National
ശ്രദ്ധ തിരിച്ചുവിടാൻ ബിജെപി ഹിന്ദു - മുസ്‍ലിം വിദ്വേഷം പ്രചരിപ്പിക്കുന്നു: രാഹുൽ ഗാന്ധി
തന്റെ യാത്രക്കിടെ ഒരിടത്തും ഒരു വിദ്വേഷവും കണ്ടിട്ടില്ലെന്നും വിദ്വേഷം ടി വി സ്ക്രീനുകളിൽ മാത്രമാണെന്നും രാഹുൽ ഗാന്ധി
ന്യൂഡൽഹി | യഥാർഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാൻ ബിജെപി ഹിന്ദു – മുസ്‍ലിം വിദ്വേഷം പ്രചരിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭരിക്കുന്നത് നരേന്ദ്ര മോദി സർക്കാർ അല്ലെന്നും അംബാനി അദാനി സർക്കാറാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭാരത് ജോഡോ യാത്രക്കിടെ ചെങ്കോട്ടയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽ.
2800 കിലോമീറ്റർ നടന്നാണ് ഞാൻ ഇവിടെ എത്തിയത്. എന്റെ യാത്രക്കിടെ ഒരിടത്തും ഒരു വിദ്വേഷവും കണ്ടിട്ടില്ല. എന്നാൽ 24 മണിക്കൂറും വിദ്വേഷ പ്രചാരണം നടത്തുന്ന തിരക്കിലാണ് ബിജെപിയെന്നും അദ്ദേഹം വ്യക്തമാക്കി. ടി വി സ്ക്രീനുകളിൽ മാത്രമാണ് വിദ്വേഷം കാണുന്നതെന്നും രാഹുൽ പറഞ്ഞു.
തന്റെ മുഖച്ഛായ തകർക്കാൻ നരേന്ദ്ര മോദിയും ബിജെപിയും കോടികളാണ് ചെലവഴിക്കുന്നതെന്നും എന്നാൽ ഒരു മാസത്തിനുള്ളിൽ സത്യം എന്താണെന്ന് താൻ രാജ്യത്തിന് കാണിച്ചുകൊടുത്തുവെന്നും രാഹുൽ പറഞ്ഞു. തന്റെ അഭ്യർഥന പ്രകാരം സ്നേഹം വിതരണം ചെയ്യുന്ന ലക്ഷക്കണക്കിന് ഷോപ്പുകൾ കോൺഗ്രസ് പ്രവർത്തകർ തുറന്നുവെന്നും രാഹുൽ കൂട്ടിച്ചേർത്തു.
ന്യൂഡൽഹിയിലെ പര്യടനത്തിന് ശേഷം യാത്ര ഇന്ന് ചെങ്കോട്ടയിൽ സമാപിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, നടൻ കമൽ ഹാസൻ തുടങ്ങിയവർ യാത്രയിൽ പങ്കെടുത്തു.