john brittas
ജോൺ ബ്രിട്ടാസിനെതിരെ മതവിദ്വേഷ പരാതിയുമായി ബി ജെ പി
മതവിദ്വേഷം ആരോപിച്ച് രാജ്യസഭാ അധ്യക്ഷനാണ് പരാതി നൽകിയത്.
തിരുവനന്തപുരം | കോഴിക്കോട് നടന്ന കേരള നദ്‌വതുൽ മുജാഹിദീൻ (കെ എൻ എം) സംസ്ഥാന സമ്മേളനത്തിലെ പ്രസംഗത്തിൽ ജോൺ ബ്രിട്ടാസ് എം പിക്കെതിരെ പരാതിയുമായി ബി ജെ പി. മതവിദ്വേഷം ആരോപിച്ച് രാജ്യസഭാ അധ്യക്ഷനാണ് പരാതി നൽകിയത്. രാജ്യസഭാ ചെയർമാൻ ജഗദീപ് ധൻക്കറിന് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീർ പരാതി നൽകുകയായിരുന്നു. സി പി എമ്മിൻ്റെ രാജ്യസഭാംഗമാണ് ബ്രിട്ടാസ്.
സമൂഹത്തെ ഭിന്നിപ്പിക്കുന്നതും മതങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കുന്നതും അക്രമത്തിന് പ്രേരിപ്പിക്കുന്നതുമാണ് ബ്രിട്ടാസിൻ്റെ പ്രസംഗമെന്ന് പരാതിയിൽ ആരോപിക്കുന്നു. ബ്രിട്ടാസിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ, വിശദീകരണവുമായി ബ്രിട്ടാസ് ഫേസ്ബുക്കിൽ കുറിപ്പിട്ടു. മതനിരപേക്ഷത, മൈത്രി, സഹവർത്തിത്വം തുടങ്ങിയ കാര്യങ്ങളിൽ കേരളം രാജ്യത്തിന് മാതൃകയാണെന്നും എന്നാൽ നമ്മുടെ നാട്ടിലേക്ക് ഉത്തരേന്ത്യൻ രാഷ്ട്രീയത്തിന്റെ വിഷവും വിദ്വേഷവും കടത്തിവിടാൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം കുറിച്ചു. ധ്രുവീകരണ രാഷ്ട്രീയത്തിന്റെ വക്താക്കളെ കരുതിയിരിക്കണമെന്ന സന്ദേശത്തിനാണ് കോഴിക്കോട് മുജാഹിദ് സമ്മേളനത്തിൽ സംസാരിക്കവേ ഞാൻ അടിവരയിട്ടത്. പുതിയ കൺക്കെട്ടുകളുമായി ഇറങ്ങിയവർക്ക് അത് സഹിക്കാൻ കഴിയാത്തതുക്കൊണ്ട് ചിലർ രംഗത്ത് വന്നിരിക്കുകയാണെന്നും ബ്രിട്ടാസ് കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റ് താഴെ വായിക്കാം
ഇന്ത്യൻ വർത്തമാനം ഇതായിരിക്കേ ഫാസിസ്റ്റ് പ്രവണതകളെ ചൂണ്ടിക്കാണിക്കുകയും എതിർക്കുകയും ചെയ്യാതെ മതനിരപേക്ഷ-ജനാധിപത്യചേരിക്കു മുന്നോട്ടുപോകാനാവില്ല. മാനായി വരുന്ന മരീചൻമാരെ തിരിച്ചറിയണമെന്ന ജാഗ്രതപ്പെടുത്തലായിരുന്നു കോഴിക്കോട്ടെ എന്റെ പ്രസംഗം. എന്റെ വാക്കുകളെ എതിർക്കുന്നവരേ, ഞാൻ ചെയ്തത് ഒരു മതനിരപേക്ഷവിശ്വാസിയുടെ കടമയാണ്. ഒരു ജനാധിപത്യവാദിയുടെ ചുമതലയാണ്.