National
ചൈനീസ് കടന്നുകയറ്റം സംബന്ധിച്ച പരാമർശം; രാഹുലിന് എതിരെ അവകാശ ലംഘടന നടപടി ആവശ്യപ്പെട്ട് ബിജെപി
ചരിത്രപരവും വസ്തുതാപരവുമായ വസ്തുതകളെ ലജ്ജയില്ലാതെ വളച്ചൊടിക്കുക മാത്രമല്ല, നമ്മുടെ രാജ്യത്തെ പരിഹസിക്കാനും നമ്മുടെ റിപ്പബ്ലിക്കിന്റെ അന്തസ്സ് താഴ്ത്താനും രാഹുൽ ശ്രമിച്ചുവെന്ന് ബിജെപി എംപി നിഷികാന്ത് ദുബേ
ന്യൂഡൽഹി | ചൈനീസ് കടന്നുകയറ്റം സംബന്ധിച്ച പ്രസ്താവനയുടെ പേരിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് എതിരെ അവകാശ ലംഘനത്തിന് നടപടി ആവശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബേ ലോക്സഭ സ്പീക്കർ ഓം കത്തയച്ചു. ചരിത്രപരവും വസ്തുതാപരവുമായ വസ്തുതകളെ ലജ്ജയില്ലാതെ വളച്ചൊടിക്കുക മാത്രമല്ല, നമ്മുടെ രാജ്യത്തെ പരിഹസിക്കാനും നമ്മുടെ റിപ്പബ്ലിക്കിന്റെ അന്തസ്സ് താഴ്ത്താനും രാഹുൽ ശ്രമിച്ചുവെന്ന് നിഷികാന്ത് ദുബേ ആരോപിച്ചു.
നന്ദി പ്രമേയ ചർച്ചക്കിടെ രാഹുൽ ഇന്നലെ നടത്തിയ പരാമർശമാണ് വിവാദമായത്. ചൈനീസ് സേന ഇന്ത്യൻ പ്രദേശത്തേക്ക് കടന്നുകയറിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത് നിഷേധിച്ചെന്നും രാഹുൽ ആരോപിച്ചു. ചൈനീസ് സേന നമ്മുടെ പ്രദേശത്ത് പ്രവേശിച്ചിരുന്നുവെന്ന് കരസേനാ മേധാവി പറഞ്ഞുവെന്നും രാഹുൽ ആരോപിച്ചു. ആരോപണം ലോക്സഭയിൽ ബഹളത്തിനിടയാക്കിയിരന്നു.
രാഹുലിന്റെ പ്രസ്താവനക്ക് എതിരെ പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗും രംഗത്ത് വന്നു. ഇന്ത്യ-ചൈന അതിർത്തിയിലെ സാഹചര്യത്തെക്കുറിച്ച് സൈന്യാധിപൻ നടത്തിയ പ്രസ്താവനയെക്കുറിച്ച് രാഹുൽ ഗാന്ധി തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചുവെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.