pc george hate case
പി സി ജോര്‍ജിന് പിന്തുണയുമായി ബി ജെ പി നേതാക്കള്‍ പോലീസ് സ്‌റ്റേഷനില്‍; നിയമം പാലിക്കുമെന്ന് പി സി
ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം സമ്പാദിച്ച ശേഷമാണ് സ്റ്റേഷനില്‍ കീഴടങ്ങാനെത്തിയത്.

കൊച്ചി | അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലെ വിദ്വേഷ പ്രസംഗക്കേസിലെ ജാമ്യം കോടതി റദ്ദാക്കിയ പശ്ചാത്തലത്തില്‍ നിയമം പാലിക്കുമെന്ന പ്രതികരണവുമായി ജനപക്ഷം നേതാവ് പി സി ജോര്‍ജ്. വെണ്ണല വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരാകാനെത്തിയപ്പോഴായിരുന്നു പി സി ജോര്‍ജിന്റെ പ്രതികരണം. മകന്‍ ഷോണ്‍ ജോര്‍ജിനൊപ്പം വൈകിട്ട് മൂന്നിന് ശേഷമാണ് ജോര്‍ജ് പോലീസ് സ്‌റ്റേഷനിലെത്തിയത്. വെണ്ണല കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പി സി ജോര്‍ജ്, ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം സമ്പാദിച്ച ശേഷമാണ് സ്റ്റേഷനില്‍ കീഴടങ്ങാനെത്തിയത്.
അതേസമയം, പി സി ജോര്‍ജിന് പിന്തുണയുമായി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ അടക്കമുള്ള ബി ജെ പി നേതാക്കള്‍ പാലാരിവട്ടം സ്റ്റേഷനിലെത്തി. തൃക്കാക്കര എന്‍ ഡി എ സ്ഥാനാര്‍ഥി എ എന്‍ രാധാകൃഷ്ണന്‍, പി കെ കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കളും ഇവിടെയെത്തിയിട്ടുണ്ട്. പി സിയെ വേട്ടയാടുന്നുവെന്നാണ് ബി ജെ പി നേതാക്കളുടെ അവകാശവാദം.
അതിനിടെ, പി സി ജോര്‍ജിനെതിരെ പ്രതിഷേധവുമായി പി ഡി പി പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന് മുന്നിലെത്തി. ഇതോടെ ബി ജെ പി പ്രവര്‍ത്തകരും സംഘടിച്ചെത്തി പി സിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ഇതിന് ശേഷമാണ് ബി ജെ പി നേതാക്കള്‍ ഇവിടെയെത്തിയത്. വെണ്ണല വിദ്വേഷ പ്രസംഗ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തി പി സിയെ ജാമ്യത്തില്‍ വിടും. എന്നാല്‍, അനന്തപുരി വിദ്വേഷ പ്രസംഗ കേസില്‍ തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സംഘം പി സിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്യും.