National
കോണ്‍ഗ്രസിന്റെ പത്ര പരസ്യത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ബി.ജെ.പി
കര്‍ണാടകയ്ക്ക് വാഗ്ദാനങ്ങള്‍ മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയതെന്നും കര്‍ണാടകക്ക് ഒന്നും നല്‍കുന്നില്ലെന്ന് പറയാനാണ് പരസ്യത്തിലൂടെ കോണ്‍ഗ്രസ് ശ്രമിച്ചതെന്നും ബി.ജെ.പി പരാതിയില്‍ പറയുന്നു.
ന്യൂഡല്‍ഹി|കോണ്‍ഗ്രസിന്റെ പത്ര പരസ്യത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ബി.ജെ.പി. കേന്ദ്രസര്‍ക്കാര്‍ കര്‍ണാടകയെ വഞ്ചിക്കുന്നുവെന്ന് പറയുന്ന തെറ്റായതും അപമാനിക്കുന്നതുമായ പരസ്യമാണ് കോണ്‍ഗ്രസ് പ്രമുഖ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചതെന്ന് ബി.ജെ.പി ആരോപിക്കുന്നു. കര്‍ണാടകയ്ക്ക് വാഗ്ദാനങ്ങള്‍ മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയതെന്നും കര്‍ണാടകക്ക് ഒന്നും നല്‍കുന്നില്ലെന്ന് പറയാനാണ് കോണ്‍ഗ്രസ് പരസ്യത്തിലൂടെ ശ്രമിച്ചതെന്നും ബി.ജെ.പി പരാതിയില്‍ പറയുന്നു.
തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പുള്ള ഏപ്രില്‍ 24നാണ് കോണ്‍ഗ്രസ് പത്രങ്ങളില്‍ പരസ്യം പ്രസിദ്ധീകരിച്ചത്. പരസ്യത്തിലൂടെ ജനങ്ങളെ സ്വാധീനിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും ബിജെപി ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ് കോണ്‍ഗ്രസ് നടത്തിയിരിക്കുന്നതെന്നും ഇക്കാര്യത്തില്‍ നടപടി വേണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.
നേരത്തെ വിദ്വേഷ പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തിരഞ്ഞെടുപ്പ് കമീഷന്‍ ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. അതേസമയം കോണ്‍ഗ്രസിനെതിരായ ബി.ജെ.പി പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്ത് നടപടിയാണ് സ്വീകരിക്കുക എന്ന കാര്യമാണ് ജനങ്ങള്‍ കാത്തിരിക്കുന്നത്.