Kerala
മോദിയുടെ റോഡ് ഷോയില്‍ ബി ജെ പി സ്ഥാനാര്‍ഥി അബ്ദുല്‍ സലാം അപമാനിക്കപ്പെട്ടു: സി പി എം
മത ന്യൂനപക്ഷത്തില്‍ പെട്ട ആളെ ബി ജെ പി മാറ്റിനിര്‍ത്തിയെന്ന സന്ദേശമാണ് ഇത് നല്‍കിയതെന്ന് സി പി എം നേതാവ് എ കെ ബാലന്‍.

തിരുവനന്തപുരം | മലപ്പുറത്തെ എന്‍ ഡി എ സ്ഥാനാര്‍ഥിയും കാലിക്കറ്റ് സര്‍വകലാശാലാ മുന്‍ വി സിയുമായ ഡോ. അബ്ദുല്‍ സലാമിനെ പ്രധാനമന്ത്രി മോദിയുടെ പാലക്കാട് റോഡ് ഷോയില്‍ വാഹനത്തില്‍ കയറ്റാതിരുന്ന സംഭവത്തില്‍ വിവാദം മുറുകുന്നു. അബ്ദുല്‍ സലാം അപമാനിതനാക്കപ്പെട്ടുവെന്ന ആരോപണവുമായി സി പി എം രംഗത്തെത്തി. മത ന്യൂനപക്ഷത്തില്‍ പെട്ട ആളെ ബി ജെ പി മാറ്റിനിര്‍ത്തിയെന്ന സന്ദേശമാണ് ഇത് നല്‍കിയതെന്ന് സി പി എം നേതാവ് എ കെ ബാലന്‍ പ്രതികരിച്ചു.
മതന്യൂനപക്ഷങ്ങള്‍ ബി ജെ പിയിലേക്ക് പോയാലുള്ള അവസ്ഥയാണിത്. ഇത് ഗവര്‍ണര്‍ കൂടി മനസ്സിലാക്കണമെന്നും ബാലന്‍ പറഞ്ഞു.
പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ എത്തിയ അബ്ദുല്‍ സലാമിന് മോദിക്കൊപ്പം വാഹനത്തില്‍ കയറാനുള്ള അവസരം നിഷേധിക്കപ്പെടുകയായിരുന്നു. മോദിക്കൊപ്പം റോഡ് ഷോയില്‍ അനുഗമിക്കാന്‍ നേരത്തെ പേര് വിവരങ്ങള്‍ നല്‍കിയിരുന്നുവെന്നും എന്നാല്‍ വാഹനത്തില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നതിനാലാണ് കയറാന്‍ കഴിയാതിരുന്നതെന്നുമാണ് അബ്ദുല്‍ സലാം പറയുന്നത്.
നാലില്‍ കൂടുതല്‍ പേരെ വാഹനത്തില്‍ കയറ്റാന്‍ എസ് പി ജിയുടെ അനുമതി ഉണ്ടായിരുന്നില്ലെന്നാണ് ബി ജെ പിയുടെ വിശദീകരണം. പാലക്കാട്ടെയും പൊന്നാനിയിലെയും ബി ജെ പി സ്ഥാനാര്‍ഥികളും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമാണ് മോദിക്കൊപ്പം വാഹനത്തില്‍ കയറിയത്.