Connect with us

BJP Groupism

ബി ജെ പി കോര്‍കമ്മിറ്റി;നേതാക്കള്‍ വിട്ടുനിന്നു

ഇതേച്ചൊല്ലിയാണ് പാര്‍ട്ടിക്കുള്ളില്‍ വീണ്ടും പോര് രൂക്ഷമായത്

Published

|

Last Updated

കൊച്ചി | ബിജെപി സംസ്ഥാന നേതൃത്വത്തിലെ പുനസംഘടനയെച്ചൊല്ലിയുള്ള പോര് പാര്‍ട്ടിക്കുള്ളില്‍ മൂര്‍ച്ഛിക്കുന്നു. ഇന്ന് നടന്ന കോര്‍ കമ്മിറ്റിയോഗത്തില്‍ നിന്ന് അതൃപ്തി പരസ്യമായി വെളിവാക്കി ഒരു വിഭാഗം നേതാക്കള്‍ വിട്ടു നിന്നു. എ എന്‍ രാധാകൃഷ്ണനും എം ടി രമേശും ഉള്‍പ്പടെയുള്ള പ്രധാന നേതാക്കളാണ് യോഗത്തിനെത്താതിരുന്നത്.

യോഗത്തില്‍ നിന്നും വിട്ടു നില്‍ക്കാന്‍ തീരുമാനിച്ച പി കെ കൃഷ്ണദാസിനെ ദേശീയ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് അനുനയിപ്പിച്ച് യോഗത്തിനെത്തിക്കുകയായിരുന്നുവെന്നാണ് വിവരം. നേരത്തെ ബിജെപിയുടെ ചാനല്‍ ചര്‍ച്ചാ പാനലിസ്റ്റുകളുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നും സംസ്ഥാന നേതാക്കള്‍ പുറത്തുപോയിരുന്നു. തുടര്‍ന്ന് അച്ചടക്ക ലംഘനത്തിന് കടുത്ത നടപടി ഉണ്ടാകുമെന്ന് കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കേണ്ടിയും വന്നു.

അതിനു പിന്നാലെയാണു കോര്‍കമ്മറ്റിയില്‍ നിന്നും നേതാക്കളുടെ പിന്‍വാങ്ങല്‍. തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന മാറ്റുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ഇതേച്ചൊല്ലിയാണ് പാര്‍ട്ടിക്കുള്ളില്‍ വീണ്ടും പോര് രൂക്ഷമായത്.