‍ഹി | അരുണാചല്‍ പ്രദേശില്‍ വീണ്ടും അധികാര തുടര്‍ച്ചയുറപ്പിപ്പിച്ച് ബിജെപി. 60 അംഗ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി 46 സീറ്റ് നേടിയാണ് ഭരണത്തുടര്‍ച്ച ഉറപ്പിച്ചത്. ബിജെപിയുടെ സഖ്യകക്ഷിയായ നാഷനല്‍ പീപ്ള്‍സ് പാര്‍ട്ടി അഞ്ച് സീറ്റിലും വിജയിച്ചു.
അതേ സമയം ഏറെക്കാലം ആധിപത്യമുണ്ടായിരുന്ന കോണ്‍ഗ്രസിന് ഒരു സീറ്റു മാത്രമാണ് സംസ്ഥാനത്ത് നേടാനായത്. എന്‍ സി പി മൂന്നു സീറ്റു നേടിയപ്പോള്‍ പീപ്ള്‍സ് പാര്‍ട്ടി രണ്ടും സീറ്റ് നേടി. സ്വതന്ത്രരായി മത്സരിച്ച മൂന്നുപേര്‍ വിജയിച്ചു. മുഖ്യമന്ത്രി പേമ ഖണ്ഡുവും ഉപമുഖ്യമന്ത്രി വൊവ മേയിന്‍ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. 2016ല്‍ പേമ ഖണ്ഡു കോണ്‍ഗ്രസ് വിട്ട് 43എംഎല്‍എമാരുമായി ബിജെപിയിലേക്ക് കാലുമാറുകയായിരുന്നു.
അതേ സമയം സിക്കിമില്‍ 32 നിയമസഭാ സീറ്റില്‍ 31 ഉും നേടി സിക്കിം ക്രാന്തികാരി മോര്‍ച്ചയും അധികാരം നിലനിര്‍ത്തി. പ്രതിപക്ഷമായ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് ഒരു സീറ്റില്‍ ഒതുങ്ങി. സോറെങ് ചകുങ് മണ്ഡലത്തില്‍നിന്ന് ജനവിധി തേടിയ മുഖ്യമന്ത്രി പ്രേംസിങ് തമാങ് 7396 വോട്ടുകള്‍ക്കാണ് വിജയിച്ചത്. സിക്കിമില്‍ ഇത്തവണ ബിജെപിക്കും കോണ്‍ഗ്രസിനും ഒരു സീറ്റില്‍ പോലും വിജയിക്കാനായില്ല
25 വര്‍ഷം അധികാരത്തിലിരുന്ന സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിനെ കീഴടക്കി 2019 ലാണ് എസ്‌കെഎം അധികാരത്തിലെത്തുന്നത്. 2019 ല്‍ എസ്‌കെഎം 17 സീറ്റാണ് നേടിയത്. ചാംലിങിന്റെ എസ്ഡിഎഫിന് 15 സീറ്റും ലഭിച്ചിരുന്നു
അതേസമയം എസ്ഡിഎഫ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പവന്‍കുമാര്‍ ചാംലിങ് രണ്ടിടത്ത് മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. എസ്ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ഇന്ത്യന്‍ ഫുട്ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ബൈച്ചുങ് ബൂട്ടിയയും പരാജയപ്പെട്ടവരില്‍പ്പെടുന്നു.