Connect with us

Kerala

ഡല്‍ഹിയില്‍ വര്‍ഗീയ നീക്കവുമായി ബി ജെ പി; മുസ്തഫാബാദ് മണ്ഡലം ശിവപുരിയാക്കും

2020-ല്‍ സംഘപരിവാര്‍ നടത്തിയ കുപ്രസിദ്ധമായ ഡല്‍ഹി കലാപത്തില്‍ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട പ്രദേശങ്ങളിലൊന്നായിരുന്നു മുസ്തഫാബാദ്

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യ തലസ്ഥാനത്ത് ഭരണം പിടിച്ചതോടെ ബി ജെ പി വര്‍ഗീയ നീക്കം ശക്തമാക്കി. തിരഞ്ഞെടുപ്പ് അന്തരീക്ഷത്തില്‍ വികസന കാര്യങ്ങളാണ് പറഞ്ഞിരുന്നതെങ്കില്‍ വിജയ ശേഷം യഥാര്‍ഥമുഖം ബി ജെ പി പുറത്തെടുക്കുകയാണ്.

മുസ്തഫാബാദ് മണ്ഡലത്തിന്റ പേര് ശിവപുരി എന്ന് മാറ്റുമെന്ന പ്രഖ്യാപനവുമായി നിയുക്ത ബി ജെ പി എം എല്‍ എ മോഹന്‍ സിംഗ് ബിഷ്ട് രംഗത്തുവന്നു. മുസ്തഫാബാദിന്റെ പേര് ശിവപുരി അല്ലെങ്കില്‍ ശിവ് വിഹാര്‍ എന്നാക്കി മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

ആം ആദ്മി സ്ഥാനാര്‍ഥി അദീല്‍ അഹമ്മദ് ഖാനെ 17,578 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബിഷ്ത് സീറ്റ് നേടിയത്. മണ്ഡലത്തിന്റെ ജനസംഖ്യാ ഘടനയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനിടയിലാണ് എം എല്‍ എ ഈ പ്രസ്താവന നടത്തിയത്. മോഹന്‍ സിംഗ് ബിഷ്ട് എ എന്‍ ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഈ വിഭജന നിര്‍ദ്ദേശം മുന്നോട്ടു വച്ചത്. മുസ്തഫാബാദ് എന്ന പേര് കാരണം, വിദ്യാസമ്പന്നരായ ആളുകള്‍ ഇവിടെ വന്ന് സ്ഥിരതാമസമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 45 ശതമാനം മുസ്ലീങ്ങളാണ് ഇവിടെ ഉള്ളത്. എന്നാല്‍ ഞാന്‍ എവിടെ യാത്ര ചെയ്തിട്ടുണ്ടെങ്കിലും അവിടെയെല്ലാം മുസ്ലീങ്ങള്‍ 60 ശതമാനവും ഹിന്ദുക്കള്‍ 40 ശതമാനവുമാണെന്ന് കണ്ടിട്ടുണ്ട്. ഞങ്ങള്‍ ഒരു സെന്‍സസ് നടത്തുകയും മുസ്തഫാബാദിന്റെ പേര് ശിവ് വിഹാര്‍ അല്ലെങ്കില്‍ ശിവപുരി എന്നു മാറ്റുകയും ചെയ്യും -അദ്ദേഹം പറഞ്ഞു.

2020-ല്‍ സംഘപരിവാര്‍ നടത്തിയ കുപ്രസിദ്ധമായ ഡല്‍ഹി കലാപത്തില്‍ മുസ്തഫാബാദ് ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട പ്രദേശങ്ങളിലൊന്നായിരുന്നു. പൗരത്വ ഭേദഗതി നിയമം (സി എ എ) നടപ്പിലാക്കിയതിനെത്തുടര്‍ന്ന് നടന്ന സമരത്തിനെതിരെ സംഘപരിവാര്‍ ഇളക്കിവിട്ട വര്‍ഗീയ കലാപത്തില്‍ നിരവധി വീടുകളും കടകളും മതസ്ഥലങ്ങളും ആക്രമിക്കപ്പെട്ടു. കലാപത്തില്‍ നിരവധിപേര്‍ കൊല്ലപ്പെടുകയും നാടുകടത്തപ്പെടുകയും ചെയ്തിരുന്നു.

 

Latest