Editorial
ന്യായ് യാത്രയെ ബി ജെ പി ഭയപ്പെടുന്നത്
പൊതു തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുകയും പ്രതിപക്ഷ നിരയില്‍ പൂര്‍വോപരി ഐക്യം രൂപപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ഇപ്പോഴത്തെ യാത്ര. ഇത് പാര്‍ട്ടിക്കും പ്രതിപക്ഷ നിരയില്‍ മൊത്തത്തിലും കൂടുതല്‍ നേട്ടത്തിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. ഇതുകൂടിയായിരിക്കണം യാത്രയോടുള്ള ബി ജെ പിയുടെ രൂക്ഷമായ എതിര്‍പ്പിന് കാരണം.
കോണ്‍ഗ്രസ്സ് പ്രഖ്യാപിച്ച രാഹുല്‍ ഗാന്ധിയുടെ ജോഡോ ന്യായ് യാത്രക്ക് തടസ്സങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് ബി ജെ പി നിയന്ത്രണത്തിലുള്ള സംസ്ഥാനങ്ങള്‍. മാസങ്ങളായി സംഘര്‍ഷഭരിതവും കലുഷിതവുമായ മണിപ്പൂരാണ് യാത്രയുടെ തുടക്കത്തിന് കോണ്‍ഗ്രസ്സ് തിരഞ്ഞെടുത്തത്. ഇംഫാലിലെ പാലസ് ഗ്രൗണ്ടായിരുന്നു ജാഥയുടെ ഉദ്ഘാടന ചടങ്ങ് നടത്താന്‍ കണ്ടെത്തിയത്. എന്നാല്‍ പാലസ് ഗ്രൗണ്ടില്‍ പരിപാടിക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. സമ്മര്‍ദത്തെ തുടര്‍ന്ന് ഒടുവില്‍ പാലസ് ഗ്രൗണ്ട് അനുവദിച്ചെങ്കിലും ക്രമസമാധാന പ്രശ്‌നമുള്ളതിനാല്‍ ആയിരത്തില്‍ കൂടുതല്‍ പേര്‍ക്ക് ഗ്രൗണ്ടില്‍ പ്രവേശനം നല്‍കില്ലെന്ന് നിബന്ധന വെച്ചു. ഈ നിബന്ധനക്കു വഴങ്ങാന്‍ സന്നദ്ധമാകാതെ ഉദ്ഘാടന ചടങ്ങ് തൗബാലിലേക്ക് മാറ്റിയിരിക്കുകയാണ് കോണ്‍ഗ്രസ്സ്. തൗബാലില്‍ വന്‍ ജന പങ്കാളിത്തത്തോടെ ജാഥക്ക് തുടക്കം കുറിക്കാനുള്ള ഒരുക്കങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. മണിപ്പൂരിനെ പോലെ അസമിലും യാത്രക്ക് സര്‍ക്കാര്‍ തടസ്സം സൃഷ്ടിക്കുന്നതായി കോണ്‍ഗ്രസ്സ് വൃത്തങ്ങള്‍ പറയുന്നു. യാത്രാ സംഘത്തിന് രാത്രി താമസത്തിന് സൗകര്യപ്പെടുത്താന്‍ കണ്ടുവെച്ച രണ്ട് ഗ്രൗണ്ടുകള്‍ക്കും അനുമതി ലഭിച്ചിട്ടില്ല. മജ്രലി ദ്വീപിലേക്കുള്ള യാത്രക്കും അനുമതി നിഷേധിച്ചിരിക്കുകയാണ്.
മാസങ്ങളായി ജാതി സംഘര്‍ഷത്താല്‍ കലുഷിതമാണ് മണിപ്പൂര്‍. കലാപം ഒമ്പത് മാസം പിന്നിട്ടിട്ടും അതിനറുതി വരുത്താനോ സമാധാനം പുനഃസ്ഥാപിക്കാനോ ഹിമന്ത ബിശ്വ ശര്‍മയുടെ നേതൃത്വത്തിലുള്ള സംസ്ഥാനത്തെ ബി ജെ പി സര്‍ക്കാറിനായിട്ടില്ല. അതീവ ദയനീയമാണ് നിലവില്‍ മണിപ്പൂരിന്റെ അവസ്ഥ. വീടും കുടുംബങ്ങളും നഷ്ടമായവര്‍, ക്രൂരപീഡനത്തിനിരയായ സ്ത്രീകള്‍, മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍, ജോലി നഷ്ടപ്പെട്ട് ഭാവി തുലാസിലായ യുവാക്കള്‍, സ്വന്തമായ എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയവര്‍ എന്നിങ്ങനെ വേദനിപ്പിക്കുന്ന കാഴ്ചകളാണ് മണിപ്പൂരിന്റെ വിവിധ ഭാഗങ്ങളില്‍ കാണാനാകുന്നത്. എന്നിട്ടും പ്രധാനമന്ത്രി ഇതുവരെയും അവിടം സന്ദര്‍ശിച്ചിട്ടില്ല. മോദിക്ക് മണിപ്പൂരില്‍ വരാന്‍ പേടിയെന്തിനാണെന്ന് പ്രതിപക്ഷം വിമര്‍ശം ഉയര്‍ത്തിക്കൊണ്ടിരിക്കെയാണ് “മണിപ്പൂരിന് നീതി തേടി’ രാഹുല്‍ ഗാന്ധി സംസ്ഥാനത്ത് പര്യടനം നടത്തുന്നത്. ഇതാണ് ബി ജെ പിയെ അലോസരപ്പെടുത്തുന്നതും. മണിപ്പൂരിലെ പോലെ അസംതൃപ്തരായ ജനവിഭാഗമാണ് അസമിലെയും നല്ലൊരു വിഭാഗം. പൗരത്വ പ്രശ്‌നം രൂക്ഷമായ സംസ്ഥാനത്ത് ഇപ്പേരില്‍ രണ്ടാംകിട പൗരന്മാരായി മുദ്രയടിക്കപ്പെട്ട വലിയൊരു വിഭാഗമടക്കം രാഹുല്‍ ഗാന്ധിയുടെ യാത്രയെ പിന്തുണക്കാനെത്തുമെന്ന് ബി ജെ പി ഭയക്കുന്നു.
ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പാണ് ജോഡോ ന്യായ് യാത്ര. നാളെ തുടക്കം കുറിക്കുന്ന യാത്ര 6,713 കിലോമീറ്റര്‍ സഞ്ചരിക്കും. 66 ദിവസം നീണ്ടുനില്‍ക്കുകയും 15 സംസ്ഥാനങ്ങളിലൂടെ കടന്നു പോകുകയും ചെയ്യുന്ന യാത്ര ഉത്തര്‍ പ്രദേശിലായിരിക്കും കൂടുതല്‍ ദിവസം പര്യടനം നടത്തുന്നത്. യാത്രക്കിടെ യുവാക്കളുമായും സ്ത്രീകളുമായും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായും രാഹുല്‍ ഗാന്ധി സംവദിക്കും. ഭരണഘടനയുടെ ആമുഖത്തില്‍ പരാമര്‍ശിച്ച നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയവയാണ് ജോഡോ ന്യായ് യാത്രയില്‍ ഉയര്‍ത്തിക്കാട്ടുന്നത്. രാജ്യത്ത് നീതിയും സമത്വവും അന്യംനിന്നുപോകുകയും മത ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ അതീവ പ്രാധാന്യമുണ്ട് ഈ വിഷയങ്ങള്‍ക്ക്. വിലക്കയറ്റം, തൊഴിലില്ലായ്മ, വര്‍ധിച്ചു വരുന്ന സാമൂഹിക പ്രശ്‌നങ്ങള്‍, ജനാധിപത്യ ധ്വംസനം തുടങ്ങിയവയായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആദ്യ ജോഡോ യാത്രയിലെ ചര്‍ച്ചാ വിഷയങ്ങള്‍. 2022 സെപ്തംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്നാരംഭിച്ച പ്രസ്തുത യാത്ര 3,970 കിലോമീറ്റര്‍ സഞ്ചരിച്ച് 2003 ജനുവരി 30ന് കശ്മീരിലെ ശ്രീനഗറിലാണ് സമാപിച്ചത്.
ജനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് പാര്‍ലിമെന്റില്‍ സംസാരിക്കാന്‍ പ്രതിപക്ഷത്തിന് അവസരം നല്‍കാത്ത സാഹചര്യത്തിലാണ് ജോഡോ ന്യായ് യാത്ര സംഘടിപ്പിക്കുന്നതെന്നാണ് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറയുന്നത്. പ്രതിപക്ഷത്തെ വേട്ടയാടുകയും അവരുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തിന് വിലങ്ങ് സൃഷ്ടിക്കുകയു പാര്‍ലിമെന്റില്‍ പ്രതിപക്ഷ മെമ്പര്‍മാരെ കൂട്ടത്തോടെ പുറത്താക്കി ബില്ലുകള്‍ ഏകപക്ഷീയമായി പാസ്സാക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് രാജ്യത്ത് നിലവിലുള്ളത്. ഭരണ നേതൃത്വം ജനാധിപത്യത്തില്‍ നിന്ന് ഏകാധിപത്യത്തിലേക്കും സ്വേച്ഛാധിപത്യത്തിലേക്കും വ്യതിചലിച്ചു കൊണ്ടിരിക്കുന്നു. അതേസമയം പ്രതിപക്ഷത്തിന്റെ സ്വതന്ത്രമായ പ്രവര്‍ത്തനം ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകമാണ്. പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്തും സഹകരിപ്പിച്ചുമാണ് ജനകീയ സര്‍ക്കാറുകള്‍ മുന്നോട്ടു പോകേണ്ടത്. സര്‍ക്കാറിന്റെ തെറ്റായ പ്രവര്‍ത്തനങ്ങളെ തുറന്നു കാട്ടാനും വിമര്‍ശിക്കാനും ജനങ്ങളെ അതിനെതിരെ അണിനിരത്താനുമുള്ള പ്രതിപക്ഷത്തിന്റെ അവകാശം ജനാധിപത്യത്തിന്റെ ഭാഗമാണ്. വിമര്‍ശങ്ങളില്‍ ശരിയുണ്ടെങ്കില്‍ അതുള്‍ക്കൊള്ളുകയും അംഗീകരിക്കുകയും ചെയ്യുക. തെറ്റാണെങ്കില്‍ അക്കാര്യം ന്യായമായ മാര്‍ഗേണ ചൂണ്ടിക്കാട്ടുകയും ജനങ്ങളെ ബോധ്യപ്പെടുത്തുകയുമാണ് വേണ്ടത്. സംവാദങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടവും രാഷ്ട്രീയ ഭീരുത്വവും ഏകാധിപതികളുടെയും സ്വേച്ഛാധിപതികളുടെയും മുഖമുദ്രയുമാണ്.
നേരത്തേ നടന്ന ഭാരത് ജോഡോ സമ്മാനിച്ച നല്ല അനുഭവങ്ങളില്‍ നിന്നും നേട്ടങ്ങളില്‍ നിന്നും ആര്‍ജിച്ച ഊര്‍ജവുമായാണ് രാഹുല്‍ ഗാന്ധി രണ്ടാം യാത്രക്കൊരുങ്ങുന്നത്. പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളില്‍ ഹിന്ദി ബെല്‍റ്റില്‍ കോണ്‍ഗ്രസ്സിന് ഈ യാത്ര കാര്യമായ ഗുണം ചെയ്തില്ലെങ്കിലും പാര്‍ട്ടിക്ക് പുത്തനുണര്‍വ് പകരുകയുണ്ടായി. പൊതു തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുകയും പ്രതിപക്ഷ നിരയില്‍ പൂര്‍വോപരി ഐക്യം രൂപപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ഇപ്പോഴത്തെ യാത്ര. ഇത് പാര്‍ട്ടിക്കും പ്രതിപക്ഷ നിരയില്‍ മൊത്തത്തിലും കൂടുതല്‍ നേട്ടത്തിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. ഇതുകൂടിയായിരിക്കണം യാത്രയോടുള്ള ബി ജെ പിയുടെ രൂക്ഷമായ എതിര്‍പ്പിന് കാരണം.