Kerala
ബി ജെ പി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
സന്ദീപിനെ കെ പി സി സി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഷാള്‍ അണിയിച്ച് സ്വീകരിച്ചു
പാലക്കാട് : ബി ജെ പി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് വാര്യര്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. കെ പി സി സി വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ എത്തിയ സന്ദീപ് വാര്യര്‍ തന്റെ കോണ്‍ഗ്രസ് പ്രവേശനം പ്രഖ്യാപിച്ചു. വര്‍ഗീയ രാഷ്ട്രീയ ഉപേക്ഷിച്ച് കോണ്‍ഗ്രസ് രാഷ്ട്രീയം സ്വീകരിച്ച സന്ദീപിനെ കെ പി സി സി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഷാള്‍ അണിയിച്ച് സ്വീകരിച്ചു. യു ഡി എഫ് നേതാക്കളെല്ലാം വേദിയിലുണ്ടായിരുന്നു.
കോണ്‍ഗ്രസുമായി കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് സന്ദീപിന്റെ നിര്‍ണായക നീക്കം. പാലക്കാട് തെരഞ്ഞെടുപ്പ് അന്തിമ ഘട്ടത്തിലേക്ക് നീങ്ങവേയാണ് ബി ജെ പി ക്യാമ്പിന് അപ്രതീക്ഷിത പ്രഹരമേല്‍പ്പിച്ച് പ്രമുഖ നേതാവിന്റെ കൂടുമാറ്റം. രണ്ടാഴ്ചയോളം നീണ്ടു നിന്ന ചര്‍ച്ചക്ക് ഒടുവില്‍ ഇന്നലെ രാത്രി എ ഐ സി സിയും സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തിന് അനുമതി നല്‍കിയതോടെയാണ് നിര്‍ണായക പ്രഖ്യാപനത്തിലേക്ക് എത്തിയത്.
ഉപതെരഞ്ഞെടുപ്പിന്റെ നിര്‍ണ്ണായകഘട്ടത്തില്‍ നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച സന്ദീപ് വാര്യര്‍ കടുത്ത പ്രതിസന്ധി ബി ജെ പിക്കുണ്ടാക്കിയാണ് പാര്‍ട്ടി വിടുന്നത്. പാലക്കാട് സീറ്റ് നിഷേധിച്ചതിനൊപ്പം പാര്‍ട്ടിയില്‍ നിന്ന് നേരിടുന്ന അവഗണനയാണ് സന്ദീപിനെ കൂടുതല്‍ ചൊടിപ്പിച്ചത്. നേരത്തെ ചില പരാതികളുടെ പേരില്‍ സന്ദീപിനെ വക്താവ് സ്ഥാനത്തുനിന്നടക്കം ചുമതലകളില്‍ നിന്ന് മാറ്റിയിരുന്നു. പിന്നീട് ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് കെ സുരേന്ദ്രന്‍ തന്നെയാണ് സന്ദീപിനെ തിരികെ നേതൃനിരയിലേക്കെത്തിക്കാന്‍ മുന്‍കയ്യെടുത്തത്.
ഇതിന് ശേഷവും തന്നെ വേണ്ട രീതിയില്‍ പരിഗണിക്കുന്നില്ലെന്ന പരാതി സന്ദീപ് ഉയര്‍ത്തിയിരുന്നു. ബി ജെ പിയുമായി ഇടഞ്ഞ സന്ദീപ് സി പി എമ്മിലേക്ക് എന്ന സൂചനയുണ്ടായിരുന്നു. ആദ്യം ബി ജെ പിയുടെ വര്‍ഗീയ രാഷ്ട്രീയത്തെ തള്ളി മതനിരപേക്ഷ നിലപാട് സന്ദീപ് പരസ്യമായി പറഞ്ഞിട്ടുമതി ചര്‍ച്ചകള്‍ എന്നായിരുന്നു സി പി എം തീരുമാനം. ഇതോടെയാണ് സന്ദീപ് കോണ്‍ഗ്രസ് വഴിയിലേക്ക് എത്തിയത്.