jds kerala
ബി ജെ പി ബന്ധം: കേരള ജെ ഡി എസ് ഉടനെ പ്രശ്‌നം പരിഹരിക്കണമെന്നു സി പി എം
ഏഴിന് സംസ്ഥാന കമ്മിറ്റി ചേര്‍ന്നു കേരള ജെ ഡി എസ് നിര്‍ണായക തീരുമാനമെടുക്കും
തിരുവനന്തപുരം | ജെ ഡി എസ് അഖിലേന്ത്യാ നേതൃത്വം ബി ജെ പി സഖ്യത്തില്‍ എത്തിയതോടെ കേരള ഘടകം അടിയന്തരമായി പ്രശ്‌നം പരിഹരിക്കണമെന്ന് സി പി എം നിര്‍ദേശം നല്‍കി. ബി ജെ പി ബന്ധമുള്ള പാര്‍ട്ടിയായി ഇടതുമുന്നണിയില്‍ തുടരാനാവില്ലെന്നു വ്യക്തമായതോടെ ജെ ഡി എസ് പ്രശ്‌ന പരിഹാരത്തിന് തിരക്കിട്ട നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കേരള ജെ ഡി എസ് സംസ്ഥാന കമ്മിറ്റി യോഗം ഏഴിന് ചേര്‍ന്നു നിര്‍ണായക തീരുമാനമെടുക്കും. കേരള ജെ ഡി എസ് ഒരിക്കലും എന്‍ ഡി എ ഭാഗമാകില്ലെന്ന് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് വ്യക്തമാക്കി.
എന്‍ ഡി എ സഖ്യത്തിനൊപ്പം നില്‍ക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിന് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്ന് ദേശീയാധ്യക്ഷന്‍ എച്ച് ഡി ദേവെഗൗഡ വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടി അധ്യക്ഷനെന്ന നിലയില്‍ ഒരു തീരുമാനവും സംസ്ഥാനഘടകത്തിനു മേല്‍ അടിച്ചേല്‍പിക്കില്ല. കേരളത്തിലെ നേതൃത്വവുമായി സംസാരിച്ചുവെന്നും തീരുമാനം അവര്‍ക്ക് വിട്ടുവെന്നും ദേവെഗൗഡ അറിയിച്ചു. 2006-ല്‍ ജെ ഡി എസ്- ബി ജെ പി സഖ്യസര്‍ക്കാര്‍ കര്‍ണാടകത്തില്‍ അധികാരത്തില്‍ സംസ്ഥാന ഘടകം സമാനമായ പ്രതിസന്ധിയില്‍ പെട്ടിരുന്നു.
ജെ ഡി എസ് ബി ജെ പി സഖ്യത്തില്‍ ചേര്‍ന്നതോടെ കേരളത്തില്‍ എല്‍ ഡി എഫിനെതിരെ യു ഡി എഫ് ശക്തമായ പ്രചാരണം തുടങ്ങിയിട്ടുണ്ട്. കേരളം ഭരിക്കുന്നത് എന്‍ ഡി എ- ഇടതുമുന്നണി സഖ്യകക്ഷി സര്‍ക്കാരെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
കേരളത്തില്‍ എല്‍ ജെ ഡി ലാലുപ്രസാദ് യാദവിന്റെ ആര്‍ ജെ ഡിയില്‍ ലയിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. എല്‍ ജെ ഡി-ജെ ഡി എസ് ലയന ചര്‍ച്ചകള്‍ പലഘട്ടങ്ങള്‍ പിന്നിട്ടെങ്കിലും പിന്നീട് മുന്നോട്ടു പോയിരുന്നില്ല. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ലയനം യാഥാര്‍ഥ്യമാക്കി ആര്‍ ജെ ഡിയില്‍ എത്താനുള്ള നീക്കവും നടക്കുന്നുണ്ട്.