Connect with us

from print

രാജ്യസഭാ തിരഞ്ഞെടുപ്പ് ഭൂരിപക്ഷത്തിന് ബി ജെ പി നാല് സീറ്റ് അകലെ

240 അംഗ രാജ്യസഭയില്‍ 121 ആണ് ഭൂരിപക്ഷത്തിനായി വേണ്ടത്

Published

|

Last Updated

ന്യൂഡല്‍ഹി  | രാജ്യസഭാ തിരഞ്ഞെടുപ്പില്‍ 30 സീറ്റുകളില്‍ ജയിച്ചെങ്കിലും ഭൂരിപക്ഷത്തിന് ബി ജെ പി നാല് സീറ്റുകള്‍ക്ക് അകലെ. 240 അംഗ രാജ്യസഭയില്‍ 121 ആണ് ഭൂരിപക്ഷത്തിനായി വേണ്ടത്. ഏപ്രിലില്‍ ഒഴിവു വരുന്ന 56 സീറ്റിലേക്ക് നടത്തിയ തിരഞ്ഞെടുപ്പിലാണ് 30 സീറ്റുകളില്‍ ബി ജെ പി വിജയിച്ചത്. ഇതില്‍ 20 സീറ്റില്‍ എതിരില്ലാതെയും പത്ത് സീറ്റില്‍ തിരഞ്ഞെടുപ്പിലൂടെയുമാണ് പ്രതിനിധികളെ തിരഞ്ഞെടുത്തത്. ഇതോടെ എന്‍ ഡി എ സഖ്യത്തിന്റെ അംഗബലം 117 ആയി. ഈ എം പിമാരില്‍ 97 പേരും ബി ജെ പിയില്‍ നിന്നുള്ളതാണ്. ഇവരില്‍ അഞ്ച് പേര്‍ നാമനിര്‍ദേശത്തിലൂടെ എത്തിയവരാണ്.

കോണ്‍ഗ്രസ്സിന് 29 എം പിമാരാണുള്ളത്. കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പില്‍ മൂന്ന് സംസ്ഥാനങ്ങളിലായി 15 സീറ്റുകളിലേക്കാണ് പ്രതിനിധികളെ തിരഞ്ഞെടുത്തത്. ക്രോസ് വോട്ടിംഗിലൂടെ നാടകീയമായ തിരഞ്ഞെടുപ്പില്‍ പത്ത് സീറ്റുകളാണ് ബി ജെ പി നേടിയത്. മൂന്ന് സീറ്റുകള്‍ കോണ്‍ഗ്രസ്സും രണ്ട് സീറ്റ് സമാജ്വാദി പാര്‍ട്ടിയും നേടി.

നേരത്തേയുണ്ടായിരുന്നതിനെക്കാള്‍ രണ്ട് സീറ്റ് ബി ജെ പിക്ക് അധികം ലഭിച്ചു. ഒന്ന് ഉത്തര്‍പ്രദേശില്‍ നിന്നും മറ്റൊന്ന് ഹിമാചലില്‍ നിന്നും. ഹിമാചലില്‍ കോണ്‍ഗ്രസ്സിലെ ആറ് എം എല്‍ എമാരും മൂന്ന് സ്വതന്ത്രരും ബി ജെ പിയുടെ ഹര്‍ഷ് മഹാജന് വോട്ട് ചെയ്തതോടെ, കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി അഭിഷേക് മനു സിംഗ്വി അപ്രതീക്ഷിത തോല്‍വി നേരിട്ടു.

ഇരു സ്ഥാനാര്‍ഥികള്‍ക്കും 34 വീതം വോട്ട് ലഭിച്ചതോടെ നടത്തിയ നറുക്കെടുപ്പിലാണ് ബി ജെ പി വിജയിച്ചത്. യു പിയിലെ പത്ത് സീറ്റില്‍ ബി ജെ പി എട്ടെണ്ണം നേടി. സമാജ്വാദി പാര്‍ട്ടിക്ക് രണ്ട് സീറ്റ്. പത്താം സീറ്റില്‍ ബി ജെ പിയും എസ് പിയും തര്‍ക്കമുന്നയിച്ചതോടെ പല തവണ നിര്‍ത്തിവെച്ച വോട്ടെണ്ണലിന്റെ ഫലം രാത്രി വൈകിയാണ് പ്രഖ്യാപിച്ചത്. ഈ സീറ്റിലേക്ക് എസ് പിയുടെ അലോക് രഞ്ജനും ബി ജെ പിയുടെ സഞ്ജയ് സേത്തും തമ്മിലുള്ള മത്സരത്തില്‍ എസ് പിയുടെ ഏഴ് എം എല്‍ എമാര്‍ കൂറുമാറി വോട്ട് ചെയ്തതോടെ ബി ജെ പി വിജയമുറപ്പിച്ചു. കര്‍ണാടകയിലെ നാല് രാജ്യസഭാ സീറ്റുകളില്‍ കോണ്‍ഗ്രസ്സ് മൂന്നും ബി ജെ പി ഒന്നും വീതം നേടി.

 

Latest