Connect with us

National

'ന്യായ് യാത്രക്കിടെ രാഹുൽ പ്രവർത്തകന് പട്ടി ബിസ്ക്കറ്റ് നൽകി'; ആരോപണവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ

രാഹുൽ പ്രവർത്തകന് നൽകുന്നത് പട്ടിബിസ്കറ്റ് തന്നെ ആണോ എന്ന് വീഡിയോയിൽ വ്യക്തമല്ല

Published

|

Last Updated

ദിസ്പൂർ | കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് എതിരെ പുതിയ ആരോപണവുമായി അസം മുഖ്യമന്ത്രിയും മുൻ കോൺഗ്രസ് നേതാവുമായ ഹിമന്ത ബിശ്വ ശർമ. ഭാരത് ജോഡോ ന്യായ് യാത്രക്കിടെ രാഹുൽ കോൺഗ്രസ് പ്രവർത്തകന് പട്ടി ബിസ്കറ്റ് കഴിക്കാൻ നൽകിയെന്നാണ് ആരോപണം. എക്സ് അക്കൗണ്ടിൽ ഇതിന്റെ വീഡിയോ ദൃശ്യം പോസ്റ്റ് ചെയ്താണ് ഹിമന്ത ബിശ്വ ശർമ ആരോപണമുന്നയിച്ചത്. എന്നാൽ രാഹുൽ പ്രവർത്തകന് നൽകുന്നത് പട്ടിബിസ്കറ്റ് തന്നെ ആണോ എന്ന് വീഡിയോയിൽ വ്യക്തമല്ല. മനുഷ്യർ കഴിക്കുന്ന ബിസ്കറ്റ് തന്നെയാണോ പട്ടിക്കും നൽകിയത് എന്ന സംശയവും ഉണ്ട്.

ഭാരത് ജോഡോ യാത്ര ഝാർഖണ്ഡിൽ പര്യടനം നടത്തുമ്പോഴുള്ള വീഡിയോയാണ് ബിജെപി പ്രചരിപ്പിക്കുന്നത്. യാത്രക്കിടെ രാഹുൽ ഒരു പട്ടിക്ക് ബിസ്കറ്റ് വച്ചുനീട്ടുന്നതും പട്ടി കഴിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ആ ബിസ്കറ്റ് താഴെവെച്ച് അതെടുത്ത് തന്നെ കാണാൻ എത്തിയ പ്രവർത്തകന് നൽകുന്നതുമാണ് വീഡിയോയിൽ ഉള്ളത്. എന്നാൽ ഭാരത് ജോഡോ യാത്രയുടെ ഔദ്യോഗിക ഹാൻഡിലിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ രാഹുൽ ബിസ്കറ്റ് പ്രവർത്തകന് നീട്ടുന്ന ദൃശ്യങ്ങൾ ഇല്ല.

നേരത്തെ ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ഈ ദൃശ്യങ്ങൾ എക്സിൽ പോസ്റ്റ് ചെയ്തിരുന്നു. ‘കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, കോൺഗ്രസ് അധ്യക്ഷൻ ഖാർഗെ ജി പാർട്ടിയുടെ ബൂത്ത് ഏജന്റുമാരെ നായകളോട് ഉപമിച്ചു. ഇവിടെ രാഹുൽ ഗാന്ധി തന്റെ സന്ദർശന വേളയിൽ നായയ്ക്ക് ബിസ്‌ക്കറ്റ് കൊടുക്കുന്നു, നായ കഴിക്കാത്തപ്പോൾ അതേ ബിസ്‌ക്കറ്റ് തന്റെ പ്രവർത്തകന് നൽകി. ഒരു പാർട്ടിയുടെ പ്രസിഡന്റും കിരീടാവകാശിയും പാർട്ടി പ്രവർത്തകരോട് നായ്ക്കളെപ്പോലെയാണ് പെരുമാറുന്നതെങ്കിൽ, അത്തരമൊരു പാർട്ടി ഇല്ലാതാകുന്നത് സ്വാഭാവികമാണ്’ എന്ന കുറിപ്പ് സഹിതമാണ് മാളവ്യ വീഡിയോ പോസ്റ്റ് ചെയ്തത്.

ഹിമന്ത ബിശ്വ ശർമ സമാനമായ ആരോപണം രാഹുലിനെതിരെ നേരത്തെയും ഉന്നയിച്ചിരുന്നു. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ, അദ്ദേഹത്തിന്റെ വളർത്തുനായ ‘പിഡി’ക്ക് ഒരു പ്ലേറ്റിൽ നിന്ന് ബിസ്‌ക്കറ്റ് നൽകിയെന്നും പിന്നീട് അതിന്റെ ബാക്കി അവിടെയുണ്ടായിരുന്ന കോൺഗ്രസ് നേതാക്കൾക്ക് നൽകിയെന്നുമായിരുന്നു ഹിമന്തയുടെ ആരോപണം.

പാർട്ടി കാര്യങ്ങളിൽ രാഹുൽ ഗാന്ധിയുടെ ഗൗരവം ചോദ്യം ചെയ്യാൻ അസം മുഖ്യമന്ത്രി ഈ കഥ ഉപയോഗിച്ചു. കോൺഗ്രസ് വിടാനുള്ള കാരണങ്ങളിലൊന്നായി അദ്ദേഹം ഇതിനെ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.

Latest