Connect with us

National

ഡൽഹിയിൽ ബിജെപിക്ക് വീണ്ടും തിരിച്ചടി; ബി ബി ത്യാഗിയും പാർട്ടി വിട്ട് എഎപിയിൽ ചേർന്നു

മൂന്ന് തവണ എം എൽ എയായിരുന്ന ബ്രഹ്മ സിംഗ് തൻവാർ കഴിഞ്ഞയാഴ്ച ബിജെപി വിട്ട് ആം ആദ്മി പാർട്ടിയിൽ ചേർന്നതിന് പിന്നാലെയാണ് ത്യാഗിയും പാർട്ടി വിടുന്നത്.

Published

|

Last Updated

ന്യൂഡൽഹി | നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ ഡൽഹിയിൽ ബിജെപിക്ക് വീണ്ടും തിരിച്ചടി. ബി ജെ പി നേതാവും മുൻ മുനിസിപ്പൽ കൗൺസിലറുമായ ബിബി ത്യാഗി ആം ആദ്മി പാർട്ടിയിൽ ചേർന്നു. മൂന്ന് തവണ എം എൽ എയായിരുന്ന ബ്രഹ്മ സിംഗ് തൻവാർ കഴിഞ്ഞയാഴ്ച ബിജെപി വിട്ട് ആം ആദ്മി പാർട്ടിയിൽ ചേർന്നതിന് പിന്നാലെയാണ് ത്യാഗിയും പാർട്ടി വിടുന്നത്.

രണ്ട് തവണ മുനിസിപ്പൽ കൗൺസിലറും ഈസ്റ്റ് ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റെ മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ത്യാഗി 2015 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ലക്ഷ്മി നഗർ നിയോജകമണ്ഡലത്തിൽ നിന്ന് ബിജെപി ടിക്കറ്റിൽ മത്സരിച്ചിരുന്നു. നിലവിൽ ബിജെപിയുടെ കൈവശമുള്ള ലക്ഷ്മി നഗർ സീറ്റിലേക്ക് അദ്ദേഹത്തെ നാമനിർദ്ദേശം ചെയ്തേക്കുമെന്ന് എഎപി വൃത്തങ്ങൾ സൂചിപ്പിച്ചു.

എഎപി നേതാവും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാൾ, മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, എംഎല്എ ദുർഗേഷ് പഥക് എന്നിവരുടെ സാന്നിധ്യത്തിലാണ് ബി ബി ത്യാഗി ആം ആദ്മി പാർട്ടിയിൽ ചേർന്നത്. ത്യാഗിയുടെ ശക്തമായ സമുദായ ബന്ധങ്ങൾ ഉയർത്തിക്കാട്ടിയ സിസോദിയ അത്തരം ഇടപെടൽ പാർട്ടിക്ക് ഗുണം ചെയ്യുമെന്ന് വ്യക്തമാക്കി.

വിദ്യാഭ്യാസം, ആരോഗ്യം, പൊതുസേവനങ്ങൾ എന്നിവയിൽ ആം ആദ്മി പാർട്ടിയുടെ ശ്രമങ്ങളെ പ്രശംസിച്ച ത്യാഗി, പൊതുജനങ്ങളെ സേവിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച പാർട്ടിയാണിതെന്ന് പറഞ്ഞു.

അടുത്ത വർഷം ഫെബ്രുവരിയിലാണ് ഡല്ഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.

Latest