National
കൂടാരത്തിനുള്ളിലെ ഒട്ടകത്തെ പോലെയാണ് ബി.ജെ.പി: കപില്‍ സിബല്‍
ഇനിയും ബിജെപിക്കൊപ്പം തുടരുന്നത് പ്രത്യയശാസ്ത്രങ്ങളില്‍ ഉറച്ചുനില്‍ക്കാത്ത അവസരവാദികളാണ്.
ന്യൂഡല്‍ഹി| എ.ഐ.എ.ഡി.എം.കെ ബി.ജെ.പിയുമായുള്ള സഖ്യം ഉപേക്ഷിച്ച സാഹചര്യത്തില്‍ ബി.ജെ.പിക്കെതിരെ രാജ്യസഭാ എം.പി കപില്‍ സിബല്‍ രംഗത്ത്. കൂടാരത്തിനുള്ളിലെ ഒട്ടകത്തെ പോലെയാണ് ബി.ജെ.പിയെന്നും പ്രത്യയശാസ്ത്രങ്ങളില്‍ ഉറച്ചുനില്‍ക്കാത്ത അവസരവാദികളാണ് ബി.ജെ.പി സഖ്യത്തില്‍ തുടരുന്നതെന്നും കപില്‍ സിബല്‍ പറഞ്ഞു. എക്സിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.
ഇനിയും ബിജെപിക്കൊപ്പം തുടരുന്നത് പ്രത്യയശാസ്ത്രങ്ങളില്‍ ഉറച്ചുനില്‍ക്കാത്ത അവസരവാദികളാണ്. മഹാരാഷ്ട്രയിലെ പവാറും ഷിന്‍ഡെയും, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ സഖ്യങ്ങളും അങ്ങനെയാണെന്നും സിബല്‍ വ്യക്തമാക്കി.
ബിജെപിയുമായുള്ള നാലുവര്‍ഷത്തെ സഖ്യകക്ഷി ബന്ധമാണ് എഐഎഡിഎംകെ അവസാനിപ്പിച്ചത്. ചെന്നൈയിലെ എഐഎഡിഎംകെ ആസ്ഥാനത്ത് പാര്‍ട്ടി അധ്യക്ഷന്‍ എടപ്പാടി കെ പളനിസ്വാമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലായിരുന്നു തീരുമാനം. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രത്യേക മുന്നണിയെ നയിക്കുമെന്നും എഐഎഡിഎംകെ അറിയിച്ചു.
എഐഎഡിഎംകെയ്ക്കും നേതാക്കള്‍ക്കുമെതിരെ ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ നടത്തിയ വിവാദ പരാമര്‍ശത്തിന് പിന്നാലെ ഇരുപാര്‍ട്ടികളും തമ്മില്‍ ഭിന്നത രൂപപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സഖ്യം അവസാനിപ്പിക്കാനുള്ള എഐഎഡിഎംകെയുടെ തീരുമാനം.