Connect with us

National

സ്വാതന്ത്ര്യം ലഭിച്ചത് മുതല്‍ ഏറ്റവും അധികം അഴിമതി നടത്തിയ പാര്‍ട്ടി ബിജെപി; സഞ്ജയ് സിങ്

ഇലക്ടറല്‍ ബോണ്ട് അഴിമതിയില്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും സഞ്ജയ് സിങ് പറഞ്ഞു.

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതു മുതല്‍ ഏറ്റവും അധികം അഴിമതി നടത്തിയ പാര്‍ട്ടി ബിജെപിയാണെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും എം.പിയുമായ സഞ്ജയ് സിങ്. ഇലക്ടറല്‍ ബോണ്ട് അഴിമതിയില്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും സഞ്ജയ് സിങ് പറഞ്ഞു. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ആറ് മാസത്തോളം തിഹാര്‍ ജയിലില്‍ കഴിഞ്ഞ സഞ്ജയ് സിങിന് ദിവസങ്ങള്‍ക്ക് മുമ്പാണ് സുപ്രീംകോടതി ജാമ്യം നല്‍കിയത്. ബി.ജെ.പിയാണ് മദ്യനയ അഴിമതി നടത്തിയതെന്നും ഇപ്പോഴും അവരില്‍ നിന്ന് പണം കണ്ടെത്തുന്നതായും സഞ്ജയ് സിങ് ആരോപിച്ചു.

2023 ഒക്ടോബര്‍ നാലിനാണ് സഞ്ജയ് സിങിനെ ഇഡി അറസ്റ്റ് ചെയ്തത്. ഡല്‍ഹി മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലായിരുന്നു അറസ്റ്റ്.
ആറു മാസത്തിനു ശേഷമാണ് സഞ്ജയ് സിംഗിന് ജാമ്യം ലഭിക്കുന്നത്. സഞ്ജയ് സിംഗിന് രാഷ്ട്രീയ പ്രവര്‍ത്തനം തുടരാന്‍ തടസ്സമില്ലെന്ന് പരമോന്നത കോടതി വ്യക്തമാക്കിയിട്ടുണ്ട്.

കേസില്‍ ഇ ഡിക്കെതിരെ കോടതി വിമര്‍ശനമുന്നയിച്ചു. സഞ്ജയ് സിംഗിനെതിരെ തെളിവ് ഹാജരാക്കാനായില്ല. പണം കണ്ടെത്താനും ഇ ഡിക്കായില്ലെന്ന് കോടതി പറഞ്ഞു. മാപ്പു സാക്ഷിയായ ദിനേശ് അറോറയുടെ മൊഴിയില്‍ സഞ്ജയ് സിംഗിനെ കുറിച്ച് പരാമര്‍ശമില്ല. സത്യത്തിന്റെ വിജയമാണ് സുപ്രീം കോടതി വിധിയിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് എ എ പി പ്രതികരിച്ചു. ബി ജെ പിയുടെ ഗൂഢാലോചന പുറത്തു വരുന്ന കാര്യം വിദൂരമല്ലെന്നും പാര്‍ട്ടി പറഞ്ഞു.

കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും അറസ്റ്റ് ചെയ്തിരുന്നു. ഈ മാസം പതിനഞ്ച് വരെ അദ്ദേഹത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. മന്ത്രിയായിരുന്ന മനീഷ് സിസോദിയയും ഇതേ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

 

 

 

 

Latest