Connect with us

Kerala

വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി-കോൺഗ്രസ് ഡീൽ പൊളിയും; തൃശൂര്‍ ആവര്‍ത്തിക്കാന്‍ എല്‍ഡിഎഫ് അനുവദിക്കില്ല: എം ബി രാജേഷ്

സരിൻ്റെ വെളിപ്പെടുത്തലിൽ പ്രതിപക്ഷ നേതാവ് മറുപടി പറയണം

Published

|

Last Updated

പാലക്കാട് | ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫും ബിജെപിയും തമ്മിലുള്ള ഡീല്‍ പൊളിയുമെന്ന് മന്ത്രി എം ബി രാജേഷ്. ഇത്തവണ തൃശൂര്‍ ആവര്‍ത്തിക്കാന്‍ എല്‍ഡിഎഫ് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് ബിജെപി ഡീല്‍ മുമ്പ് തന്നെ ഉയര്‍ന്നിട്ടുള്ളതാണ്.ബിജെപിയിലേക്ക് വോട്ട് ചെയ്യാന്‍ ചാല് കീറിക്കൊടുക്കുകയാണ് കോണ്‍ഗ്രസെന്നും എംബി രാജേഷ് പറഞ്ഞു. കഴിഞ്ഞ തവണ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്ന വടകര, പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ ബിജെപി കോണ്‍ഗ്രസ് ഡീല്‍ പാക്കേജ് ആയിട്ടായിരുന്നു എന്നും രാജേഷ് പറഞ്ഞു.

കേരളത്തിലെ ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചത് എല്‍ഡിഎഫ് ആണ്. ബിജെപിയുടെ ജയത്തിനായി കോണ്‍ഗ്രസ് തൃശൂരില്‍ ചെയ്തത് പാലക്കാടും ചെയ്യുന്നുണ്ടെന്ന സരിന്റെ വെളിപ്പെടുത്തലുകളില്‍ പ്രതിപക്ഷ നേതാവ് മറുപടി പറയണം.രാഷ്ട്രീയ വിമര്‍ശനങ്ങളില്‍ പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന പരിതാപകരമാണന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്നുതന്നെ ഉണ്ടാകുമെന്നും സ്ഥാനാര്‍ത്ഥിയുടെ റോഡ് ഷോ നാളെ ഉണ്ടാവുമെന്നും എം ബി രാജേഷ് പറഞ്ഞു. ജനാധിപത്യപരമായ രീതിയിലാണ് സ്ഥാനാര്‍ത്ഥിയെ മുന്നണി തിരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.