Connect with us

BJP

ബി ജെ പി തിരഞ്ഞെടുപ്പ് കോഴ: റിട്ട. അധ്യാപകന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി

തിരഞ്ഞെടുപ്പ് കോഴ ആരോപണവുമായി ബന്ധപ്പെട്ട് സി കെ ജാനുവിന്റെ വീട്ടിലും കഴിഞ്ഞ മാസം ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തിയിരുന്നു

Published

|

Last Updated

സുൽത്താൻ ബത്തേരി | കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി കോഴ കേസുമായി ബന്ധപ്പെട്ട് റിട്ട. അധ്യാപകന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി. ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും സുൽത്താൻ ബത്തേരി മണ്ഡലം സ്ഥാനാർഥിയുമായിരുന്ന സി കെ ജാനുവിനുമെതിരെ ഉയർന്ന കോഴ ആരോപണ കേസിൽ റിട്ട. ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ കുപ്പാടി സ്വദേശി കെ കെ സുരേന്ദ്രന്റെ വീട്ടിലാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം പരിശോധന നടത്തിയത്. പരിശോധനയിൽ തെളിവുകളൊന്നും കണ്ടെത്താനായില്ലെന്നും പരാതികളുടേയും സാക്ഷി മൊഴികളുടേയും അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്നും ക്രൈംബ്രാഞ്ച് ജില്ലാ ഡി വൈ എസ് പി. ആർ മനോജ്കുമാർ പറഞ്ഞു.

തിങ്കളാഴ്ച രാവിലെയാണ് കെ കെ സുരേന്ദ്രന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തിയത്. ആറരയോടെ ആരംഭിച്ച പരിശോധന രണ്ട് മണിക്കൂറോളം നീണ്ടുനിന്നു. സി കെ ജാനുവിന് തിരഞ്ഞെടുപ്പ് സമയത്ത് ലഭിച്ച കോഴപ്പണം കെ കെ സുരേന്ദ്രനാണ് കൈമാറിയതെന്ന് ജെ ആർ പി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട് നേരത്തേ ആരോപിച്ചിരുന്നു. ഈ വിവരം രഹസ്യ മൊഴിയായി മാനന്തവാടി ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഇവർ നൽകുകയും ചെയ്തിരുന്നു.

തിരഞ്ഞെടുപ്പ് കോഴ ആരോപണവുമായി ബന്ധപ്പെട്ട് സി കെ ജാനുവിന്റെ വീട്ടിലും കഴിഞ്ഞ മാസം ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ എൻ ഡി എയിലേക്കുള്ള വരവിന് ശേഷം സി കെ ജാനു നടത്തിയ പണമിടപാട് സംബന്ധിച്ച് രേഖകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചതായാണ് വിവരം. എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിന്റെ ഹരജിയിൽ കൽപ്പറ്റ കോടതിയുടെ ഉത്തരവ് പ്രകാരം സുൽത്താൻ ബത്തേരി പോലീസാണ് കേസെടുത്തത്. പിന്നീട് ഈ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഒന്നാം പ്രതിയും സി കെ ജാനു രണ്ടാംപ്രതിയുമായാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Latest