National
സാധാരണക്കാരുടെ സമഗ്രവികസനത്തിന് ബിജെപി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: ജെ പി നദ്ദ
വിവിധ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളില്‍ വിജയിച്ച സ്ഥാനാര്‍ത്ഥികളെ ജെപി നദ്ദ അഭിനന്ദിച്ചു.

ന്യൂഡല്‍ഹി| രാജ്യത്തെ സാധാരണക്കാരുടെ വികസനത്തിന് ബിജെപി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് പാര്‍ട്ടി ദേശിയ അധ്യക്ഷന്‍ ജെ പി നദ്ദ. വിവിധ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളില്‍ വിജയിച്ച സ്ഥാനാര്‍ത്ഥികളെയും അദ്ദേഹം അഭിനന്ദിച്ചു. ട്വിറ്ററിലാണ് നദ്ദയുടെ പ്രതികരണം.
ലോക്സഭാ, നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെയും എന്‍ഡിഎയുടെയും വിജയത്തിന് പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നു. ജയം സമ്മാനിച്ച ജനങ്ങള്‍ക്ക് നന്ദി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാരുകള്‍ സാധാരണക്കാരുടെ സമഗ്രവികസനത്തിനായി പ്രതിജ്ഞാബദ്ധരാണെന്നുമാണ് നദ്ദ ട്വിറ്ററില്‍ കുറിച്ചത്.
വിവിധ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളില്‍ വലിയ വിജയമാണ് ബിജെപി സ്വന്തമാക്കിയത്. അസമില്‍ അഞ്ച് സീറ്റിലും സമ്പൂര്‍ണ ജയം നേടിയപ്പോള്‍ മധ്യപ്രദേശിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളില്‍ രണ്ടിടത്തും ഖണ്ട്വ ലോക്സഭാ സീറ്റിലും ബിജെപി വിജയിച്ചു. കര്‍ണാടകയിലെ സിന്ദ്ഗി ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചപ്പോള്‍ ഹംഗല്‍ സീറ്റ് കോണ്‍ഗ്രസിനോട് തോറ്റു.